‘ലിജോ, ഞാൻ നിങ്ങളുടെ വലിയ ആരാധകനാണ്’: ഫേസ്ബുക്ക് ലൈവില്‍ മണിരത്നം
ഭാര്യയും അഭിനേത്രിയുമായ സുഹാസിനിയുമൊത്തുള്ള ഫേസ്ബുക്ക് ലൈവിലായിരുന്നു മണിരത്നത്തിന്റെ പരാമര്‍ശം.

ലിജോ ജോസ് പെല്ലിശേരിയുടെ വലിയ ആരാധകനാണ് താനെന്ന് തെന്നിന്ത്യന്‍ സിനിമയിലെ മുന്‍നിര സംവിധായകരില്‍ ഒരാളായ മണിരത്നം. ഭാര്യയും അഭിനേത്രിയുമായ സുഹാസിനിയുമൊത്തുള്ള ഫേസ്ബുക്ക് ലൈവിലായിരുന്നു മണിരത്നത്തിന്റെ പരാമര്‍ശം.
സുഹാസിനിയുടെയും മണിരത്നത്തിന്റെയും മകന് ലണ്ടനില്‍ നിന്ന് വന്നതിനെ തുടര്‍ന്ന് ഹോം ഐസൊലേഷനിലായിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ ഇന്‍സ്റ്റഗ്രാമിലും ഫേസ്ബുക്കിലും ലോക്ഡൌണ് വിശേഷങ്ങള്‍ സജീവമായി പങ്ക് വെക്കലായിരുന്നു സുഹാസിനിയുടെ പ്രധാന വിനോദം. താരങ്ങളും ഗായകരും ലൈവില്‍ സുഹാസിനിക്കൊപ്പം ചേരാറുമുണ്ട്. ലോക്ക് ഔട്ട് 21ാം ദിനം ഫൈനല്‍ ലൈവ് എന്ന നിലയിലാണ് സുഹാസിനി മണിരത്നത്തിനൊപ്പം ലൈവിലെത്തിയത്.
ഫേസ്ബുക്ക് ലൈവില്‍ ലിജോ ജോസ് ജോയിന്‍ ചെയ്തതോടെ നിങ്ങളുടെ ഫേവറിറ്റ് ഡയറക്ടര്‍ ലൈവ് കാണുന്നുണ്ട് എന്ന് സുഹാസിനി മണിരത്നത്തോട് പറയുകയായിരുന്നു. ‘ഹലോ ലിജോ, മണി നിങ്ങളുടെ സിനിമകളെക്കുറിച്ച് ഒരുപാട് സംസാരിക്കാറുണ്ട്. ഞാന്‍ നിങ്ങളുടെ ഒരു സിനിമ മാത്രമാണ് കണ്ടിട്ടുളളത്’. തുടര്‍ന്ന് സുഹാസിനിയുടെ സംസാരത്തിന് ഇടയില്‍ കയറി മണിരത്നം ലിജോയെക്കുറിച്ച് പറയുകയായിരുന്നു. ‘ലിജോ ഞാന്‍ നിങ്ങളുടെ വലിയ ഫാന്‍ ആണ്. ഇപ്പോഴുളള മികച്ച സംവിധായകരില്‍ ഒരാളാണ് നിങ്ങള്‍, കണ്‍ഗ്രാറ്റ്സ്, കീപ്പ് ഇറ്റ് അപ്പ്.’ മണിരത്നം പറഞ്ഞു.