LiveTV

Live

Entertainment

കോവിഡ് 19; തന്റെ വീട് ആശുപത്രിയാക്കാന്‍ വിട്ടുനല്‍കാമെന്ന് കമല്‍ഹാസന്‍

സര്‍ക്കാര്‍ അനുമതി നല്‍കുകയാണെങ്കില്‍ തന്റെ പാര്‍ട്ടിയിലെ ഡോക്ടര്‍മാര്‍ രോഗികളെ ചികിത്സിക്കാന്‍ തയ്യാറാണെന്നും കമല്‍ ഹാസന്‍ അറിയിച്ചു

കോവിഡ് 19; തന്റെ വീട് ആശുപത്രിയാക്കാന്‍ വിട്ടുനല്‍കാമെന്ന് കമല്‍ഹാസന്‍

കൊറോണ വൈറസ് പടരുന്ന പശ്ചാത്തലത്തില്‍ തന്റെ പഴയ വീട് താത്കാലിക ആശുപത്രിയാക്കാന്‍ വിട്ടുനല്‍കാമെന്ന് നടനും മക്കള്‍ നീതി മയ്യം അധ്യക്ഷനുമായ കമല്‍ഹാസന്‍. സര്‍ക്കാര്‍ അനുമതി നല്‍കുകയാണെങ്കില്‍ തന്റെ പാര്‍ട്ടിയിലെ ഡോക്ടര്‍മാര്‍ രോഗികളെ ശുശ്രൂഷിക്കാന്‍ തയ്യാറാണെന്നും കമല്‍ ഹാസന്‍ അറിയിച്ചു. ട്വിറ്ററിലൂടെയാണ് കമല്‍ സഹായം വാഗ്ദാനം ചെയ്തത്.

എന്നാല്‍ താനും കുടുംബവും സ്വയം ഐസലോഷനിലാണെന്ന് മകളും നടിയുമായ ശ്രുതി ഹാസന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കമല്‍ ഹാസനും അക്ഷരയും ചെന്നൈയിലാണെങ്കിലും രണ്ടുപേരും രണ്ടു വീടുകളിലായാണ് താമസം. മുംബൈയില്‍ മറ്റൊരു വീട്ടിലാണ് അമ്മ സരിക താമസിക്കുന്നതെന്നും ശ്രുതി ഒരു അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു.

‘’എന്റെ കുടുംബം മുഴുവനും സ്വയം നിരീക്ഷണത്തിലാണ്. ഡാഡിയും അക്ഷരയും ചെന്നൈയിലാണ്, പക്ഷേ പ്രത്യേക വീടുകളിലാണ്. ഞങ്ങള്‍ എല്ലാവരും പല സ്ഥലങ്ങളില്‍ പല സമയങ്ങളില്‍ യാത്ര ചെയ്തവരാണ്. അതുകൊണ്ട് എല്ലാവരും ഒരുമിച്ച് ഒരിടത്ത് സ്വയം നിരീക്ഷണത്തില്‍ കഴിയുന്നതില്‍ അര്‍ഥമില്ല. എല്ലാവരും അത്തരത്തില്‍ ഒരു തീരുമാനം എടുക്കണം എന്നാണ് എനിക്കു തോന്നുന്നത്,'' ശ്രുതി ഹാസന്‍ പറഞ്ഞു.

തന്റെ ക്വാറെന്റന്‍ അനുഭവങ്ങളും ശ്രുതി പങ്കുവച്ചിരുന്നു. ''ഒറ്റയ്ക്കാകുക എന്നത് എനിക്ക് ശീലമാണ്. പക്ഷെ പുറത്ത് പോകാന്‍ സാധിക്കാത്തതും, ഇതൊക്കെ എങ്ങോട്ടാണ് എത്രനാളാണ് എന്നറിയാത്തതുമാണ് പ്രയാസം. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ആളുകള്‍ ഇത് ഗൗരവമായി എടുക്കാന്‍ തുടങ്ങി. എന്തായാലും ഞാന്‍ തിരിച്ചെത്തുമ്പോഴേക്കും ചിത്രീകരണങ്ങളെല്ലാം നിര്‍ത്തിവച്ചിരുന്നത് ഭാഗമായി,''ശ്രുതി വ്യക്തമാക്കി.

ലണ്ടനില്‍ നിന്നും മടങ്ങിയെത്തിയ ഉടനെ ശ്രുതി ക്വാറന്റൈനില്‍ പ്രവേശിക്കുകയായിരുന്നു. തന്റെ വളര്‍ത്തു പൂച്ച ക്ലാരയോടൊപ്പമുള്ള ഫോട്ടോയും ഈയിടെ ശ്രുതി ഷെയര്‍ ചെയ്തിരുന്നു.