LiveTV

Live

Entertainment

‘’തുപ്പല്ലേ നമ്മള്‍ തോറ്റുപോകും’': കോവിഡ് പോരാളികള്‍ക്ക് ഐക്യദാര്‍ഢ്യവുമായി ഒരു മ്യൂസിക് ആല്‍ബം

കോവിഡ് പ്രതിരോധത്തിന്റെ രണ്ടാഘട്ട കാമ്പയിനിന്റെ മുദ്രാവാക്യമായ തുപ്പല്ലേ നമ്മൾ തോറ്റുപോകും എന്ന ആശയത്തെ മുന്‍നിര്‍ത്തിയാണ് ആല്‍ബം നിര്‍മ്മിച്ചിരിക്കുന്നത്.

‘’തുപ്പല്ലേ നമ്മള്‍ തോറ്റുപോകും’': കോവിഡ് പോരാളികള്‍ക്ക് ഐക്യദാര്‍ഢ്യവുമായി ഒരു മ്യൂസിക് ആല്‍ബം

സംസ്ഥാന സര്‍ക്കാരിന്റെ കോവിഡ് 19 പ്രതിരോധത്തിന്റെ ആദ്യഘട്ട കാമ്പയിനിന്റെ മുദ്രാവാക്യമായിരുന്നു, ‘’ബ്രേക്ക് ദ ചെയിന്‍’’ എന്നതെങ്കില്‍ രണ്ടാംഘട്ട കാമ്പയിനിന്റെ മുദ്രാവാക്യമാണ്, ‘’തുപ്പല്ലേ നമ്മള്‍ തോറ്റുപോകു’’മെന്നത്. കോവിഡ് 19 എന്ന മഹാമാരി ലോകത്തെ മുഴുവൻ ഇന്നും ഭീതിയിലാഴ്ത്തി കൊണ്ടിരിക്കെ, ലോകത്തിനു മാതൃകയാകും വിധം പ്രതിരോധത്തിന്റെ നവമാതൃക സൃഷ്ടിച്ചെടുക്കാന്‍ കേരളത്തെ പ്രാപ്തയാക്കിയെടുത്തതില്‍ ഈ മുദ്രാവാക്യങ്ങള്‍ക്ക് അതിന്റേതായി പ്രാധാന്യമുണ്ട്.

സംസ്ഥാനത്തെ കോവിഡ് മുക്തമാക്കിയെടുക്കാനുള്ള പോരാട്ടത്തെ മുന്നിൽ നിന്നു നയിക്കുന്ന ആരോഗ്യപ്രവർത്തകർ, പോലീസ് സേന, സാമൂഹിക പ്രവർത്തകർ എന്നിവർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഇപ്പോഴിതാ അതേ പേരില്‍ ഒരു മ്യൂസിക് ആല്‍ബവും. കലാകാരന്മാരുടെ കൂട്ടായ്മയായ പാട്ടുചന്തയാണ് ഈ മ്യൂസിക് ആല്‍ബം ഒരുക്കിയിരിക്കുന്നത്. കോവിഡ് പ്രതിരോധത്തിന്റെ രണ്ടാഘട്ട കാമ്പയിനിന്റെ മുദ്രാവാക്യമായ തുപ്പല്ലേ നമ്മൾ തോറ്റുപോകും എന്ന ആശയത്തെ മുന്‍നിര്‍ത്തിയാണ് ആല്‍ബം നിര്‍മ്മിച്ചിരിക്കുന്നത്. ആല്‍ബത്തിന് നല്‍കിയിരിക്കുന്ന പേരും അതുതന്നെ. മിനേഷ് മണക്കാടാണ് ഗാനത്തിന്റെ വരികൾ ഒരുക്കിയിരിക്കുന്നത്.

ഷൈൻ വെങ്കിടങാണ് സംഗീതം നല്‍കി ഗാനം ആലപിച്ചിരിക്കുന്നത്, കൂടെ അദ്ദേഹത്തിന്റെ മകൾ പ്രാർത്ഥന ഷൈനും. കലാഭവൻ മണിയുടെ ആലാപനത്തിലൂടെ ഹിറ്റുകളായ, പകലു മുഴുവൻ പണിയെടുത്തു, ഇക്കൊല്ലം നമുക്ക്, ചാലക്കുടി ചന്തക്ക് തുടങ്ങിയ ഗാനങ്ങളുടെ സൃഷ്ടാവ് അറുമുഖൻ വെങ്കിടങ്ങിന്റെ മകനാണ് ഷൈൻ വെങ്കിടങ്. മലയൻ എന്ന സിനിമയിലെ കളിയാട്ട കാലമായി എന്ന ഗാനത്തിന്റെ സംഗീത സംവിധായകനുമാണ് ഷൈൻ വെങ്കിടങ്.