LiveTV

Live

Entertainment

അഭിമുഖം നല്‍കിയില്ലെങ്കില്‍ ചില മാധ്യമ സ്ഥാപനങ്ങള്‍ ഭീഷണിപ്പെടുത്തുന്നുവെന്ന് നടന്‍ വിജയ് ദേവരകൊണ്ട

അഭിമുഖം നല്‍കാന്‍ തയ്യാറായില്ലെങ്കില്‍ സിനിമാ താരങ്ങള്‍ക്കെതിരെ വാര്‍ത്ത കൊടുക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നത് എന്തിനാണെന്ന് വിജയ് ചോദിക്കുന്നു

അഭിമുഖം നല്‍കിയില്ലെങ്കില്‍ ചില മാധ്യമ സ്ഥാപനങ്ങള്‍ ഭീഷണിപ്പെടുത്തുന്നുവെന്ന് നടന്‍ വിജയ് ദേവരകൊണ്ട

ലോക്ഡൗണ്‍ കാലത്ത് വ്യാജവാര്‍ത്തകള്‍ കൊടുക്കുന്ന മാധ്യമങ്ങള്‍ക്കെതിരെ വിമര്‍ശനവുമായി തെലുങ്ക് താരം വിജയ് ദേവരകൊണ്ട. അഭിമുഖം നല്‍കാന്‍ തയ്യാറായില്ലെങ്കില്‍ സിനിമാ താരങ്ങള്‍ക്കെതിരെ വാര്‍ത്ത കൊടുക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നത് എന്തിനാണെന്ന് വിജയ് ചോദിക്കുന്നു. ലോക്ഡൗണ്‍ ബുദ്ധിമുട്ടുന്നവര്‍ക്ക് നടന്റെ പേരിലുളള സംഘടന സഹായം നല്‍കിയിരുന്നു. എന്നാല്‍ യഥാര്‍ത്ഥ കണക്കുകള്‍ മറച്ചുവെച്ച് തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നുവെന്ന് വിജയ് ദേവരകൊണ്ട ആരോപിച്ചു. വിനോദ വെബ്സൈറ്റായ 'ആന്ധ്രാ കോള്‍' എന്ന ഓണ്‍ലൈന്‍ മാധ്യമത്തെ താരം പേരെടുത്ത് വിമര്‍ശിക്കുന്നുണ്ട്.

”അഭിമുഖം നല്‍കിയില്ലെങ്കില്‍ ചില മാധ്യമ സ്ഥാപനങ്ങള്‍ ഭീഷണിപ്പെടുത്തുന്നു. പുതിയ ചിത്രങ്ങളെ അടിച്ചമര്‍ത്തുന്നു. മോശം റേറ്റിംഗ് നല്‍കുന്നു. അങ്ങനെ ചെയ്യാന്‍ നിങ്ങള്‍ക്ക് എന്ത് യോഗ്യതയാണുളളത്. ഞങ്ങള്‍ക്ക് ആകെ 2200 ആളുകളെ മാത്രമേ സഹായിക്കാന്‍ കഴിഞ്ഞിട്ടുളളു എന്ന് ഒരു വെബ്സൈറ്റ് ഈയിടെ എഴുതി. 2200 കുടുംബാംഗങ്ങളെയാണ് ഞങ്ങള്‍ സഹായിച്ചത്. അത്യാവശ്യക്കാരെ കണ്ടെത്തി അവര്‍ക്ക് സഹായം എത്തിക്കുന്നത് അത്ര എളുപ്പമുളള ജോലിയല്ല…”

”ലോക്ഡൗണ്‍ കാലത്ത് 10 രൂപ പോലും സമ്പാദിക്കാന്‍ അവര്‍ക്ക് കഴിയുന്നില്ല. പാവപ്പെട്ടവരെ അപമാനിക്കുന്ന തരത്തിലുളള വാര്‍ത്തകളും നിങ്ങള്‍ കൊടുക്കുന്നതും എന്റെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. അത് അവസാനിപ്പിച്ചില്ലെങ്കില്‍ ജനങ്ങള്‍ തന്നെ നിങ്ങള്‍ക്കെതിരെ തിരിയും. ഞങ്ങളെ കുറിച്ച് നല്ലത് എഴുതണമെങ്കില്‍ നിങ്ങള്‍ക്ക് പണം നല്‍കണമോ?. ഞങ്ങള്‍ നിങ്ങള്‍ക്ക് പരസ്യം തരുന്നുണ്ട്. അത് കാരണമാണ് നിങ്ങള്‍ അതിജീവിക്കുന്നത്” എന്ന് വിജയ് വ്യക്തമാക്കുന്നു.

വീഡിയോ പുറത്തുവന്നതോടെ സിനിമാതാരങ്ങളായ ചിരഞ്ജീവി, മഹേഷ് ബാബു, റാണാ ദഗുബതി, കാജല്‍ അഗര്‍വാള്‍ എന്നിവര്‍ താരത്തിന് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്.