LiveTV

Live

Entertainment

കൊറോണ: നാളെ മുതല്‍ തിയേറ്ററുകള്‍ അടച്ചിടും; ചിത്രീകരണം തുടരണമോയെന്ന് നിര്‍മാതാക്കള്‍ക്ക് തീരുമാനിക്കാം

കൊറോണ: നാളെ മുതല്‍ തിയേറ്ററുകള്‍ അടച്ചിടും; ചിത്രീകരണം തുടരണമോയെന്ന് നിര്‍മാതാക്കള്‍ക്ക് തീരുമാനിക്കാം

സംസ്ഥാനത്ത് കോവിഡ് 19 ബാധ സ്ഥിരീകരിച്ചതിനാല്‍ നാളെ മുതല്‍ തിയേറ്ററുകള്‍ അടച്ചിടാന്‍ തീരുമാനിച്ചതായി നിര്‍മാതാക്കളുടെ സംഘടന അറിയിച്ചു. കൊച്ചിയില്‍ ചേര്‍ന്ന ഫെഫ്ക, പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ, ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ എന്നിവരുടെ സംയുക്ത യോഗത്തിലാണ് തീരുമാനം അറിയിച്ചത്. തിയേറ്ററുകള്‍ അടച്ചിടുന്നതോടെ പുതിയതായി പുറത്തിറങ്ങാനിരിക്കുന്ന സിനിമകളുടെ റിലീസ് തിയ്യതിയും മാറും. ഈ മാസം പുറത്തിറങ്ങാനിരുന്ന മൂന്ന് ചിത്രങ്ങളും പുതിയ തീരുമാന പ്രകാരം റിലീസ് മാറ്റിയിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് പത്ര സമ്മേളനത്തില്‍ തിയേറ്ററുകള്‍ അടച്ചിടാന്‍ ആവശ്യപ്പെട്ട പശ്ചാത്തലത്തിലാണ് സിനിമാ സംഘടനകള്‍ തിരക്കിട്ട് തീരുമാനം പ്രഖ്യാപിച്ചത്.

നിലവില്‍ ചിത്രീകരണം നടന്നുകൊണ്ടിരിക്കുന്ന 20ന് മുകളില്‍ സിനിമകൾക്ക് അത് നിർത്തി വെച്ചാൽ ഉണ്ടാകുന്ന നഷ്ടം കണക്കിലെടുത്തുകൊണ്ട് ചിത്രീകരണം തുടരണമോ വേണ്ടയോ എന്ന് സംവിധായകനും പ്രൊഡ്യൂസര്‍ക്ക് തീരുമാനിക്കാമെന്നും ഫെഫ്ക്കയും പ്രൊഡ്യൂസേഴ്സ് അസോസിയേഷനും അറിയിച്ചു. ചിത്രീകരണ സെറ്റുകളില്‍ കോവിഡ് 19 തടയുന്നതിനുള്ള എല്ലാ മുന്‍കരുതല്‍ നടപടികളും സ്വീകരിക്കണമെന്നും ഏതെങ്കിലും സെറ്റുകളിൽ രോഗം റിപ്പോർട്ട് ചെയ്യപ്പെട്ടാൽ സര്‍ക്കാര്‍ നിർദ്ദേശം പാലിക്കുവാനും, ആ സിനിമയുടെ ചിത്രീകരണം നിർത്തിവെയ്ക്കാനും ഫെഫ്ക്ക ആവശ്യപ്പെട്ടു. മമ്മൂട്ടി ചിത്രം പ്രീസ്റ്റിൻ്റെ ഷൂട്ടിംഗ് ഇന്ന് വൈകിട്ടോടെ നിർത്തുമെന്നും യോഗത്തില്‍ അറിയിച്ചു.

പുതിയ തീരുമാനങ്ങളുടെ പശ്ചാത്തലത്തില്‍ മോഹന്‍ലാലിന്റെ മരക്കാര്‍ അറബിക്കടലിന്റെ സിംഹം, ടോവിനോ തോമസ് നായകനായ കിലോമീറ്റേഴ്സ് ആന്‍ഡ് കിലോമീറ്റേഴ്സ്, അനശ്വര രാജന്‍ പ്രധാന വേഷത്തിലെത്തുന്ന വാങ്ക്, മമ്മൂട്ടിയുടെ വിഷു റിലീസ് വണ്‍, തമിഴ് താരം വിജയ് നായകനായ മാസ്റ്റര്‍ എന്നിവയുടെ റിലീസ് തിയ്യതികളില്‍ മാറ്റം വരും.