LiveTV

Live

Entertainment

ഓസ്കർ നിബന്ധനയിൽ ഇളവ്; ഓണ്‍ലൈന്‍ റിലീസ് സിനിമകളും പരിഗണിക്കും

സ്ട്രീമിങ്ങ് പ്ലാറ്റ്ഫോമുകളിൽ മാത്രം റിലീസ് ചെയ്ത സിനിമകളെ ഇതിന് മുമ്പ് ഓസ്കറിന് പരിഗണിച്ചിരുന്നില്ല.

ഓസ്കർ നിബന്ധനയിൽ ഇളവ്; ഓണ്‍ലൈന്‍ റിലീസ് സിനിമകളും പരിഗണിക്കും

ഓസ്കര്‍ പുരസ്കാര നിര്‍ണയ നിയമത്തില്‍ ഇളവ് വരുത്തി അക്കാദമി ഓഫ് മോഷൻ പിക്ചേഴ്സ് ആർട്സ് ആൻഡ് സയൻസസ്. തിയറ്ററുകളില്‍ റിലീസ് ചെയ്ത ചിത്രങ്ങള്‍ മാത്രമേ ഇതുവരെ പുരസ്കാര നിര്‍ണയത്തിനായ് പരിഗണിച്ചിരുന്നുള്ളു. എന്നാല്‍ കോവിഡ് പ്രതിസന്ധിയെതുടര്‍ന്നുണ്ടായ പ്രത്യേക സാഹചര്യം പരിഗണിച്ച് നിബന്ധനയില്‍ അക്കാദമി ഇളവ് വരുത്തുകയായിരുന്നു. ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമിലൂടെ റിലീസ് ചെയ്ത സിനിമകളും ഇത്തവണ അവാര്‍ഡിനായ് പരിഗണിക്കുമെന്നതാണ് ഇളവ്. സ്ട്രീമിങ്ങ് പ്ലാറ്റ്ഫോമുകളിൽ മാത്രം റിലീസ് ചെയ്ത സിനിമകളെ ഇതിന് മുമ്പ് ഓസ്കറിന് പരിഗണിച്ചിരുന്നില്ല.

ലോസ് എയ്ഞ്ചലസ് കൗണ്ടിയിൽ ചുരുങ്ങിയത് ഒരാഴ്ചയെങ്കിലും പ്രദർശിപ്പിച്ച ചിത്രങ്ങൾ മാത്രമാണ് ഓസ്കർ പുരസ്കാരത്തിന് ഇതുവരെ പരിഗണിച്ചിരുന്നത്. ചരിത്രത്തിൽ ആദ്യമായാണ് നിബന്ധനയിൽ ഇളവു വരുത്താൻ അക്കാദമി തയ്യാറാവുന്നത്. എന്നാല്‍ ഈ ഇളവ് താൽക്കാലിക തീരുമാനം മാത്രമാണെന്നും ഈ വർഷം റിലീസ് ചെയ്ത സിനിമകൾക്കു മാത്രമായിരിക്കും ഈ മാനദണ്ഡം ബാധകമാകുകയെന്നും അക്കാദമി അറിയിച്ചു.

ഡിജിറ്റൽ റിലീസ് ഉള്ള എല്ലാത്തരം സ്ട്രീമിങ്ങ് ചിത്രങ്ങളെയും ഓസ്കറിലേയ്ക്ക് പരിഗണിക്കില്ല. മറിച്ച് തിയറ്ററിൽ റിലീസ് നിശ്ചയിച്ചിരുന്നതും കോവിഡ് മൂലം തിയറ്ററുകൾ അടച്ചു പൂട്ടിയതിനാൽ റിലീസിങ്ങ് സാധിക്കാതെ പോയതുമായ ചിത്രങ്ങളെയാണ് പുരസ്കാരത്തിന് പരിഗണിക്കുക. അതേസമയം ആമസോൺ പ്രൈമും നെറ്റ്ഫ്ലിക്സും പോലുള്ള സ്ട്രീമിങ്ങ് പ്ലാറ്റ്ഫോമുകളിൽ മാത്രമായി റിലീസ് ചെയ്ത ചിത്രങ്ങൾക്ക് ഈ വർഷം മാത്രമേ ഓസ്കര്‍ വേദി അനുവദിക്കൂ എന്ന് പ്രത്യേകം പറയുന്നുണ്ട്.

ഇതോടൊപ്പം മറ്റു ചില മാറ്റങ്ങളും ഇത്തവണയുണ്ട്. ശബ്ദ വിഭാഗത്തിൽ നല്കി വരുന്ന രണ്ട് അവാർഡുകൾ ഒന്നായി ആകും ഇത്തവണ പരിഗണിക്കുക. സൗണ്ട് മിക്സിങ്, സൗണ്ട് എഡിറ്റിങ് കാറ്റഗറികളെയാണ് ഇത്തവണ ഒന്നായ് പരിഗണിക്കുക. അടുത്ത വർഷം ഫെബ്രുവരി 21 നാണ് ഓസ്കര്‍ പ്രഖ്യാപിക്കുന്നത്.