LiveTV

Live

Entertainment

സിനിമക്കായി ടോം ക്രൂയിസ് ബഹിരാകാശത്തേക്ക്, സഹായിക്കാന്‍ നാസ

ചില സിനിമകള്‍ ബഹിരാകാശത്ത് ചിത്രീകരിച്ചിട്ടുണ്ടെങ്കിലും ഒരു അഭിനേതാവും ഇതുവരെ ബഹിരാകാശത്ത് എത്തിയിട്ടില്ല. ആ ചരിത്രം ടോം ക്രൂയിസിന് മുന്നില്‍ വഴിമാറിയേക്കും...

സിനിമക്കായി ടോം ക്രൂയിസ് ബഹിരാകാശത്തേക്ക്, സഹായിക്കാന്‍ നാസ

ബഹിരാകാശ സിനിമകള്‍ വന്നിട്ടുണ്ടെങ്കിലും ഇന്നുവരെ മനുഷ്യന്‍ ബഹിരാകാശത്ത് പോയി സിനിമയെടുത്തിരുന്നില്ല. എന്നാല്‍ ഹോളിവുഡ് താരം ടോംക്രൂയിസ് സാഹസത്തിന് കൂടി മുതിരുകയാണ്. അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസയുമായി ടോം ക്രൂയിസ് ആദ്യ ഘട്ട ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കി കഴിഞ്ഞുവെന്നാണ് റിപ്പോര്‍ട്ട്.

അതി സാഹസിക രംഗങ്ങളില്‍ ഡ്യൂപില്ലാതെ അഭിനയിച്ച് ആരാധകരെ ആവേശം കൊള്ളിച്ചിട്ടുള്ള ഹോളിവുഡ് താരമാണ് 57കാരനായ ടോം ക്രൂയിസ്. വിമാനത്തിന്റെ വാതിലില്‍ തൂങ്ങിക്കിടന്നും ബുര്‍ജ് ഖലീഫയില്‍ വലിഞ്ഞുകയറിയും ജെറ്റ് വിമാനം പറത്തിയുമെല്ലാം ടോം ക്രൂയിസ് അത്ഭുതപ്പെടുത്തിയിട്ടുണ്ട് ഇപ്പോഴിതാ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ സിനിമയില്‍ അഭിനയിക്കാന്‍ പോകുന്ന ആദ്യ താരമാകാന്‍ ഒരുങ്ങുകയാണ് ടോം ക്രൂയിസ്.

ടോം ക്രൂയിസും നാസയും തമ്മില്‍ ഇത് സംബന്ധിച്ച ആദ്യഘട്ട ചര്‍ച്ചകള്‍ പൂര്‍ത്തിയായെന്നാണ് വിവരം. നാസ തലവന്‍ ജിം ബ്രൈഡന്‍സ്റ്റീന്റെ ഇത് സംബന്ധിച്ച ട്വീറ്റാണ് ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ വീണ്ടും ആരംഭിക്കാന്‍ കാരണം. സ്‌പേസ് സ്റ്റേഷനില്‍ ടോം ക്രൂയിസ് ചിത്രം ഒരുങ്ങുമെന്നതിന്റെ വ്യക്തമായ സൂചനയാണ് നാസ തലവന്‍ നല്‍കിയിരിക്കുന്നത്.

മിഷന്‍ ഇംപോസിബിള്‍ സീരീസില്‍ പെട്ട ഏഴാമത്തെ ചിത്രം കോവിഡ് മഹാമാരിയെ തുടര്‍ന്ന് ഫെബ്രുവരി മുതല്‍ തടസപ്പെട്ടിരിക്കുകാണ്. ഏത് ചിത്രത്തിന്റെ ഭാഗമായാണ് ടോംക്രൂയിസ് ബഹിരാകാശ നിലയത്തിലെത്തുകയെന്ന് വ്യക്തമല്ല. ടോം ക്രൂയിസ് എന്നാണ് ബഹിരാകാശത്തേക്ക് പറക്കുകയെന്നോ ആരൊക്കെയാണ് അദ്ദേഹത്തിനൊപ്പമുണ്ടാവുകയെന്നോ പുറത്തുവന്നിട്ടില്ല.

2012 ല്‍ പുറത്തിറങ്ങിയ സയന്‍സ് ഫിക്ഷന്‍ ചിത്രമായ അപോഗി ഓഫ് ഫിയര്‍ ബഹിരാകാശത്തു നിന്നും ചിത്രീകരിച്ചിരുന്നു. എന്നാല്‍ ഇതുവരെ ഒരു മുന്‍നിര അഭിനേതാവും സിനിമക്കുവേണ്ടി ബഹിരാകാശത്തേക്ക് പോയിട്ടില്ല. ആ ചരിത്രം ടോം ക്രൂയിസിന് മുന്നില്‍ വഴിമാറുമെന്നാണ് സൂചനകള്‍.

നിലവില്‍ റഷ്യക്ക് മാത്രമേ മനുഷ്യനെ ബഹിരാകാശ കേന്ദ്രത്തിലേക്ക് എത്തിക്കാനുള്ള സാങ്കേതിക തികവുള്ളൂ. സ്‌പേസ് എക്‌സ് ബോയിങ് തുടങ്ങിയ അമേരിക്കന്‍ സ്വകാര്യ കമ്പനികള്‍ ഇതിനായുള്ള കടുത്ത മത്സരത്തിലാണെങ്കിലും ഇതുവരെ വിജയിക്കാനായിട്ടില്ല. ഈ മാസം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് ആദ്യമായി മനുഷ്യരെ വഹിച്ചുകൊണ്ടുള്ള ദൗത്യം സ്‌പേസ് എക്‌സിന്റെ ക്രൂ ഡ്രാഗണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്.