LiveTV

Live

Entertainment

എനിക്കിപ്പോൾ പൂർണ്ണ ബോധ്യമായി എന്റെ ഒരു പിരിയും ലൂസായിട്ടില്ലെന്ന്-ബാലചന്ദ്ര മേനോന്‍

കാരണം ഒരു ചാനലിൽ വരുന്ന ഷോയിൽ നിന്ന് പുള്ളിക്കാരന് പ്രിയപ്പെട്ട ഒരു മത്സരാർത്ഥി പുറത്തായി..അത്ര തന്നെ

എനിക്കിപ്പോൾ പൂർണ്ണ ബോധ്യമായി എന്റെ ഒരു പിരിയും ലൂസായിട്ടില്ലെന്ന്-ബാലചന്ദ്ര മേനോന്‍

റിയാലിറ്റി ഷോയില്‍ നിന്നും രജിത് കുമാര്‍ പുറത്തായതിന് ശേഷം കേരളത്തില്‍ അരങ്ങേറിക്കൊണ്ടിരിക്കുന്ന സംഭവവികാസങ്ങളില്‍ പ്രതികരണവുമായി നടനും സംവിധായകനുമായ ബാലചന്ദ്ര മേനോന്‍.

ബാലചന്ദ്ര മേനോന്റെ ഫേസ്ബുക്ക് പോസ്റ്റ്

1967 ൽ ശ്രീ പി.എ . തോമസ് സംവിധാനം ചെയ്ത " ജീവിക്കാൻ അനുവദിക്കൂ " (അപ്പോൾ , അന്നേ ആരും ജീവിക്കാൻ അനുവദിക്കാറില്ല എന്ന് സ്പഷ്ടം. ) എന്നൊരു ചിത്രമുണ്ട് . അതിൽ പി . ഭാസ്‌ക്കരൻ എഴുതി വിജയഭാസ്‌ക്കർ സംഗീത സംവിധാനം ചെയ്ത ഒരു പാട്ടുണ്ട് . അത് പാടിയതാകട്ടെ , പതിവിനു വിപരീതമായി യേശുദാസും പിന്നെ പട്ടം സദനും "അരപ്പിരി ഇളകിയാതാർക്കാണ് ? എനിക്കല്ലാ ..എനിക്കല്ലാ .. എല്ലാർക്കും എല്ലാർക്കും പിരിയിളക്കം പിരിയിളക്കം !"

സ്കൂൾ വിദ്യാർത്ഥികളായ ഞങ്ങൾ അന്ന്, ഇന്നത്തെ ഭാഷയിൽ പറഞ്ഞാൽ, 'അടിച്ചു പൊളിച്ചതാണ് ഈ പാട്ട് .ഇപ്പോൾ ഓർക്കാപ്പുറത്ത് ഈ പാട്ടു ഓർക്കാനും ഒരു കാരണമുണ്ട് .അടുത്തിടെ എന്റെ ഫേസ്‌ബുക്കിൽ ഒരു ചങ്ങാതി ഒരു കുസൃതി ചോദ്യം ഉന്നയിച്ചു :"താങ്കളുടെ ഒരു പിരി 'ലൂസാ' ണെന്ന്‌ ഞാൻ പറഞ്ഞാൽ സമ്മതിക്കുമോ?" ആലോചിച്ചപ്പോൾ എന്റെ പല തീരുമാനങ്ങളും കാണുമ്പോൾ അല്ലെങ്കിൽ എന്റെ ചുറ്റുപാടുകളോട് ഞാൻ പ്രതികരിക്കുന്ന രീതികൾ കണ്ടാൽ ഒരു പിരി അറിയാതെ ലൂസായിപ്പോയോ എന്ന സംശയം തോന്നാം . അല്ലെങ്കിൽ ,അന്റാർട്ടിക്ക ഒഴിച്ച് ഭൂതലത്തിലാകെ കാട്ടുതീ പോലെ പടർന്നു പിടിക്കുന്ന 'കൊറോണാ വൈറസ് ' അല്ലെങ്കിൽ കോവിഡ് 19 എന്ന മഹാമാരിയെക്കുറിച്ചു കേൾക്കുമ്പോൾ ഇങ്ങനൊക്കെ കാടുകയറി ആലോചിക്കേണ്ട വല്ല കാര്യവുമുണ്ടോ എന്ന് നിങ്ങൾക്ക് തോന്നാം. ഇനി ഞാൻ എന്റെ ചിന്തകളിൽ വ്യാപരിക്കട്ടെ .

