LiveTV

Live

Entertainment

കരുണ സംഗീത പരിപാടി: സന്ദീപ് വാര്യരുടെ മൊഴിയെടുക്കുന്നു

സംഘാടകരായ ആഷിഖ് അബു, ബിജിബാല്‍ തുടങ്ങിയവരുടെ മൊഴി ഇന്നലെ രേഖപ്പെടുത്തിയിരുന്നു.

കരുണ സംഗീത പരിപാടി: സന്ദീപ് വാര്യരുടെ മൊഴിയെടുക്കുന്നു

കരുണ സംഗീത പരിപാടിയെ കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായുള്ള മൊഴിയെടുപ്പ് തുടരുന്നു. പരാതിക്കാരനായ യുവമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി സന്ദീപ് വാര്യരുടെ മൊഴിയാണ് അന്വേഷണ സംഘം ഇന്ന് രേഖപ്പെടുത്തിയത്. സംഘാടകരായ ആഷിഖ് അബു, ബിജിബാല്‍ തുടങ്ങിയവരുടെ മൊഴി ഇന്നലെ രേഖപ്പെടുത്തിയിരുന്നു.

എറണാകുളം ജില്ലാ കലക്ടര്‍ എസ് സുഹാസിന് സന്ദീപ് വാര്യര്‍ നല്‍കിയ പരാതിയിലാണ് അന്വേഷണം. ജില്ലാ ക്രൈം ബ്രാഞ്ച് എ.സി.പി ടി ബിജി ജോര്‍ജിനാണ് അന്വേഷണ ചുമതല. പരാതിയില്‍ കഴമ്പുണ്ടോ എന്നാണ് ആദ്യഘട്ടത്തില്‍ പരിശോധിക്കുന്നത്. സംഗീത പരിപാടിയുടെ വരവ് ചെലവ് കണക്കുകളും മറ്റും പരിശോധിച്ച് ക്രമക്കേട് ഉണ്ടെങ്കില്‍ കേസെടുക്കാനാണ് തീരുമാനം.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കെന്ന പേരിലാണ് കരുണ സംഗീത നിശ സംഘടിപ്പിച്ചത്. എന്നാല്‍ മൂന്ന് മാസം കഴിഞ്ഞിട്ടും പരിപാടിയില്‍ നിന്ന് ലഭിച്ച തുക ദുരിതാശ്വാസ നിധിയിലേക്ക് എത്തിയില്ലെന്നാണ് ആക്ഷേപം. പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് ആറ് ലക്ഷത്തി ഇരുപത്തിരണ്ടായിരും രൂപ സംഘാടകര്‍ അടച്ചു.