LiveTV

Live

Entertainment

സത്യൻ മാഷ് പകർന്നാടിയ കൊച്ചുണ്ണിയെ സീരിയലിൽ അവതരിപ്പിക്കാൻ ഷമ്മിയല്ലാതെ മറ്റൊരാളില്ല; മിനിസ്ക്രീനില്‍ നിന്നും കിട്ടിയ ‘തേപ്പി’നെക്കുറിച്ച് തുറന്നു പറഞ്ഞ് ഷമ്മി തിലകന്‍

സിനിമയിൽ നിന്നും തുടക്കം മുതലേ ഒരുപാട് “തേപ്പ്” കിട്ടിയിട്ടുള്ള..; ഇപ്പോഴും കിട്ടിക്കൊണ്ടിരിക്കുന്ന..; നാളെയും കിട്ടും എന്ന് ഉറപ്പുള്ള അപൂർവ്വ ജനുസ്സിൽപ്പെട്ട ഒരു ജീവിയാണ് ഞാൻ

സത്യൻ മാഷ് പകർന്നാടിയ കൊച്ചുണ്ണിയെ സീരിയലിൽ അവതരിപ്പിക്കാൻ ഷമ്മിയല്ലാതെ മറ്റൊരാളില്ല; മിനിസ്ക്രീനില്‍ നിന്നും കിട്ടിയ ‘തേപ്പി’നെക്കുറിച്ച് തുറന്നു പറഞ്ഞ് ഷമ്മി തിലകന്‍

ലോക്ഡൌണ്‍ കാലത്ത് തന്റെ സിനിമാവിശേഷങ്ങള്‍ പങ്കുവയ്ക്കുകയാണ് നടന്‍ ഷമ്മി തിലകന്‍.പഴയ കാല അനുഭവങ്ങളെക്കുറിച്ചുള്ള ഷമ്മിയുടെ ഫേസ്ബുക്ക് കുറിപ്പുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. മിനിസ്ക്രീനില്‍ നിന്നും കിട്ടിയ ഒരു തേപ്പിനെക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് താരം.

ഷമ്മിയുടെ പോസ്റ്റ് വായിക്കാം

ഒരു_തേപ്പ്_കഥ. സിനിമയിൽ നിന്നും തുടക്കം മുതലേ ഒരുപാട് "തേപ്പ്" കിട്ടിയിട്ടുള്ള..; ഇപ്പോഴും കിട്ടിക്കൊണ്ടിരിക്കുന്ന..; നാളെയും കിട്ടും എന്ന് ഉറപ്പുള്ള അപൂർവ്വ ജനുസ്സിൽപ്പെട്ട ഒരു ജീവിയാണ് ഞാൻ..! ആ ജനുസ്സിലേക്ക് ഇനിയൊരാൾ കൂടി വന്നു വീഴാതിരിക്കട്ടേ എന്ന സൽചിന്തയാൽ..; എനിക്ക് കിട്ടിയ അനേകം "തേപ്പ്കഥകളിൽ" ഒരെണ്ണം ഞാനിവിടെ പങ്കുവെക്കുന്നു..!!

2004-ൽ സൂര്യ ടിവി ടെലികാസ്റ്റ് ചെയ്ത ജനപ്രിയ സീരിയൽ #കായംകുളം_കൊച്ചുണ്ണിയിൽ, നായകകഥാപാത്രം "കൊച്ചുണ്ണി" ആയി വേഷമിടാൻ, സംവിധായകനും, എഴുത്തുകാരനും കൂടി എന്നെ സമീപിച്ചു.ആദ്യ 10 എപ്പിസോഡ് കൊച്ചുണ്ണിയുടെ അറസ്റ്റ്, വിചാരണ നടപടി, ജയിൽവാസം ഒക്കെയാണെന്നും..; അങ്ങനെ ജയിലിൽ കിടക്കുന്ന കൊച്ചുണ്ണിയുടെ ഓർമ്മയായി കാണിക്കുന്ന കൊച്ചുണ്ണിയുടെ ബാല്യം ആണ് തുടർന്നുള്ള 40 എപ്പിസോഡുകൾ എന്നും..; ആ 40 എപ്പിസോഡുകളും കഴിഞ്ഞാൽ, വീണ്ടും ഞാൻ ചെയ്യുന്ന മുതിർന്ന കൊച്ചുണ്ണിയുടെ തിരിച്ചുവരവ് ആണെന്നും.; അവിടം മുതലായിരിക്കും യഥാർത്ഥ കായംകുളം കൊച്ചുണ്ണിയുടെ കഥ പറയുന്നതെന്നും മറ്റുമാണ് 50 എപ്പിസോഡിന്റെ വിശദമായ സ്ക്രിപ്റ്റ് വായിച്ച് ബോധ്യപ്പെടുത്തി എന്നെ അന്നവർ വളച്ചെടുത്തത്..!!