പ്രൈമറി സ്കൂൾ കാലത്തു രാത്രിയിൽ ഉറങ്ങുവാൻ മുത്തശ്ശി എന്നും എനിക്ക് ഓരോ കഥ പറഞ്ഞു തരും . കംസന്റെ കസ്റ്റഡിയിൽ പിറന്ന കൃഷ്ണന്റെ ജനന വിശേഷങ്ങളിൽ മഴയും പ്രളയവുമൊക്കെ വന്നു . മഴ എനിക്കറിയാം . പക്ഷെ പ്രളയം എന്നാൽ എന്താണ് ? വെള്ളം കരയിലേക്ക് ഇരച്ചു കയറി എല്ലാം മുക്കിക്കളയും ! ഇത് എവിടെ എന്ന് നടക്കാനാണ്‌ എന്ന് ഞാൻ മുത്തശ്ശിയോട് ചോദിച്ചു. കഥയിൽ മസാല ചേർക്കുന്നതിനും ഒരു പരിധി വേണ്ടേ മുത്തശ്ശി ? ,ഞാൻ പൊട്ടിച്ചിരിച്ചു .

എന്നാൽ കഴിഞ വർഷം ഞാൻ ജീവിതത്തിൽ കണ്ട ആദ്യ പ്രളയം എന്റെ കൊച്ചു കേരളത്തെ വിഴുങ്ങുന്നത് ഞാൻ കണ്ടു . ടി വി യിൽ കണ്ട ദുരന്തദൃശ്യങ്ങൾ കണ്ട് എന്റെ മനസ്സ് പൊട്ടിക്കരഞ്ഞു. മുത്തശ്ശി അന്ന് പറഞ്ഞത് ഇന്ന് സത്യമായല്ലോ എന്ന് ഞാൻ അത്ഭുതപ്പെട്ടു .മുത്തശ്ശിക്ക് സ്തുതി .

അന്നൊക്കെ രാവിലെ അടുക്കളയിലെ പെണ്ണുങ്ങൾ ചന്തസാമാനങ്ങൾ പോയി വാങ്ങി മുത്തശ്ശി സമക്ഷം സമർപ്പിക്കണം .വിലവിവരങ്ങൾ ബോധ്യപ്പെടുത്തണം .മുത്തശ്ശി ഒരിക്കൽ ദേഷ്യപ്പെടുന്നത് ഞാൻ കേട്ടു ."അടുക്കള സാധനങ്ങൾക്കൊക്കെ എന്ത് തീ പിടിച്ച വിലയാ പൊന്നമ്മേ ! ഇങ്ങനെയാണേൽ നാളെ കുടിക്കാനുള്ള വെള്ളം കാശു കൊടുത്ത് വാങ്ങേണ്ടി വരുമല്ലോ "

മുത്തശ്ശി നേരത്തെ മരിച്ചതുകൊണ്ടു അതു വേണ്ടി വന്നില്ല . എന്നാൽ ഞങ്ങൾ കുടിവെള്ളം കാശു കൊടുത്ത് വാങ്ങി കുടിക്കാൻ തുടങ്ങി .. അത് കുടിച്ചു കൊണ്ടിരിക്കുമ്പോൾ 'കുടിവെള്ളത്തിൽ കക്കൂസ് മാലിന്യം ' എന്ന ചാനൽ വാർത്ത കേൾക്കാതിരുന്നാൽ മാത്രം മതിയായിരുന്നു എന്ന് പലപ്പോഴും തോന്നിയിട്ടുമുണ്ട് .

ഒരു രാത്രിയിൽ എന്തോ പറഞ്ഞുള്ള സന്തോഷത്തിൽ എന്നെ വരിഞ്ഞു മുറുക്കി കെട്ടിപ്പിടിച്ചു കൊണ്ട് മുത്തശ്ശി പറഞ്ഞു :"നീ നോക്കിക്കോ ..നീ നല്ല കുട്ടിയാണെങ്കിൽ നിനക്കു ഞാനെന്റെ 'ചങ്കും കരളും ' പറിച്ചു തരും ." അപ്പോഴും ഞാൻ മുത്തശ്ശിയെ കളിയാക്കി ."മുത്തശ്ശി എന്ത് മണ്ടത്തരമാ ഇപ്പറയുന്നെ ? ചങ്കും കരളും അങ്ങ് അകത്തല്ലേ ഇരിക്കുന്നെ ...'

