LiveTV

Live

Entertainment

കോവിഡ് പ്രതിരോധം; കേരളത്തെ കണ്ടുപഠിക്കൂയെന്ന് തമിഴ് നിര്‍മ്മാതാവ്

കോവിഡ് രോഗമുക്തി നേടിയവരുടെ എണ്ണത്തിൽ കേരളമാണ് മുന്നിൽ

കോവിഡ് പ്രതിരോധം; കേരളത്തെ കണ്ടുപഠിക്കൂയെന്ന് തമിഴ് നിര്‍മ്മാതാവ്

കേരളത്തിന്റെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ ലോകം മുഴുവന്‍ പ്രശംസിച്ചിട്ടുള്ളതാണ്. ഇന്ത്യയില്‍ ആദ്യം കോവിഡ് റിപ്പോര്‍ട്ട് ചെയ്തത് കേരളത്തിലായിരുന്നിട്ട് പോലും അവിടെ നിന്നും മികച്ച പ്രവര്‍ത്തനങ്ങള്‍ കൊണ്ട് കോവിഡിനെ പതിയെ പിടിച്ചുകെട്ടിക്കൊണ്ടിരിക്കുകയാണ് കൊച്ചുകേരളം. പ്രതിരോധ പ്രവര്‍ത്തനത്തില്‍ അയല്‍സംസ്ഥാനമായ തമിഴ്നാട് കേരളത്തിനെ മാതൃകയാക്കണമെന്ന് ആവശ്യപ്പെടുകയാണ് തമിഴകത്തെ പ്രശസ്ത നിര്‍മ്മാതാവ് എസ്.ആര്‍ പ്രഭു.

കോവിഡ് രോഗമുക്തി നേടിയവരുടെ എണ്ണത്തിൽ കേരളമാണ് മുന്നിൽ. മറ്റുള്ള സംസ്ഥാനങ്ങൾ കേരളത്തെ മാതൃകയാക്കണമെന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. ഒപ്പം വിവിധ സംസ്ഥാനങ്ങളിലെ കൊറോണ കണക്കും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്.

ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളുമായും ലോകത്തിലെ മറ്റു രാജ്യങ്ങളുമായും താരതമ്യം ചെയ്യുമ്പോൾ കൊറോണ മോചിതരുടെ നിരക്കിൽ ഒന്നാമതാണ് കേരളം. ഇതിന് കേരളത്തെ ആദരിക്കണം. അവരിൽ നിന്ന് മറ്റു സംസ്ഥാനങ്ങൾ നിർദേശങ്ങൾ സ്വീകരിക്കണം. അങ്ങനെ സംഭവിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.- എസ്.ആർ പ്രഭു കുറിച്ചു. കാര്‍ത്തി നായകനായ ഹിറ്റ് ചിത്രം കൈതിയുടെ നിര്‍മ്മാതാവാണ് പ്രഭു.

കേരളത്തില്‍ കോവിഡ് ബാധിതരുടെ എണ്ണം പതിയെ കുറഞ്ഞു വരികയാണ്. ഇന്നലെ ഒരാള്‍ക്ക് മാത്രമാണ് വൈറസ് സ്ഥിരീകരിച്ചത്. 387 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 218 പേര്‍ ഇതുവരെ രോഗവിമുക്തരായി. നിരീക്ഷണത്തിലുള്ളവരുടെ എണ്ണം ഒരു ലക്ഷത്തിന് താഴെയായിട്ടുണ്ട്. രോഗവ്യാപനം കുറഞ്ഞെങ്കിലും ജാഗ്രത തുടരണമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.