LiveTV

Live

Entertainment

ലോക്ക്ഡൌണ്‍ കാലത്ത് ജനങ്ങളുടെ ബോറടി മാറ്റാന്‍ രാമായണം സീരിയലിന്റെ പുനഃസംപ്രേഷണവുമായി ദൂരദര്‍ശന്‍

ജനങ്ങളുടെ താല്‍പ്പര്യപ്രകാരമാണ് 1987ല്‍ പ്രക്ഷേപണം ആരംഭിച്ച പരമ്പര വീണ്ടും സംപ്രേഷണം ചെയ്യുന്നതെന്ന് വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രി

ലോക്ക്ഡൌണ്‍ കാലത്ത് ജനങ്ങളുടെ ബോറടി മാറ്റാന്‍ രാമായണം സീരിയലിന്റെ പുനഃസംപ്രേഷണവുമായി ദൂരദര്‍ശന്‍

കോവിഡ് കാലത്ത് ജനങ്ങളുടെ ബോറടി മാറ്റാന്‍ നാളെ മുതല്‍ രാമായണം സീരിയല്‍ ദൂരദര്‍ശനില്‍ പുനഃസംപ്രേഷണം ചെയ്യുമെന്ന് കേന്ദ്രസര്‍ക്കാര്‍. ജനങ്ങളുടെ താല്‍പ്പര്യപ്രകാരമാണ് 1987ല്‍ പ്രക്ഷേപണം ആരംഭിച്ച പരമ്പര വീണ്ടും സംപ്രേഷണം ചെയ്യുന്നതെന്ന് വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രി പ്രകാശ് ജാവദേക്കര്‍ പറഞ്ഞു.

ഇന്ത്യയുടെ ടെലിവിഷന്‍ രംഗത്ത് ചരിത്രം കുറിച്ച പരമ്പരയായിരുന്നു രാമായണം. വാല്‍മീകി രചിച്ച പുരാണകാവ്യത്തിന്റെ ആഖ്യാനമായിരുന്നു രാമായണം സീരിയല്‍. രാമാനന്ദ് സാഗര്‍ ആയിരുന്നു സംവിധാനം. 55 രാജ്യങ്ങളില്‍ ടെലികാസ്റ്റ് ചെയ്തു. 650 ദശലക്ഷത്തോളം ആളുകള്‍ പരമ്പര കണ്ടു. ഇന്ത്യന്‍ ടെലിവിഷന്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ വരുമാനം സമാഹരിച്ച പരമ്പരയായി രാമായണം മാറി.

ജനങ്ങളുടെ നിരന്തരമായ ആവശ്യപ്രകാരമാണ് രാമായണം സീരിയല്‍ പുനഃസംപ്രേഷണം ചെയ്യുന്നതെന്ന് കേന്ദ്ര മന്ത്രി പ്രകാശ് ജാവദേക്കര്‍ ട്വീറ്റ് ചെയ്തു. രാവിലെ ഒമ്പത് മുതൽ 10 വരെയും രാത്രി ഒമ്പത് മുതൽ 10 വരെയാണ് രാമായണം സീരിയൽ ദൂരദർശനിൽ സംപ്രക്ഷേപണം ചെയ്യുക.

ലോക്ഡൗണില്‍ കഴിയുന്ന ജനങ്ങളുടെ ബോറടി മാറ്റാന്‍ രാമായണം, മഹാഭാരതം സീരിയലുകള്‍ പുനഃസംപ്രക്ഷേപണം ചെയ്യുമെന്ന് പ്രസാര്‍ ഭാരതി സി.ഇ.ഒ ശശി ശേഖറും അറിയിച്ചിരുന്നു. ടെലിവിഷൻ അന്യമായിരുന്ന കാലത്താണ് ഇന്ത്യയിലെ ജനലക്ഷങ്ങളെ മഹാഭാരതം, രാമായണം പരമ്പരകൾ ആഴത്തില്‍ സ്വാധീനിച്ചത്. ഇന്ത്യയുടെ രാഷ്ട്രീയ ഗതി മാറ്റിയെഴുതുന്നതിന് തന്നെ രാമായണം, മഹാഭാരതം പരമ്പരകള്‍ കാരണമായി.