LiveTV

Live

Entertainment

‘ഞാന്‍ ആര്‍ക്കും കോവിഡ് പടര്‍ത്തിയിട്ടില്ല’; പ്രതികരണവുമായ് കനിക കപൂര്‍

താന്‍ ഒന്നിനോടും പ്രതികരിക്കാതിരുന്നത് സത്യം പുറത്ത് വരുമെന്നുള്ള വിശ്വാസമുള്ളത് കൊണ്ടാണെന്ന് താരം വ്യക്തമാക്കി

‘ഞാന്‍ ആര്‍ക്കും കോവിഡ് പടര്‍ത്തിയിട്ടില്ല’; പ്രതികരണവുമായ് കനിക കപൂര്‍

കോവിഡ് ബാധിതയായി ചികില്‍സയില്‍ കഴിഞ്ഞിരുന്ന ബോളിവുഡ് ഗായികയാണ് കനിക കപൂര്‍. ലണ്ടനില്‍ നിന്നും തിരിച്ചെത്തിയ ശേഷമാണ് കനികക്ക് കോവിഡ് സ്ഥിരീകരിച്ചത്. വിദേശത്ത് നിന്നും വന്ന ശേഷം നിരവധി പേര്‍ക്ക് കോവിഡ് പടര്‍ത്താന്‍ കാരണക്കാരിയായ് എന്ന തരത്തിലുള്ള പല ആരോപണങ്ങളും താരത്തിന് ഇതിനിടയില്‍ നേരിടേണ്ടി വന്നിരുന്നു. വിദേശത്ത് നിന്ന് വന്ന ശേഷം ഇവര്‍ പലരിലേക്കും കോവിഡ് പടര്‍ത്താവുന്ന സാഹചര്യമൊരുക്കി എന്നായിരുന്നു പ്രധാന വിമര്‍ശനം. ഒടുവില്‍ വിമര്‍ശനങ്ങള്‍ക്കെല്ലാം മറുപടിയുമായ് പ്രതികരിച്ചിരിക്കുകയാണ് കനിക കപൂര്‍.

താന്‍ ഒന്നിനോടും പ്രതികരിക്കാതിരുന്നത് സത്യം പുറത്ത് വരുമെന്നുള്ള വിശ്വാസമുള്ളത് കൊണ്ടാണെന്ന് താരം വ്യക്തമാക്കി. ജനങ്ങള്‍ അവര്‍ക്ക് ഇഷ്ടമുള്ള രീതിയിലാണ് സത്യങ്ങളെ വളച്ചൊടിക്കുന്നതെന്നും അവര്‍ പറഞ്ഞു. താൻ ഇന്ത്യയിലേക്ക് തിരിച്ച് വന്ന സമയത്ത് യാത്ര ഉപദേശക സമിതി നിലവിൽ വന്നിരുന്നില്ലെന്നും ക്വാറന്റൈനിൽ പോവാൻ നിർദ്ദേശം ലഭിച്ചിരുന്നില്ലെന്നും കനിക ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച കുറിപ്പിലൂടെ വ്യക്തമാക്കി.

കോവിഡ് ഫലം മൂന്നാം തവണയും  നെഗറ്റീവായ ശേഷം ലക്നൗവിലെ വീട്ടിൽ 21 ദിവസത്തെ ക്വാറന്റൈനിൽ കഴിയുകയാണ് കനിക. ഞാന്‍ ബ്രിട്ടനിലും മുംബൈയിലും ലഖ്‌നൗവിലും വെച്ച് സമ്പര്‍ക്കം പുലര്‍ത്തിയ ഒരാള്‍ക്ക് പോലും കോവിഡ് സ്ഥിരീകരിച്ചിട്ടില്ലെന്നും ഇവരുടെ പരിശോധനാ ഫലം എല്ലാം നെഗറ്റീവാണെന്നും കനിക കപൂര്‍ കുറിപ്പില്‍ കൂട്ടിച്ചേര്‍ത്തു.