സിനിമയിൽ സത്യൻ മാഷ് പകർന്നാടിയ കൊച്ചുണ്ണിയെ സീരിയലിൽ അവതരിപ്പിക്കാൻ ഷമ്മി തിലകൻ അല്ലാതെ മറ്റൊരാളില്ല ; എന്നൊക്കെയുള്ള ആ "വിദ്വാന്മാരുടെ" തള്ളലിൽ മതിമറന്ന്, എഗ്രിമെൻറ് പോലും വെക്കാതെയാണ് ഞാൻ അഭിനയിക്കാൻ തയ്യാറായത്..! എന്തിനധികം..; പത്തിരുപത് ദിവസം കഷ്ടപ്പെട്ട് ജോലി ചെയ്തതിൻറെ ശമ്പളം പോലും ഈ മരമണ്ടൻ അന്ന് വാങ്ങിയില്ല, അഥവാ ബുദ്ധിപൂർവ്വം അവർ തരാതെയിരുന്നു. 10 എപ്പിസോഡിനുള്ളിൽ തന്നെ സീരിയൽ റേറ്റിംഗിൽ മുൻപന്തിയിൽ എത്തി..! അതോടെ അവരുടെ തനിനിറം അവർ പുറത്തുകാട്ടി..! ചരിത്രപുരുഷനായ കായംകുളം കൊച്ചുണ്ണിയുടെ കഥ പോലും തങ്ങളുടെ സ്വാർത്ഥ ലാഭത്തിനു വേണ്ടി വളച്ചൊടിച്ച് അവർ എപ്പിസോഡുകൾ പടച്ചുവിട്ടു കൊണ്ടേയിരുന്നു.

ആദ്യ 10 എപ്പിസോഡുകളിലെ കൊച്ചുണ്ണിയായിട്ടുള്ള എൻറെ പ്രകടനം ഇഷ്ടപ്പെട്ട് എന്നെ വിളിച്ച് അഭിനന്ദിച്ച അനേകം പേരിൽ പ്രമുഖ വ്യക്തിയാണ് നടൻ ജനാർദ്ദനൻ..! സീരിയൽ എപ്പിസോഡുകൾ 50, 100, 150.. എന്നങ്ങനെ നീണ്ടു നീണ്ടു പോകുന്നതല്ലാതെ, യഥാർത്ഥ കൊച്ചുണ്ണിയുടെ തിരിച്ചുവരവ് കാണാത്തതിനാൽ, ഒരിക്കൽകൂടി ജനാർദ്ദനൻ ചേട്ടൻ എന്നെ വിളിച്ചു കാര്യം തിരക്കി.

ഞാൻ പറഞ്ഞു..; ചേട്ടാ സീരിയൽ റേറ്റിംഗിൽ നമ്പർ വൺ ആയി. അവർക്കിനി ഞാൻ ഇല്ലെങ്കിലും സീരിയൽ എങ്ങനെയും കൊണ്ടുപോകാം. മറിച്ച് എന്നെ വിളിച്ചാൽ അവർക്ക് ഇപ്പോൾ കിട്ടിക്കൊണ്ടിരിക്കുന്ന ലാഭത്തിൽ നിന്ന് നല്ലൊരു വിഹിതം എനിക്ക് ശമ്പളമായി നൽകേണ്ടിവരും..! അതിനവർ മുതിരുമോ ചേട്ടാ..? ഒരുപക്ഷേ സീരിയൽ തീർക്കുന്നതിനു വേണ്ടി എന്നെ ഒടുവിൽ വിളിച്ചേക്കാം..! എന്ന്.

