LiveTV

Live

Entertainment

‘താങ്ക്യൂ മമ്മൂക്കാ’ ഐക്യദീപ പിന്തുണക്ക് നന്ദി പറഞ്ഞ് മോദി

‘താങ്ക്യു മമ്മൂക്കാ’ എന്ന് അഭിസംബോധന ചെയ്താണ് മോദി ട്വിറ്ററില്‍ നന്ദി പ്രകടിപ്പിച്ചത്.

‘താങ്ക്യൂ മമ്മൂക്കാ’ ഐക്യദീപ പിന്തുണക്ക് നന്ദി പറഞ്ഞ് മോദി

പ്രധാനമന്ത്രിയുടെ ഐക്യദീപ ആഹ്വാനത്തിന് പിന്തുണ അറിയിച്ച നടന്‍ മമ്മൂട്ടിക്ക് നരേന്ദ്രമോദിയുടെ വക നന്ദി. ഐക്യദീപത്തിന് തന്‍റെ പിന്തുണയുണ്ടെന്നും എല്ലാവരും ഇതില്‍ പങ്കാളികളാവണമെന്നാണ് ആഗ്രഹമെന്നും മമ്മൂട്ടി ഇന്നലെ ഫേസ്ബുക്ക് വീഡിയോയിലൂടെ പറഞ്ഞിരുന്നു. ട്വിറ്ററിലും താരം വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. മമ്മൂട്ടിയുടെ ട്വീറ്റ് റീട്വീറ്റ് ചെയ്താണ് മോദി പിന്തുണക്ക് നന്ദി അറിയിച്ചത്.

‘താങ്ക്യു മമ്മൂക്കാ’ എന്ന് അഭിസംബോധന ചെയ്താണ് മോദി ട്വിറ്ററില്‍ നന്ദി പ്രകടിപ്പിച്ചത്. ഐക്യത്തിനും സാഹോദര്യം നിലനിര്‍ത്തുന്നതിനും താങ്കളുടേത് പോലുള്ള മനസറിഞ്ഞ ആഹ്വാനങ്ങളാണ് കൊറോണക്കെതിരായ പോരാട്ടത്തില്‍ രാജ്യത്തിന് ആവശ്യമെന്നും മോദി കൂട്ടിച്ചേര്‍ത്തു. 9പിഎം9മിനിറ്റ് എന്ന ഹാഷ് ടാഗും പ്രധാനമന്ത്രി ഒപ്പം ചേര്‍ത്തിട്ടുണ്ട്.

ഐക്യദീപത്തിന് പിന്തുണ അറിയിച്ചു കൊണ്ടുള്ള മമ്മൂട്ടിയുടെ ഫേസ്‍ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

കോവിഡ് എന്ന മഹാവിപത്തിനെതിരെ നമ്മുടെ നാട് ഒറ്റക്കെട്ടായി ഒറ്റ മനസ്സോടെ എല്ലാ കഷ്ടനഷ്ടങ്ങളും സഹിച്ച് പോരാടുന്ന ഈ സന്ദര്‍ഭത്തില്‍, നമ്മുടെ ബഹുമാനപ്പെട്ട പ്രധാനമന്ത്രിയുടെ അഭ്യര്‍ഥന പ്രകാരം നാളെ ഏപ്രില്‍ അഞ്ചിന് രാത്രി ഒമ്പതുമണി മുതല്‍ ഒമ്പതുമിനുട്ട് നേരം എല്ലാവരും അവരവരുടെ വീടുകളില്‍ തെളിയിക്കുന്ന ഐക്യദീപത്തിന് എന്റെ എല്ലാ പിന്തുണയും എല്ലാ ആശംസകളും. ഐക്യത്തിന്റെയും സാഹോദര്യത്തിന്റെയും പ്രതീകമായി ഈ മഹാസംരംഭത്തിന് എല്ലാവരും പങ്കാളികളാകണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. അഭ്യര്‍ഥിക്കുന്നു

വെള്ളിയാഴ്ച രാവിലെ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിച്ച പ്രധാനമന്ത്രി മോദി ജനങ്ങളോട് ഐക്യദീപം തെളിയിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. ഞായറാഴ്ച രാത്രി ഒമ്പത് മണിക്ക് ഒമ്പത് മിനുട്ട് ഐക്യദീപം തെളിയിക്കാനാണ് മോദി ആവശ്യപ്പെട്ടത്. ഈ സന്ദര്‍ഭത്തില്‍ എല്ലാ ലൈറ്റുകളും അണയ്ക്കാനും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്തുണയുമായാണ് നടന്‍ മമ്മൂട്ടി ശനിയാഴ്ച രംഗത്തുവന്നത്