LiveTV

Live

Entertainment

ലോക്ഡൗണ്‍ ലംഘിക്കാതെ യാഥാര്‍ത്ഥ്യമാക്കിയ മനസ്സില്‍ തൊടുന്ന ഹൃസ്വചിത്രം: 'മരുന്ന്'

വ്യത്യസ്ഥ പ്രദേശങ്ങളിലുള്ള അഞ്ച് അഭിനേതാക്കളും രണ്ട് എഡിറ്റര്‍മാരും സംവിധായകന്റെ നിര്‍ദേശത്തിനനുസരിച്ച് നീങ്ങിയതോടെയാണ് ചിത്രം യാഥാര്‍ഥ്യമായത്...

ലോക്ഡൗണ്‍ ലംഘിക്കാതെ യാഥാര്‍ത്ഥ്യമാക്കിയ മനസ്സില്‍ തൊടുന്ന ഹൃസ്വചിത്രം: 'മരുന്ന്'

കോവിഡിനെ തുടര്‍ന്നുള്ള ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ സിനിമാവ്യവസായമാകെ പകച്ചു നില്‍ക്കുമ്പോള്‍ വിജയകരമായി ലോക്ഡൗണിനെ മറികടക്കുകയാണ് 'മരുന്ന്' എന്ന ഹ്രസ്വ ചിത്രം. സംവിധായകനും തിരക്കഥാകൃത്തുമായ പ്രവി നായരാണ് മരുന്നിന് പിന്നില്‍. വ്യത്യസ്ഥ പ്രദേശങ്ങളിലുള്ള അഞ്ച് അഭിനേതാക്കളും രണ്ട് എഡിറ്റര്‍മാരും സംവിധായകന്റെ നിര്‍ദേശത്തിനനുസരിച്ച് നീങ്ങിയതോടെയാണ് ഈ ഏഴ് മിനുറ്റ് മാത്രം നീണ്ട ഹ്രസ്വ ചിത്രം യാഥാര്‍ഥ്യമായത്. യൂട്യൂബിലൂടെയാണ് ചിത്രം റിലീസ് ചെയ്തത്.

തിരുവനന്തപുരത്തുള്ള ദിനേശ് പണിക്കര്‍ക്കും കോഴിക്കോട് വീടുകളിലുള്ള നിര്‍മ്മല്‍ പാലാഴിക്കും ജൌഹര്‍ കനേഷിനും സതീഷ് അമ്പാടിക്കും തൃശൂരിലുള്ള മഞ്ജു സുഭാഷിനും കണ്ണൂരില്‍ നിന്നും സംവിധായകന്‍ പ്രവി നിര്‍ദേശങ്ങള്‍ നല്‍കുകയായിരുന്നു. വേഷങ്ങള്‍ വിശദീകരിച്ച് കൊടുത്ത ശേഷം അഭിനേതാക്കള്‍ അവരുടെ വീട്ടുകാരുടേയോ സുഹൃത്തുക്കളുടേയോ സഹായത്തില്‍ രംഗങ്ങള്‍ ചിത്രീകരിച്ചു.

ദിനേശ് നായരുടെ രംഗങ്ങള്‍ ഭാര്യ രോഹിണിയും ജോഹ്വറിന്റെ രംഗങ്ങള്‍ ഭാര്യ ഫസ്‌നയുമാണ് ചിത്രീകരിച്ചത്. മഞ്ജുവിന്റെ രംഗങ്ങള്‍ക്ക് മകന്‍ നവനീത് കൃഷ്ണയും സതീഷിന്റെ രംഗങ്ങള്‍ക്ക് മക്കളായ നിതിനും നിഖിലും ക്യാമറമാന്മാരായി. നിര്‍മ്മല്‍ പാലാഴിയുടെ ക്യാമറാമാനായത് അയല്‍ക്കാരനായ അഷ്‌റഫാണ്.

മൂന്ന് ദിവസം കൊണ്ടാണ് ചിത്രീകരണം പൂര്‍ത്തിയായത്. അഭിനേതാക്കളില്‍ നിന്നും ശേഖരിച്ച വീഡിയോകള്‍ കോഴിക്കോട് കൂരാച്ചുണ്ടിലെ വീട്ടിലിരുന്നുകൊണ്ട് അരുണ്‍ ആദ്യ എഡിറ്റിങ് നടത്തി. ബാക്കിയുള്ള എഡിറ്റിങും ശബ്ദമിശ്രണവും ബാലുശേരിക്കാരനായ ശ്യാം അഖിലാണ് ലോക്ഡൗണ്‍ ലംഘിക്കാതെ തന്നെ വീട്ടിലിരുന്ന് ചെയ്തത്. ബേപ്പൂരിലെ വീട്ടിലിരുന്നാണ് ചിത്രത്തിനായുള്ള പോസ്റ്ററുകള്‍ ദിനു സുന്ദര്‍ നിര്‍മ്മിച്ചത്.

ശരീരം തളര്‍ന്ന് വീട്ടില്‍ തന്നെ കഴിയുന്ന ഒരാളുടെ കോവിഡ് കാലത്തെ ജീവിതമാണ് ചിത്രം പറയുന്നത്. അദ്ദേഹത്തെ പരിചരിക്കുന്നത് സഹോദരിയാണ്. പ്രവാസിയായ സഹോദരിയുടെ ഭര്‍ത്താവ് വീട്ടില്‍ മൂന്നാഴ്ച്ച ക്വാറന്റെയ്‌നില്‍ കഴിയുന്നുണ്ട്. പബ്ജി ഭ്രാന്തനായ അനന്തരവനും ഇതേ വീട്ടിലുണ്ട്. അമ്മാവന് മരുന്ന് വാങ്ങാനുള്ള കാരണം പറഞ്ഞ് ലോക്ഡൗണിനിടെ ചുറ്റിയടിക്കാനാണ് അനന്തരവന്റെ പദ്ധതി. വര്‍ഷങ്ങളായി അടച്ചിടപ്പെട്ട ജീവിതം നയിക്കാന്‍ നിര്‍ബന്ധിതരായവര്‍ക്കാണ് സംവിധായകന്‍ ചിത്രം സമര്‍പ്പിക്കുന്നത്.

അമിതാഭ് ബച്ചന്‍, മമ്മൂട്ടി, മോഹന്‍ലാല്‍, ചിരഞ്ജീവി, രണ്‍ബീര്‍ കപൂര്‍, പ്രിയങ്ക ചോപ്ര, ആലിയ ഭട്ട് തുടങ്ങി 12 പ്രമുഖ നടീനടന്മാരെ ഉള്‍പ്പെടുത്തി പ്രസൂണ്‍ പാണ്ഡെ നിര്‍മ്മിച്ച 'ഫാമിലി' എന്ന ഹ്രസ്വചിത്രമാണ് പ്രവിക്ക് പ്രചോദനമായത്. മൂന്ന് ഷോട്ട് ഫിലിമുകളും നൂറിലേറെ മ്യൂസിക് വീഡിയോകളും സംവിധാനം ചെയ്തിട്ടുണ്ട് പ്രവി. 'ഷി' എന്ന ആദ്യ ചിത്രം ട്രാന്‍സ്ജന്‍ഡറിന്റെ ജീവിതമാണ് പറയുന്നത്.