സമ്പാദ്യമെല്ലാം തീരാറായി; എനിക്കിനിയും സമ്പാദിക്കാം, പാവങ്ങളെ സഹായിക്കാനായി ലോണെടുക്കുമെന്ന് പ്രകാശ് രാജ്
തന്റെ സമ്പാദ്യം തീർന്നാലും ലോക്ഡൗണിൽ വലയുന്നവര്‍ക്ക് സഹായം ചെയ്യുന്നത് തുടരുമെന്നാണ് പ്രകാശ് രാജ് വ്യക്തമാക്കിയിരിക്കുന്നത്
സിനിമയിലെ വില്ലത്തരം സിനിമകളില്‍ മാത്രമേയുള്ളൂ, ജീവിതത്തില്‍ താന്‍ നല്ലൊരു മനുഷ്യനാണെന്ന് പലവട്ടം തെളിയിച്ചിട്ടുള്ള താരമാണ് തെന്നിന്ത്യന്‍ നടന് പ്രകാശ് രാജ്. ലോക് ഡൌണ്‍ നാളുകളില്‍ കഷ്ടപ്പെടുന്ന സാധാരണക്കാര്‍ക്ക് വേണ്ടി ചെയ്യുന്ന കാര്യങ്ങള്‍ പല തവണ വാര്‍ത്തകളില്‍ നിറഞ്ഞിട്ടുണ്ട്. തന്റെ സമ്പാദ്യം തീർന്നാലും ലോക്ഡൗണിൽ വലയുന്നവര്‍ക്ക് സഹായം ചെയ്യുന്നത് തുടരുമെന്നാണ് പ്രകാശ് രാജ് വ്യക്തമാക്കിയിരിക്കുന്നത്.
'എന്റെ സമ്പാദ്യമെല്ലാം തീര്‍ന്നുകൊണ്ടിരിക്കുകയാണ്. എങ്കിലും ലോക്ഡൗണില്‍ കുടുങ്ങിയവരെ ലോണെടുത്തായാലും സഹായിക്കും. കാരണം, എനിക്ക് ഇനിയും സമ്പാദിക്കാൻ സാധിച്ചേക്കും. ഇപ്പോള്‍ പലരും ബുദ്ധിമുട്ടുന്ന സാഹചര്യത്തില്‍ അല്പം മനുഷ്യത്വമാണ് ആവശ്യമെന്ന് തോന്നുന്നു. ഇതിനെ നമുക്ക് ഒരുമിച്ച് നേരിടാം. പൊരുതി ജയിക്കാം' -അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. പ്രകാശ് രാജ് ഫൌണ്ടേഷന്റെ നേതൃത്വത്തിലാണ് അദ്ദേഹം സേവനങ്ങള്‍ നടത്തുന്നത്.
പ്രകാശ് രാജിന്റെ തീരുമാനത്തെ സ്വാഗതം ചെയ്തുകൊണ്ടും അഭിനന്ദിച്ചുകൊണ്ടും നിരവധിയാളുകളാണ് രംഗത്തെത്തി. ആയിരത്തോളം കുടുംബങ്ങളെയാണ് ലോക്ഡൗണിൽ ഫൗണ്ടേഷൻ സഹായിച്ചത്. 30 ദിവസവേതനക്കാരെ അദ്ദേഹത്തിന്റെ ഫാം ഹൗസില്‍ താമസിപ്പിക്കുകയും ചെയ്തു. തന്റെ വീട്ടിലും ഫാമിലും പ്രൊഡക്ഷൻ ഹൗസിലും ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് മൂന്ന് മാസത്തെ ശമ്പളം പ്രകാശ് രാജ് മുൻകൂറായി നൽകിയിരുന്നു. ലോക് ഡൌണ്‍ സമയത്ത് സഹായം ആവശ്യമുള്ള ഒരാളെയെങ്കിലും സഹായിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.