മുത്തശ്ശി പറഞ്ഞ ആ കാര്യവും യാഥാർഥ്യമായി .പക്ഷെ ,കരളും ഹൃദയവുമൊക്കെ മാറ്റി വെക്കുന്ന ശസ്ത്രക്രിയകൾ നാട്ടിൽ പ്രചാരത്തിലാവുന്നതിനു മുൻപേ മുത്തശ്ശി പരലോകം പൂകി. നമുക്ക് ചുറ്റുമുള്ള ലോകം അൽപ്പം മതി മറന്നോ എന്ന് ഒരു സംശയം . കൂപ്പുകൈ പഴഞ്ചനായപ്പോൾ കെട്ടിപ്പിടുത്തമായി നാട്ടു നടപ്പ് .അതുകുറച്ചുക്കൂടി ന്യൂജെൻ ആയപ്പോൾ ചുംബനസമരം വരെയായി .....റെസ്ടാറന്റുകളിൽ 'റോബോട്ടുക"ൾ പരിചിതമുഖങ്ങളായി .കൊറോണയുടെ വരവോടെ നാട്ടിൽ പുതിയനിയമങ്ങളും സദാചാരബോധവും വന്നു , മനുഷ്യൻ മനുഷ്യനിൽ നിന്ന് ചുരുങ്ങിയത് രണ്ടു മീറ്ററെങ്കിലും ദൂരം സൂക്ഷിക്കണം അഭിവാദ്യങ്ങൾ കെട്ടിപ്പിടിച്ചും ഉമ്മ വെച്ചും വേണ്ട .ഭാരതത്തിന്റെ പാരമ്പരാഗതശൈലിയിൽ നമസ്‌തേയിൽ ഒതുക്കണമെന്ന് . ദൈവം ഉറങ്ങുന്ന അമ്പലങ്ങളിലെ ഉത്സവാഘോഷങ്ങൾ നിലച്ചു .പള്ളിയിലും മോസ്‌ക്കുകളിലും സുരക്ഷക്കായി ആചാരങ്ങളിൽ വ്യത്യാസം വന്നു .സമൂഹജീവിയായ മനുഷ്യന് ജീവ രക്ഷാർത്ഥം ഒറ്റപ്പെടേണ്ടി വന്നു. ഉൾവലിയേണ്ടി വന്നു .

ടീവിയിൽ കൊറോണയെ പ്രതിരോധിക്കാനായി കൈകൾ സോപ്പുപയോഗിച്ചു കഴുകുന്ന ഡെമോ കണ്ടുകൊണ്ടിരുന്നപ്പോൾ ഭാര്യയോട് ഞാൻ പറഞ്ഞു."ഇത് പണ്ട് മുത്തശ്ശി പറഞ്ഞിരുന്നതാ .പുറമെ നിന്ന് ആര് വന്നാലും നാലുകെട്ടിനുള്ളിൽ കയറുന്നതിനു മുൻപ് കയ്യും കാലും മുഖവും നിർബന്ധമായും കഴുകണം . അതിനായി ഒരു കിണ്ടിയും വെള്ളവും എപ്പോഴും റെഡി .അത് ശീലിച്ചു പോന്നതുകൊണ്ടു ടി വി യിലെ ഡെമോ പുതുതായി തോന്നിയില്ല .

അപ്പോൾ പറഞ്ഞു വരുന്നത്, നാമെല്ലാം മുത്തശ്ശി പറഞ്ഞതുപോലെ കാര്യങ്ങൾ പരിപാലിച്ചിരുന്നുവെങ്കിൽ കൊറോണ ഇത്ര കണ്ടു ആളാവില്ലായിരുന്നുവെന്നു തോന്നുന്നു . ഇല്ല...വൈകിയിട്ടില്ല നമുക്ക് ഇനിയെങ്കിലും സ്വയം ശക്തരാകാം അതിനുള്ള ശേഷി നമുക്കുണ്ട് .മനസ്ഥിതി ഉണ്ടാവുകയേ വേണ്ടു.....ഇങ്ങനെയൊക്കെ ചിന്തിച്ചതുകൊണ്ടു എന്റെ പിരി ലൂസായി എന്ന് ഞാൻ കരുതണോ ?

അകത്തു നിന്നും വന്ന ഭാര്യ അവൾക്കിഷ്ട്ടപ്പെട്ട ഒരു വാട്സാപ്പ് വീഡിയോ എന്നെ കാണിച്ചു .ആ വീഡിയോയിൽ കണ്ടത് ഒരു ഗൃഹനാഥൻ തന്റെ സ്വീകരണമുറിയിലിരുന്ന ടെലിവിഷൻ സെറ്റു കുപിതനായി പുറത്തേക്കുകൊണ്ടു വന്നു നിലത്തെറിഞ്ഞു പൊട്ടിക്കുന്നതായിട്ടാണ് . കാരണം ഒരു ചാനലിൽ വരുന്ന ഷോയിൽ നിന്ന് പുള്ളിക്കാരന് പ്രിയപ്പെട്ട ഒരു മത്സരാർത്ഥി പുറത്തായി , അത്ര തന്നെ ... എനിക്കിപ്പോൾ പൂർണ്ണ ബോധ്യമായി എന്റെ ഒരുപിരിയും ലൂസായിട്ടില്ലെന്ന് . മാത്രവുമല്ല ദാസേട്ടനും സദനും 1967 ൽ പാടിയ ആ വരികൾ ഞാൻ എനിക്ക് വേണ്ടി ഒന്നു കൂടി പാടിക്കോട്ടെ ..."അരപ്പിരി ഇളകിയാതാർക്കാണ് എനിക്കല്ലാ, എനിക്കല്ല എല്ലാർക്ക്മെല്ലാർക്കും പിരിയിളക്കം ...പിരിയിളക്കം ..."