View this post on Instagram

Stay Home Stay Safe 🙏🏼

A post shared by Kanika Kapoor (@kanik4kapoor) on

‘എന്റെ കുടുംബത്തെ കാണാനാണ് മാര്‍ച്ച് 11ന് ഞാന്‍ ലഖ്‌നൗവിലെത്തിയത്. ആഭ്യന്തര വിമാന സര്‍വീസുകള്‍ നടത്തുമ്പോള്‍ ആ സമയത്ത് യാത്രക്കാരെ പരിശോധിക്കുന്ന പരിപാടിയില്ലായിരുന്നു. മാര്‍ച്ച് 14, 15 ദിവസങ്ങളില്‍ സുഹൃത്തിന്റെ വിരുന്നില്‍ പങ്കെടുത്തു. ഉച്ചഭക്ഷണവും അത്താഴവും ഇവിടെ നിന്നാണ് കഴിച്ചത്.’ തനിക്ക് വേണ്ടി പ്രത്യേക പാര്‍ട്ടികള്‍ നടത്തിയിരുന്നില്ലെന്നും കനിക പറഞ്ഞു.

‘ഇന്ന് എന്നെക്കുറിച്ച് പല കഥകളും പ്രചരിക്കുന്നുണ്ടെന്ന് എനിക്കറിയാം. അതില്‍ പലതും ആളിക്കത്താന്‍ എന്റെ മൗനവും ഒരു കാരണമായിട്ടുണ്ട്. ഇത്രയും നാള്‍ ഞാന്‍ ഒന്നും മിണ്ടാതിരുന്നത് എന്റെ ഭാഗത്ത് തെറ്റുളളത് കൊണ്ടല്ല. മറിച്ച് പല തെറ്റിദ്ധാരണകളും തെറ്റായ വിവരങ്ങളുടെ പ്രചരണവും നടന്നിട്ടുണ്ടെന്ന ഉത്തമ ബോധ്യമുളളത് കൊണ്ട് തന്നെയാണ്.
സത്യം തെളിയാനും ആളുകള്‍ക്ക് സ്വയം ബോധ്യം വരാനുമുളള സമയം അനുവദിക്കുകയായിരുന്നു ഞാന്‍. ഈ പരീക്ഷണ ഘട്ടങ്ങളില്‍ എല്ലാവിധ പിന്തുണയും നല്‍കി എനിക്കൊപ്പം നിന്ന കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടും നന്ദി പറയുന്നു’. കനിക പറഞ്ഞു.

‘മൂന്ന് തവണ പരിശോധിച്ചപ്പോഴും നെഗറ്റീവ് ഫലം കണ്ടതിന് ശേഷമാണ് ആശുപത്രി വിട്ടത്. ഇപ്പോള്‍ വീട്ടില്‍ ഇരുപത്തിയൊന്ന് ദിവസത്തെ ക്വാറന്റൈനില്‍ ആണ് ഞാന്‍. ഈ അവസരത്തില്‍ ആരോഗ്യ പ്രവര്‍ത്തകരോട് പ്രത്യേകമായ നന്ദി അറിയിക്കുകയാണ്. വളരെ വൈകാരികമായ സമയത്ത് അവര്‍ മികച്ച രീതിയിലാണ് എന്നെ പരിചിരിച്ചത്. സത്യസന്ധത കൊണ്ടും അവബോധം കൊണ്ടും ഇത്തരം പരീക്ഷണ ഘട്ടങ്ങളെ അതിജീവിക്കാന്‍ എല്ലാവര്‍ക്കും സാധിക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഒരു വ്യക്തിക്ക് നേരെ ഉന്നയിക്കുന്ന ആരോപങ്ങള്‍ ഒരിക്കലും യാഥാര്‍ത്ഥ്യത്തെ മാറ്റിയെഴുതാന്‍ കഴിയില്ല.’ കനിക കപൂര്‍ കുറിച്ചു.