LiveTV

Live

Entertainment

'സോഷ്യല്‍ മീഡിയയില്‍ സമയം കളയണോ അതോ മറ്റുള്ളവരെ സഹായിക്കണോയെന്ന് തീരുമാനിക്കുക'; അതിഥി തൊഴിലാളികള്‍ക്ക് ബസ് ഏര്‍പ്പാടാക്കി സോനു സൂദ്

'സോഷ്യല്‍ മീഡിയയില്‍ സമയം കളയണോ അതോ മറ്റുള്ളവരെ സഹായിക്കണോയെന്ന് തീരുമാനിക്കുക'; അതിഥി തൊഴിലാളികള്‍ക്ക്  ബസ് ഏര്‍പ്പാടാക്കി സോനു സൂദ്

ലോക്ക്ഡൗണിനെ തുടര്‍ന്ന് കുടുങ്ങിയ അതിഥി തൊഴിലാളികള്‍ക്ക് വീടുകളിലേക്ക് മടങ്ങാന്‍ ബസ് ഏര്‍പ്പാടാക്കി നടന്‍ സോനു സൂദ്. മഹാരാഷ്ട്രയില്‍ കുടുങ്ങിയ തൊഴിലാളികള്‍ക്ക് പോകാനായാണ് താരം ബസ് ഏര്‍പ്പാടാക്കിയത്. കര്‍ണാടകയിലേക്ക് ഇതിനകം ആളുകളുമായി ബസ് പോയി. ബിഹാര്‍, ഒഡിഷ, ജാര്‍ഖണ്ഡ്, ഉത്തര്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലേക്കും ബസ് ഏര്‍പ്പെടുത്തുമെന്ന് സോനു സൂദ് പറഞ്ഞു.

അവർ സന്തോഷത്തോടെ വീടുകളിലേക്ക് പോകുന്നത് സംതൃപ്തി നല്‍കുന്ന കാഴ്ചയാണ്. എൻ‌ജി‌ഒകളുമായും ചേര്‍ന്നാണ് അതിഥി തൊഴിലാളികള്‍ക്കായി ഇടപെടുന്നതെന്ന് സോനു സൂദ് പറഞ്ഞു. നേരത്തെ പഞ്ചാബിലെ ആരോഗ്യപ്രവര്‍ത്തകര്‍ക്കായി 1500 പിപിഇ കിറ്റുകള്‍‌‍‍ സോനു സൂദ് നല്‍കിയിരുന്നു. കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് താമസിക്കാന്‍ ഹോട്ടല്‍ വിട്ടുനല്‍കുമെന്നും സോനു പറഞ്ഞു.

“ഡോക്ടർമാർ, നഴ്‌സുമാർ, പോലീസുകാർ, മറ്റ് സന്നദ്ധ പ്രവർത്തകർ എന്നിവരെല്ലാം നിസ്വാർത്ഥരായി ചുമതലകൾ നിർവഹിക്കുന്നതിനെക്കുറിച്ച് വായിക്കുമ്പോൾ പ്രചോദനം തോന്നുന്നു. എനിക്കറിയാം, ഒരു നടനെന്ന നിലയിൽ ഇത് എന്റെ ജോലിയല്ല. പക്ഷേ ഞാൻ അത്തരം കാര്യങ്ങൾ ചെയ്യുകയാണെങ്കിൽ, മറ്റുള്ളവരും ഈ ആളുകളെ സഹായിച്ചേക്കാം. ഞാൻ‌ സാമൂഹിക അകലം പാലിക്കുകയും എല്ലാ മുൻകരുതലുകളും എടുക്കുകയും ചെയ്യുന്നുണ്ട്. സർക്കാരുകൾ കുടുങ്ങിക്കിടക്കുന്ന ആളുകൾക്കും കുറച്ച് പ്രത്യാശ നൽകുമെന്ന് ഞാൻ കരുതുന്നു. കുറച്ച് സമയമെടുക്കുമെങ്കിലും അവരെയെല്ലാം വീടുകളിലെത്തിക്കാനാവും"- സോനു സൂദ് പറഞ്ഞു.

സോഷ്യൽ മീഡിയയിൽ സ്‌ക്രോൾ ചെയ്ത് സമയം കളയണോ അതോ ആ സമയം മറ്റുള്ളവരെ സഹായിക്കാനായി ചെലവഴിക്കണോ എന്ന് സ്വയം തീരുമാനിക്കാം. ഒരുമിച്ച് നമുക്ക് കോവിഡിനെതിരെ പോരാടാം. അതിഥി തൊഴിലാളികൾക്കുള്ള ഗതാഗതം, അതിനായി സർക്കാരിന്‍റെ അനുമതി വാങ്ങല്‍, അവര്‍ക്ക് ഭക്ഷണം ഏര്‍പ്പാടാക്കുക തുടങ്ങിയ കാര്യങ്ങൾ ഏകോപിപ്പിക്കുകയാണ്. ഏറെ സന്തോഷവും സംതൃപ്തിയും തോന്നുന്നുവെന്നും സോനു സൂദ് പറഞ്ഞു.