അതിന് അദ്ദേഹം മറുപടി പറഞ്ഞപ്പോൾ ആ അതി ബുദ്ധിമാന്മാരെ ഒരു പേരുചൊല്ലി വിളിച്ചു. അത് അതേപോലെ ഇവിടെ കുറിച്ചാൽ ഒരു പക്ഷേ സുക്കർബർഗ് അണ്ണൻ എൻറെ ഈ പേജ് പൂട്ടിക്കെട്ടിയേക്കും എന്ന ഭയമുള്ളതിനാൽ ആ പേരിന് ഒരു പര്യായം പറഞ്ഞ്, ഒരു ദിവ്യ പരിവേഷം നൽകിയാൽ, ജനാർദ്ദനൻ ചേട്ടൻ പറഞ്ഞ, ആരേയും ഉത്തേജിപ്പിക്കാനുതകുന്ന ആ മറുപടി ഇപ്രകാരമായിരുന്നു. "എടാ..; ആ #അമ്മയുടെശോഭയുള്ളവന്മാരോട് പോകാൻ പറയടാ..! ഇനി അവന്മാര് വിളിച്ചാൽ നീ പോയേക്കരുത്..! അഥവാ പോയാൽ, നിൻറെ മുട്ടുകാൽ ഞാൻ തല്ലിയൊടിക്കുമെടാ തെണ്ടി".അദ്ദേഹം നൽകിയ ആ "ഉത്തേജനം"..; ഒടുവിൽ ആ സീരിയൽ തീർക്കുന്നതിനു വേണ്ടി ആ "ബുദ്ധിമാന്മാർ" വീണ്ടും എന്നെ വിളിച്ചപ്പോൾ, അവർക്ക് നേരെ തന്നെ എനിക്ക് എടുത്ത് പ്രയോഗിക്കാൻ സാധിച്ചു എന്നതിൽ അഭിമാനമുണ്ട്...!

എന്നിൽ നിന്നും കേട്ട ആ "ഉത്തേജനത്തിന്റെ" റീയാക്ഷൻ തന്നെയാണ് ..; 2004-ൽ സംപ്രേഷണം ചെയ്തപ്പോൾ ഒൻപത് എപ്പിസോഡ് ദൈർഘ്യം ഉണ്ടായിരുന്ന ഞാൻ അഭിനയിച്ച കൊച്ചുണ്ണിയെ..; 2020-ൽ ആ സീരിയൽ പുനഃസംപ്രേഷണം ചെയ്തപ്പോൾ ഒറ്റ എപ്പിസോഡിൽ ആക്കി ഒതുക്കേണ്ട ഗതികേട് അവർക്ക് നേരിട്ടത്..! ജനാർദ്ദനൻ ചേട്ടൻ #തങ്കപ്പനല്ലടാ..; #പൊന്നപ്പൻ..!!

#വാൽകഷണം

അഭിപ്രായം പറഞ്ഞാൽ ഉടനെ വാളോങ്ങുന്ന, വെട്ടിനിരത്തുന്ന ഇപ്പോഴുള്ള മേലാളന്മാരോട് എനിക്ക് പറയാനുള്ളത്..; കൊച്ചുണ്ണിയായി അന്ന് ഞാൻ പറഞ്ഞ ഒരു ഡയലോഗ് ആണ്..!! "കൊലക്കയർ കാണിച്ച് കൊച്ചുണ്ണിയെ വീഴ്ത്താൻ വന്നിരിക്കുന്നു..!#ത്ഫൂ..!ഇനിയെങ്കിും നീയൊക്കെ മനസ്സിലാക്ക്. #ആൺപിറപ്പുകൾക്ക് ഒരു മരണമേ ഉള്ളൂ.പടച്ചോൻ കൽപ്പിക്കുന്ന ആ മരണം ഞമ്മൾ എന്നേ കിനാക്കണ്ടതാ..! നീ ചെല്ല്..!പോയി തൂക്കുമരവും കൊലക്കയറും ഒരുക്ക്..! ഞമ്മള് ഇവിടെത്തന്നെയുണ്ട്..! അൻറെ മേലാളന്മാര് കെട്ടിപ്പടുത്ത ഈ #ഠാണാവിനകത്ത്"..