LiveTV

Live

Entertainment

മരക്കാര്‍ക്ക് അകമ്പടിയായി കുറുപ്പ്; അക്ഷമരായി പ്രേക്ഷകര്‍

മരക്കാറിന്‍റെ റിലീസിനോടൊപ്പംതന്നെ ദുല്‍ഖര്‍ ചിത്രം കുറുപ്പിന്‍റെ ടീസറും റിലീസ് ചെയ്യുമെന്നാണ് ചിത്രത്തിന്‍റെ അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുന്നത്

 മരക്കാര്‍ക്ക് അകമ്പടിയായി കുറുപ്പ്; അക്ഷമരായി പ്രേക്ഷകര്‍

മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്‍ശന്‍ ഒരുക്കുന്ന ബിഗ്ബജറ്റ് ചരിത്ര സിനിമ മരക്കാര്‍ അറബിക്കടലിന്റെ സിംഹം മാര്‍ച്ച് 26ന് പ്രേക്ഷകരിലേക്കെത്തുകയാണ്. അക്ഷമരായി കാത്തിരിക്കുന്ന സിനിമ പ്രേമികള്‍‌ക്ക് ഇരട്ടിമധുരമെന്നോണം ഇപ്പോഴിതാ മറ്റൊരു റിപ്പോര്‍ട്ടു കൂടി പുറത്തുവന്നിരിക്കുകയാണ്.

മരക്കാറിന്‍റെ റിലീസിനോടൊപ്പംതന്നെ ദുല്‍ഖര്‍ ചിത്രം കുറുപ്പിന്‍റെ ടീസറും റിലീസ് ചെയ്യുമെന്നാണ് ചിത്രത്തിന്‍റെ അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുന്നത്. കുപ്രസിദ്ധ പിടികിട്ടാപ്പുള്ളി സുകുമാര കുറുപ്പിന്‍റെ ജീവിതം പറയുന്ന ചിത്രമാണ് കുറുപ്പ്.

സെക്കന്‍റ് ഷോ, കൂതറ എന്നീ ചിത്രങ്ങളൊരുക്കിയ ശ്രീനാഥ് രാജേന്ദ്രനാണ് കുറുപ്പിന്‍റെ സംവിധായകന്‍‍. ഒരു ചെറിയ ഇടവേളക്ക് ശേഷമാണ് ശ്രീനാഥ് കുറുപ്പുമായെത്തുന്നത്. ദുല്‍ഖറിന് പുറമെ ഇന്ദ്രജിത് സുകുമാരന്‍, സണ്ണി വെയ്ന്‍, ഷൈന്‍ ടോം ചാക്കോ തുടങ്ങി ഒരു താരനിരതന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

വേഫെയറര്‍ ഫിലിംസിന്‍റെ ബാനറില്‍ ദുല്‍ഖറും എം. സ്റ്റാര്‍ ഫിലിംസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ലൂക്കയുടെ ഛായാഗ്രഹകനായിരുന്ന നിമിഷ് രവിയാണ് ചിത്രത്തിന്‍റെ ഛായാഗ്രഹണം. കുമ്പളങ്ങി നൈറ്റ്‌സ്, വൈറസ് ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സുഷിന്‍ ശ്യാമിന്‍റേതാണ് ചിത്രത്തിന്‍റെ സംഗീതം. കമ്മാര സംഭവത്തിലൂടെ ദേശീയ പുരസ്‌കാരം നേടിയ വിനേഷ് ബംഗ്ലാനാണ് ചിത്രത്തിന്‍റെ കലാസംവിധാനം നിര്‍വഹിക്കുന്നത്.