LiveTV

Live

Entertainment

കോവിഡ് പ്രതിസന്ധി; താരങ്ങള്‍ 50 ശതമാനമെങ്കിലും പ്രതിഫലം കുറയ്ക്കണമെന്ന് നിര്‍മ്മാതാവ് സുരേഷ് കുമാര്‍

സിനിമാ മേഖലയിലെ എല്ലാ സംഘടനകളും ചേര്‍ന്ന് കൂട്ടായ ചര്‍ച്ച നടത്തിയതിന് ശേഷം മാത്രമേ ചലച്ചിത്ര മേഖല പുനരാരംഭിക്കാനാകൂ

കോവിഡ് പ്രതിസന്ധി; താരങ്ങള്‍ 50 ശതമാനമെങ്കിലും പ്രതിഫലം കുറയ്ക്കണമെന്ന് നിര്‍മ്മാതാവ് സുരേഷ് കുമാര്‍

സമൂഹത്തിലെ എല്ലാ മേഖലകളെയെന്ന പോലെ കോവിഡ് 19 സിനിമാരംഗത്തെയും സാരമായി തന്നെ ബാധിച്ചിട്ടുണ്ട്. തിയറ്ററുകള്‍ അടച്ചിട്ടു, ഷൂട്ടിംഗുകള്‍ നിര്‍ത്തിവച്ചു. സിനിമയിലെ മുന്നണിയിലും പിന്നണിയിലും പ്രവര്‍ത്തിക്കുന്നവരും ജോലിക്ക് ഇടവേള നല്‍കി വീട്ടില്‍ കഴിയുകയാണ്. ചലച്ചിത്ര മേഖലയിലെ ദിവസവേതനക്കാരെ സഹായിക്കാന്‍ നിരവധി താരങ്ങള്‍ മുന്നോട്ട് വന്നെങ്കിലും മൊത്തത്തില്‍ സിനിമാ മേഖല പ്രതിസന്ധിയില്‍ തന്നെയാണ്. ഈ സാഹചര്യത്തില്‍ സിനിമാ മേഖലയിലെ എല്ലാ സംഘടനകളും ചേര്‍ന്ന് കൂട്ടായ ചര്‍ച്ച നടത്തിയതിന് ശേഷം മാത്രമേ ചലച്ചിത്ര മേഖല പുനരാരംഭിക്കാനാകൂ എന്ന് നിര്‍മ്മാതാവ് ജി.സുരേഷ് കുമാര്‍. കൊവിഡ് വ്യാപനം സൃഷ്ടിച്ച സ്തംഭനാവസ്ഥ നേരിടാന്‍ മുന്‍നിര താരങ്ങള്‍ അമ്പത് ശതമാനമെങ്കിലും പ്രതിഫലം കുറയ്ക്കണമെന്നും താരങ്ങള്‍ക്ക് പുറമേ മുന്‍നിര ടെക്‌നീഷ്യന്‍സും പ്രതിഫലത്തില്‍ ഭീമമായ കുറവ് വരുത്തണമെന്നും ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ഭാരവാഹി കൂടിയായ സുരേഷ് ആവശ്യപ്പെട്ടു.

ദൂരദര്‍ശന്‍ ചര്‍ച്ചയിലാണ് സുരേഷ് കുമാർ തന്റെ അഭിപ്രായം പറഞ്ഞത്. “കൊറോണ വൈറസ് മൂലം പ്രതിസന്ധിയിലായ സിനിമ മേഖല ഇനി റീ ഓപ്പൺ ചെയ്യണം എങ്കിൽ എല്ലാവരും ഒന്നിച്ചിരുന്ന് ഒരു ചർച്ച ആവശ്യമാണ്. അഞ്ച് ശതമാനം ഒഴികെ ബാക്കിയുള്ള താരങ്ങളും അണിയറ പ്രവർത്തകരും എല്ലാം പ്രതിസന്ധിയിലാണ്. താരങ്ങൾ പണ്ട് വാങ്ങിച്ചിരുന്ന പ്രതിഫലത്തുക ഇനി നൽകുവാൻ സാധിക്കുകയില്ല. എല്ലാവരും സഹകരിച്ചെങ്കിൽ മാത്രമേ സിനിമയുടെ റിലീസും വിതരണവും പഴയപടി ആവുകയുള്ളൂ. പ്രിയദർശന്റെ മരയ്ക്കാർ പോലുള്ള ഒരു ചിത്രത്തിന്റെ റിലീസ് എന്ന് നടക്കും എന്ന് ആലോചിക്കാൻ പോലും പറ്റില്ല.” സുരേഷ് കുമാര്‍ കൂട്ടിച്ചേര്‍ത്തു.