LiveTV

Live

Entertainment

ഇര്‍ഫാന്‍ ഖാനുമായുള്ള സൗഹൃദം തിരക്കഥയാക്കി വിശാല്‍ ഭരദ്വാജ്

ഇര്‍ഫാന്‍ ഖാനുമായുള്ള സൗഹൃദം തിരക്കഥയാക്കി വിശാല്‍ ഭരദ്വാജ്

നടന്‍ ഇര്‍ഫാന്‍ ഖാന്‍ അന്തരിച്ച് പതിമൂന്ന് ദിവസം പിന്നിട്ട വേളയില്‍ നടനുമൊത്തുള്ള സൗഹൃദാനുഭവങ്ങള്‍ തിരക്കഥയാക്കി ബോളിവുഡ് സംവിധായകന്‍ വിശാല്‍ ഭരദ്വാജ്. ടൈംസ് ഓഫ് ഇന്ത്യയില്‍ പ്രസിദ്ധീകരിച്ച ഹ്രസൃ തിരക്കഥ ഇര്‍ഫാനുമായുള്ള ആത്മബന്ധം വികാരഭരിതമായി അവതരിപ്പിക്കുന്നതാണ്. 'ഇര്‍ഫാന്‍ ആന്‍ഡ് ഐ' എന്ന് പേരിട്ട തിരക്കഥ താരത്തിന്‍റെ മരണദിനം തൊട്ട് പിറകിലോട്ട് വിശാല്‍ ഓര്‍മ്മിക്കുന്നതായിട്ടാണ് അവതരിപ്പിക്കുന്നത്.

ആദ്യമായി ക്രിക്കറ്റ് നെറ്റ് മാച്ചിനിടെ കണ്ട് പരിചയപ്പെട്ട ഇര്‍ഫാനെ പിന്നീട് കൂടുതല്‍ അടുത്തറിയുന്നത് ഹൈദര്‍ സിനിമയുടെ ചിത്രീകരണ വേളയിലാണെന്ന് സന്ദര്‍ഭങ്ങള്‍ കോര്‍ത്തിണക്കി വിശാല്‍ ഭരദ്വാജ് ഓര്‍ത്തെടുക്കുന്നു. ഇര്‍ഫാന്‍ ഒരു പോരാളിയായിരുന്നെന്നും അദ്ദേഹം ഈ യുദ്ധത്തില്‍ വിജയിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നതായും വിശാല്‍ ഓര്‍ത്തെടുക്കുന്നു. ഇര്‍ഫാന്‍റെ മരണവാര്‍ത്ത വിശ്വസിക്കാന്‍ കഴി‍ഞ്ഞിരുന്നില്ലെന്നും മരണവാര്‍ത്ത ഉറപ്പിച്ച സമയം തന്‍റെ തന്നെ പാതി മരണപ്പെട്ടതായും വിശാല്‍ പറയുന്നു. ഹൈദറിലെ റൂഹ്ദാറിനെയും ചിത്രീകരണത്തിനിടയിലെ മറക്കാനാകാത്ത ഓര്‍മ്മകളും കോറിയിടുന്നതാണ് വിശാലിന്‍റെ തിരക്കഥ. വിശാല്‍ ഭരദ്വാജിന്‍റെ മഖ്ബൂല്‍, 7 ഖൂന്‍ മാഫ്, തല്‍വാര്‍, മദാരി എന്നീ ചിത്രങ്ങളില്‍ ഇര്‍ഫാന്‍ ഖാന്‍ പ്രധാനപ്പെട്ടതും ശ്രദ്ധേയവുമായ വേഷങ്ങളിലെത്തിയിരുന്നു. 53 ക്കാരനായ ബോളിവുഡ് നടന്‍ ഇര്‍ഫാന്‍ ഖാന്‍ ഇക്കഴി‍ഞ്ഞ ഏപ്രില്‍ 29നാണ് അര്‍ബുദ രോഗത്തെതുടര്‍ന്ന് മരണത്തിന് കീഴടങ്ങുന്നത്.