LiveTV

Live

Entertainment

സര്‍ക്കാര്‍ വൈകിട്ട് കുറച്ചുസമയത്തേക്കെങ്കിലും മദ്യശാലകള്‍ തുറക്കണമെന്ന് ബോളിവുഡ് നടന്‍ ഋഷി കപൂര്‍

ഇപ്പോഴത്തെ ഈ അനിശ്ചിതാവസ്ഥ മൂലം മാനസിക സമ്മര്‍ദം കൊണ്ട് മനുഷ്യര്‍ ബുദ്ധിമുട്ടുകയാവും

 സര്‍ക്കാര്‍ വൈകിട്ട് കുറച്ചുസമയത്തേക്കെങ്കിലും മദ്യശാലകള്‍ തുറക്കണമെന്ന് ബോളിവുഡ് നടന്‍ ഋഷി കപൂര്‍

കോവിഡ് വ്യാപനത്തെ തടയുന്നതിന്റെ ഭാഗമായി രാജ്യം ലോക് ഡൌണിലാണ്. കടകളും സ്ഥാപനങ്ങളുമെല്ലാം അടച്ചിരിക്കുകയാണ്, നിരത്തുകള്‍ പലതും ശൂന്യം. അത്യാവശ്യ സാധനങ്ങള്‍ ലഭിക്കുന്ന കടകളൊഴികെ ബാക്കിയൊന്നും പ്രവര്‍ത്തിക്കുന്നില്ല. മദ്യശാലകളും അടച്ചിരിക്കുകയാണ്. എന്നാല്‍ മദ്യശാലകള്‍ക്ക് ഷട്ടറിട്ടത് വലിയ തോതില്‍ തലവേദന സൃഷ്ടിച്ചിരിക്കുകയാണ്. മദ്യം കിട്ടാത്തത് മൂലം കേരളത്തില്‍ രണ്ട് പേര്‍ ആത്മഹത്യ ചെയ്തിരുന്നു. കേരളത്തില്‍ മാത്രമല്ല, മറ്റ് സംസ്ഥാനങ്ങളിലും ഇത് തന്നെയാണ് അവസ്ഥ. ഈ സാഹചര്യത്തില്‍ മദ്യശാലകള്‍ തുറക്കണമെന്ന നിര്‍ദ്ദേശവുമായി രംഗത്തെത്തിയിരിക്കുകയാണ് ബോളിവുഡ് താരം ഋഷി കപൂര്‍.

‘ഒന്ന് ആലോചിച്ചു നോക്കൂ. സര്‍ക്കാര്‍ വൈകിട്ട് കുറച്ച് സമയത്തേക്കെങ്കിലും മദ്യശാലകള്‍ തുറന്നുവെക്കണം. ഞാന്‍പറയുന്നത് തെറ്റായെടുക്കരുത്. ഇപ്പോഴത്തെ ഈ അനിശ്ചിതാവസ്ഥ മൂലം മാനസിക സമ്മര്‍ദം കൊണ്ട് മനുഷ്യര്‍ ബുദ്ധിമുട്ടുകയാവും. പൊലീസുകാരായാലും ഡോക്ടര്‍മാരായാലും… ഇതില്‍ നിന്നും അവര്‍ക്കും അല്പം മോചനം വേണം. കരിഞ്ചന്തയിലും ഇതിപ്പോള്‍ വിറ്റ് തുടങ്ങിയിട്ടുണ്ട്.’ ഋഷി കപൂര്‍ ട്വീറ്റ് ചെയ്യുന്നു.

ഇത് തന്റെ അഭിപ്രായമാണെന്നും സംസ്ഥാന സര്‍ക്കാരുകള്‍ക്ക് എക്‌സൈസ് നികുതിയിലൂടെ പണം വേണ്ടി വരുമല്ലോയെന്നും മാനസിക പിരിമുറുക്കത്തോടൊപ്പം നിരാശയും കടന്നു കൂടരുതെന്നും അദ്ദേഹം പറയുന്നു. താരത്തിന്റെ അഭിപ്രായത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി കമന്റുകളാണ് വരുന്നത്.

ബോളിവുഡ് സംവിധായകന്‍ കുനാല്‍ കോഹ്‍ലി ഋഷി കപൂറിനെ അനൂകൂലിച്ച് കൊണ്ട് രംഗത്ത് വന്നു. രാവിലെ 9 മുതല്‍ 2 വരെയെങ്കിലും മദ്യശാലകള്‍ തുറന്നുപ്രവര്‍ത്തിക്കണമെന്നും ഇതില്‍ നിന്നും ലഭിക്കുന്ന വരുമാനം സര്‍ക്കാരിന് ആവശ്യമാണെന്നും കുനാല്‍ പറഞ്ഞു.എന്നാല്‍ ഈ ലോക് ഡൌണ്‍ ഒരു പുനരധിവാസ ക്യാമ്പാണെന്ന് കരുതി അതിനനുസരിച്ച് ജീവിക്കണമെന്നാണ് ഒരാള്‍ ട്വീറ്റ് ചെയ്തത്. നിങ്ങള്‍ക്ക് ഭ്രാന്താണോ എന്നും ഒരാള്‍ ചോദിക്കുന്നുണ്ട്.