LiveTV

Live

Entertainment

“റെയ്ഡുകളില്ലാത്ത, സമാധാനമുള്ള ജീവിതമായിരുന്നു”.. 

എതിരാളികളെ നമ്മുടെ വിജയം കൊണ്ട് ഇല്ലാതാക്കുകയെന്നും വിജയ് പറഞ്ഞു.

“റെയ്ഡുകളില്ലാത്ത, സമാധാനമുള്ള ജീവിതമായിരുന്നു”.. 

മാസ്റ്റര്‍ സിനിമയുടെ ഓഡിയോ ലോഞ്ചിനിടെ റെയ്ഡിനെ കുറിച്ച് നടന്‍ വിജയ് ഒളിയമ്പെയ്തു. ആദായ നികുതി വകുപ്പിന്റെ റെയ്ഡിനും ക്ലീന്‍ ചിറ്റിനും ശേഷം ആദ്യമായി വിജയ് പൊതുവേദിയില്‍ എത്തുന്നു എന്ന പ്രത്യേകത കൂടി ഓഡിയോ ലോഞ്ചിന് ഉണ്ടായിരുന്നു. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ചെറിയ രീതിയിലാണ് ഓഡിയോ ലോഞ്ച് സംഘടിപ്പിച്ചത്.

ഇപ്പോഴത്തെ ദളപതി വിജയ് 20 വര്‍ഷം മുന്‍പത്തെ ഇളയ ദളപതി വിജയിയോട് എന്താകും ആവശ്യപ്പെടുക എന്ന അവതാരകന്റെ ചോദ്യത്തിന് ആ പഴയ ജീവിതം തിരികെ വേണമെന്നാണ് ആവശ്യപ്പെടുകയെന്ന് വിജയ് വ്യക്തമാക്കി. അന്ന് സമാധത്തോടെയായിരുന്നു ഇരുന്നത്. അന്ന് റെയ്ഡുകളൊന്നും ഇല്ലായിരുന്നുവെന്നും താരം പറഞ്ഞു. ജീവിതത്തില്‍ നമ്മള്‍ പുഴ പോലെയായിരിക്കണം പുഴ സാധാരണ പോലെ ഒഴുകും. ഇഷ്ടമുള്ള ചിലര്‍ പുഴയിലേക്ക് പൂക്കള്‍ എറിയും. ഇഷ്ടമില്ലാത്ത ചിലര്‍ പുഴയിലേക്ക് കല്ലെറിയും. രണ്ടായാലും പുഴ ഒഴുകി കൊണ്ടിരിക്കും. പ്രശ്‌നങ്ങള്‍ ജീവിതത്തില്‍ വരും, പോകും. കാര്യമാക്കേണ്ട. എതിരാളികളെ നമ്മുടെ വിജയം കൊണ്ട് ഇല്ലാതാക്കുക. ചില സമയത്ത് സത്യസന്ധനായി ഇരിക്കണമെങ്കില്‍ മൌനിയായി ഇരിക്കേണ്ടി വരുമെന്നും വിജയ് പറഞ്ഞു.

ആരാധകര്‍ക്ക് ഈ ചടങ്ങില്‍ പങ്കെടുക്കാന്‍ കഴിയാത്തതില്‍ ക്ഷമ ചോദിച്ചുകൊണ്ടാണ് വിജയ് പ്രസംഗം തുടങ്ങിയത്. കറുപ്പ് സ്യൂട്ടിലാണ് വിജയ് എത്തിയത്. പതിവില്‍ നിന്ന് വ്യത്യസ്തമായി തന്റെ സുഹൃത്ത് അജിത്തിനെ പോലെയാണ് താന്‍ വസ്ത്രം ധരിച്ചിരിക്കുന്നതെന്ന് വിജയ് പറഞ്ഞു.

സംവിധായകന്‍ ലോകേഷ് കനകരാജ്, വിജയ് സേതുപതി, സംഗീത സംവിധായകന്‍ അനിരുദ്ധ് രവിചന്ദര്‍, മാളവിക മോഹനന്‍ തുടങ്ങിയവരും ചടങ്ങില്‍ എത്തിയിരുന്നു. കാര്‍ത്തി കേന്ദ്രകഥാപാത്രമായെത്തിയ കൈദിയ്ക്ക് ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് മാസ്റ്റര്‍. വില്ലന്‍ വേഷത്തിലാണ് വിജയ് സേതുപതിയെത്തുന്നത്. ആന്‍ഡ്രിയ, ശന്തനു ഭാഗ്യരാജ്, അര്‍ജുന്‍ ദാസ്, ശ്രീനാഥ്, സഞ്ജീവ് ഗൗരി കൃഷ്ണന്‍ തുടങ്ങിയവരും ചിത്രത്തിലുണ്ട്. സത്യന്‍ സൂര്യനാണ് ഛായാഗ്രഹണം. സേവ്യര്‍ ബ്രിട്ടോ ആണ് നിര്‍മാണം. ഏപ്രിലില്‍ ചിത്രം തിയേറ്ററുകളിലെത്തും.