LiveTV

Live

Entertainment

'ഒരു നൂറ്റാണ്ടിന്‍റെ പൈതൃകം ഓര്‍മ്മയാകുമോ?' ഗ്രേറ്റ് ബോംബെ സര്‍ക്കസ് തകര്‍ച്ചയുടെ വക്കില്‍

ഇന്ത്യയിലെ ഏറ്റവും വലിയ ക്രൌഡ് ഫണ്ടിങ് സൈറ്റായ മിലാപ് ഗ്രേറ്റ് ബോംബെ സര്‍ക്കസിലെ ജീവനക്കാര്‍ക്കായി ക്യാമ്പെയിന്‍ ആരംഭിച്ചിരിക്കുകയാണ്

'ഒരു നൂറ്റാണ്ടിന്‍റെ പൈതൃകം ഓര്‍മ്മയാകുമോ?' ഗ്രേറ്റ് ബോംബെ സര്‍ക്കസ് തകര്‍ച്ചയുടെ വക്കില്‍

ഒരു നൂറ്റാണ്ടായി ഇന്ത്യന്‍ ജനതയെ ഗ്രാമങ്ങളിലും നഗരങ്ങളിലും ആസ്വാദനത്തിന്‍റെ പല തലങ്ങള്‍ കാണിച്ചുതന്ന ഒരുകൂട്ടം കലാകാരന്മാരുണ്ട്; കൂടാരങ്ങളില്‍ നിന്നും കൂടാരം കയറുമ്പോള്‍ ആനയും മയിലും ഒട്ടകവുമെല്ലാം അവര്‍ക്കൊപ്പം നാടു ചുറ്റി. വിരല്‍ തുമ്പില്‍ ഇന്‍റര്‍നെറ്റ് ലോകത്തെ കൊണ്ടുവരുന്നതിലും എത്രയോ മുമ്പ്, സിനിമാ കൊട്ടകകള്‍ ആധിപത്യം സൃഷ്ടിക്കും മുമ്പ്, ഇന്ത്യയില്‍ അങ്ങോളം ഇങ്ങോളം അവര്‍ ആസ്വാദനം വിതറി: ദി ഗ്രേറ്റ് ബോംബെ സര്‍ക്കസ്.

കാലം 2020ല്‍ ചെന്നെത്തി നില്‍ക്കുമ്പോള്‍ ഈ സര്‍ക്കസ് കൂടാരത്തിലെ അഭ്യാസങ്ങള്‍ക്ക് 100 വയസ് തികയുകയാണ്. ആഘോഷിക്കേണ്ട നിമിഷമാണ്. പക്ഷെ, ഈ സാഹചര്യത്തില്‍ അവര്‍ക്ക് അത് സാധ്യമല്ല. കോവിഡ് 19 ന്‍റെ പശ്ചാത്തലത്തില്‍ രാജ്യത്ത് ലോക്ക് ഡൌണ്‍ പുരോഗമിക്കുമ്പോള്‍ തമിഴ് നാട്ടിലെ മണ്ണാര്‍ഗുഡിയില്‍ പെട്ടുകിടക്കുകയാണ് 200ലധികം വരുന്ന സര്‍ക്കസ് തൊഴിലാളികള്‍. ഒരു മാസത്തിലേറെയായി അവര്‍ക്ക് കളികളൊന്നും ലഭിച്ചിട്ടില്ല. സര്‍ക്കസിന്‍റെ നൂറാം വാര്‍ഷികത്തില്‍ത്തന്നെ അത് അവസാനിക്കുമോ എന്ന ആശങ്കയാണ് ഇപ്പോള്‍ ഇവരില്‍ ഉയരുന്നത്. സഹായങ്ങള്‍ ലഭിക്കാതെ അവര്‍ ആ കൂടാരത്തില്‍ ഒതുങ്ങുകയാണ്. അവരോടൊപ്പം ആ മഹത്തായ പാരമ്പര്യവും.

1920ലാണ് ഗ്രാന്‍റ് ബോംബെ സര്‍ക്കസ് എന്ന പേരില്‍ ഈ കമ്പനി ആരംഭിക്കുന്നത്. തുടക്കകാലത്ത് പഞ്ചാബിലും സിന്ധിലും മാത്രം പരിപാടി അവതരിപ്പിച്ചിരുന്ന ഇവരിലേക്ക് 1947ല്‍ രണ്ട് വലിയ കമ്പനികള്‍ കൂടി ചേരുന്നതോടെയാണ് ഇന്ന് കാണുന്ന ഗ്രേറ്റ് ബോംബെ സര്‍ക്കസ് രൂപം കൊള്ളുന്നത്. അന്നുമുതല്‍ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലും പുറം രാജ്യങ്ങളിലും ഗ്രേറ്റ് ബോംബെ സര്‍ക്കസ് കൂടാരങ്ങള്‍ ഉയര്‍ന്നു. അന്നു മുതല്‍ ഇന്നുവരെ എല്ലാ പ്രതിസന്ധികളെയും തരണം ചെയ്ത് തങ്ങളുടെ നൂറാം വര്‍ഷത്തിലേക്ക് അവര്‍ കടന്നിരിക്കുകയാണ്.

ഇന്ത്യയിലെ ഏറ്റവും വലിയ ക്രൌഡ് ഫണ്ടിങ് സൈറ്റായ 'മിലാപ്' ഗ്രേറ്റ് ബോംബെ സര്‍ക്കസിലെ ജീവനക്കാര്‍ക്കായി ക്യാമ്പെയിന്‍ ആരംഭിച്ചിരിക്കുകയാണ്. പ്രതിസന്ധിയിലാണെങ്കിലും മുമ്പ് പൂട്ടിപ്പോയ ഒരുപാട് സര്‍ക്കസ് കമ്പനികളെപ്പോലെ ബോംബെ സര്‍ക്കസും അവസാനിക്കരുത് എന്ന് കരുതുന്ന രാജ്യത്തെ ജനങ്ങള്‍ മിലാപിലൂടെ സര്‍ക്കസ് തൊഴിലാളികള്‍ക്ക് സഹായം എത്തിക്കുകയാണ്. പത്തു ലക്ഷം രൂപ സമാഹരിച്ചു നല്‍കുകയാണ് മിലാപിന്റെ ലക്ഷ്യം. ഇപ്പോള്‍ ഏകദേശം നാലുലക്ഷം രൂപയോളം സര്‍ക്കസ് കലാകാരന്മാര്‍ക്കായി ലഭിച്ചുകഴിഞ്ഞു. സഹായിക്കാന്‍ താല്പര്യമുള്ളവര്‍ക്ക് താഴെ കൊടുക്കുന്ന ലിങ്ക് ക്ലിക്ക് ചെയ്യാം.

https://milaap.org/fundraisers/support-great-bombay-circus?fbclid=IwAR2iRvqsxrlTyo3fJ82W1eKXtzQTnD-8g0nxbU1YB50kSPIjrhkHt5vmhBk