ജോർദാനിൽ നിര്‍ത്തിവെച്ച ‘ആടുജീവിതം’ ഷൂട്ടിങ് പുനഃരാരംഭിച്ചു
പൃഥ്വിരാജ് നായകനാകുന്ന സിനിമയുടെ ചിത്രീകരണം ഏതാണ്ട് രണ്ട് ആഴ്ചക്കാലമായി നിർത്തിവെച്ചിരിക്കുകയായിരുന്നു. രാജ്യത്ത് കർഫ്യൂ ഇളവുകൾ പ്രഖ്യാപിച്ചതോടെയാണ് സിനിമയുടെ ചിത്രീകരണം വീണ്ടും പുനഃരാരംഭിച്ചത്

കോവിഡ് പ്രതിസന്ധിയെ തുടർന്ന് ചിത്രീകരണം നിര്‍ത്തിവെക്കേണ്ടി വന്ന ആടുജീവിതം സിനിമയുടെ ഷൂട്ടിങ് ജോര്‍ദാനില്‍ പുനഃരാരംഭിച്ചു. പൃഥ്വിരാജ് നായകനാകുന്ന സിനിമയുടെ ചിത്രീകരണം ഏതാണ്ട് രണ്ട് ആഴ്ചക്കാലമായി നിർത്തിവെച്ചിരിക്കുകയായിരുന്നു. രാജ്യത്ത് കർഫ്യൂ ഇളവുകൾ പ്രഖ്യാപിച്ചതോടെയാണ് സിനിമയുടെ ചിത്രീകരണം വീണ്ടും പുനഃരാരംഭിച്ചത്. നേരത്തെ കോവിഡ് പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തിലാണ് ചിത്രീകരണത്തിനുള്ള അനുമതി ജോര്‍ദാന്‍ ഭരണകൂടം റദ്ദ് ചെയ്തത്.
പൃഥ്വിരാജും ബ്ലെസ്സിയും ഉൾപ്പെടെ 58 പേർ അടങ്ങുന്ന സംഘം ജോർദാനിൽ കുടുങ്ങിയത് നേരത്തെ തന്നെ വാർത്തയായിരുന്നു. പിന്നാലെ സംഘത്തിന് തിരിച്ചു വരാനായി സഹായം അഭ്യര്‍ത്ഥിച്ചു കൊണ്ട് ചിത്രത്തിൻ്റെ അണിയറ പ്രവർത്തകർ ഫിലിം ചേംബറിന് കത്തയച്ചെങ്കിലും രാജ്യത്ത് ലോക്ക്ഡൗണ്‍ അടക്കം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ തിരിച്ചു വരവ് പ്രതിസന്ധിയിലാകുകയായിരുന്നു. എന്നാൽ ഇപ്പോൾ ചിത്രത്തിന്റെ ഷൂട്ടിംഗ് വീണ്ടും പുനരാരംഭിച്ചു എന്ന വാർത്തയാണ് സിനിമാ ലോകത്ത് നിന്നെത്തുന്നത്.
ചിത്രത്തിന് വേണ്ടി 40 കിലോയോളം ശരീരഭാരം കുറച്ച പൃഥ്വിരാജിന്റെ മേക്കോവർ കാണാനുള്ള ആകാംക്ഷയിൽ ഇരിക്കുന്ന ആരാധകർക്കും സിനിമ പ്രേമികൾക്കും ഇതൊരു ആശ്വാസ വാർത്തയാണ്. പുനരാരംഭിച്ച ഷൂട്ടിംഗ് പെട്ടെന്ന് തീർന്നാലും ഇന്ത്യയിലേക്ക് എപ്പോൾ മടങ്ങി വരാൻ സാധിക്കും എന്നതിനെപറ്റി വ്യക്തമായ വിവരങ്ങള്‍ ഇനിയും ലഭ്യമായിട്ടില്ല.