LiveTV

Live

Entertainment

ഫഹദിന്റെ ഔട്ട് ആന്‍ഡ് ഔട്ട് ഷോ; വെടിക്കെട്ട് ട്രെയിലറുമായി ട്രാന്‍സ് 

ഫഹദിന്റെ ഔട്ട് ആന്‍ഡ് ഔട്ട് ഷോ; വെടിക്കെട്ട് ട്രെയിലറുമായി ട്രാന്‍സ് 

ഏഴ് വര്‍ഷം നീണ്ട ഇടവേളക്ക് ശേഷം സംവിധായകന്‍ അൻവർ റഷീദ് സംവിധാനം ചെയ്യുന്ന 'ട്രാൻസ്' സിനിമയുടെ ട്രെയിലര്‍ പുറത്തിറങ്ങി. ഫഹദിന്റെ അടിമുടി ത്രസിപ്പിക്കുന്ന പ്രകടനങ്ങളോടെയുള്ള ട്രെയിലര്‍ സിനിമാ ആസ്വാദകര്‍ക്ക് വലിയ പ്രതീക്ഷ നല്‍കുന്നതാണ്. നേരത്തെ ഫെബ്രുവരി 14ന് റിലീസ് തിയതി പ്രഖ്യാപിച്ചിരുന്ന ചിത്രം സെന്‍സര്‍ ബോര്‍ഡ് അംഗങ്ങളുടെ തീരുമാനങ്ങളുടെ ഫലമായി ഫെബ്രുവരി 20ലേക്ക് മാറ്റുകയായിരുന്നു. സിനിമക്ക് 17ന് മുകളില്‍ വെട്ടിമാറ്റലുകള്‍ വേണമെന്ന് നേരത്തെ കേരള സെന്‍സര്‍ ബോര്‍ഡ് ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് മുബൈയിലെ റിവൈസിംഗ് കമ്മറ്റി വെട്ടിമാറ്റലുകല്‍ ഒന്നും തന്നെയില്ലാതെ യു.എ സര്‍ട്ടിഫിക്കറ്റോടെ പ്രദര്‍ശനത്തിന് സമ്മതം നല്‍കുകയായിരുന്നു.

കത്രികയില്‍ കുടുങ്ങിയില്ല, ട്രാന്‍സിന് യു.എ സര്‍ട്ടിഫിക്കറ്റ്; റിലീസ് തിയതി മാറ്റി
Also Read

കത്രികയില്‍ കുടുങ്ങിയില്ല, ട്രാന്‍സിന് യു.എ സര്‍ട്ടിഫിക്കറ്റ്; റിലീസ് തിയതി മാറ്റി

ഒരു മോട്ടിവേഷണൽ ട്രെയിനറുടെ വേഷത്തിലാണ് ഫഹദ് ട്രാന്‍സില്‍ പ്രേക്ഷകരിലെത്തുന്നത്. വിൻസെന്റ് വടക്കന്‍ തിരക്കഥയൊരുക്കിയ ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിക്കുന്നത് അമല്‍ നീരദാണ്. രാം ഗോപാൽ വർമ്മയുടെ ശിവയ്ക്ക് ശേഷം (2006) മറ്റൊരു സംവിധായകനുവേണ്ടി അമൽ നീരദ് ക്യാമറ ചലിപ്പിക്കുന്നു എന്ന പ്രത്യേകതയും 'ട്രാൻസി'നുണ്ട്. 2014-ൽ പുറത്തിറങ്ങിയ 'ഇയ്യോബിന്റെ പുസ്തക'മാണ് അമൽ നീരദ് ഇതിനുമുൻപ് ഛായാഗ്രഹണം ചെയ്ത മലയാള ചിത്രം. ഫഹദിനെയും നസ്രിയെയും കൂടാതെ സൗബിന്‍ ഷാഹിര്‍, വിനായകന്‍, ചെമ്പന്‍ വിനോദ് ജോസ്, ദിലീഷ് പോത്തന്‍, അര്‍ജുന്‍ അശോകന്‍, ശ്രീനാഥ് ഭാസി, സംവിധായകന്‍ ഗൗതം വാസുദേവ് മേനോന്‍ എന്നിവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

‘ഈ ഐതിഹാസിക യാത്രയില്‍ കൂടെ കൂട്ടിയതിന് നന്ദി അമ്പുക്കാ’; ട്രാന്‍സ് ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി
Also Read

‘ഈ ഐതിഹാസിക യാത്രയില്‍ കൂടെ കൂട്ടിയതിന് നന്ദി അമ്പുക്കാ’; ട്രാന്‍സ് ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

'ട്രാൻസി'ന്റെ ടൈറ്റിൽ ട്രാക്ക്‌ ചെയ്തിരിക്കുന്നത് വിനായകനാണ്. കമ്മട്ടിപ്പാടത്തിലെ "പുഴുപുലികൾ..." എന്ന ഹിറ്റ് ട്രാക്കിനു ശേഷം വിനായകൻ സംഗീതം നിർവഹിക്കുന്ന രണ്ടാമത്തെ ചിത്രമാണ് ട്രാൻസ്. 'ട്രാൻസി'ലെ ‘എന്നാലും മത്തായിച്ചാ’ എന്ന ഗാനം പാടിയിരിക്കുന്നത് നടന്‍ സൗബിൻ ഷാഹിർ ആണ്. സൗബിൻ ആദ്യമായാണ് ഒരു സിനിമയ്ക്ക് വേണ്ടി പാടുന്നത്. പ്രമുഖ ഒഡീസ്സി നർത്തകി ആരുഷി മുഡ്ഗൽ അഭിനയരംഗത്ത് അരങ്ങേറ്റം കുറിക്കുന്ന ചിത്രം കൂടിയാണ് ട്രാന്‍സ്. സൗണ്ട് ഡിസൈനിംഗിന് വളരെയധികം പ്രാധാന്യമുള്ള 'ട്രാൻസി'ന്റെ ശബ്ദമിശ്രണം ഓസ്കാർ ജേതാവ് റസൂൽ പൂക്കുട്ടിയാണ് നിർവഹിക്കുന്നത്.

ഉസ്താദ് ഹോട്ടൽ, ബാംഗ്ലൂർ ഡെയ്സ്, പറവ എന്നീ ചിത്രങ്ങൾക്ക് ശേഷം പ്രവീൺ പ്രഭാകർ എഡിറ്റിംഗ് നിർവഹിക്കുന്ന ചിത്രത്തിന്റെ സംഗീതം നിര്‍വ്വഹിക്കുന്നത് പ്രമുഖ സംഗീത സംവിധായകനായ റെക്‌സ് വിജയന്റെ സഹോദരൻ ജാക്സൺ വിജയൻ ആണ്. അഞ്ച് ഗാനങ്ങളാണ് ചിത്രത്തിലുള്ളത്. വിനായക് ശശികുമാർ ഗാനരചന നിർവ്വഹിക്കുന്ന ചിത്രത്തിന്റെ പശ്ചാത്തല സംഗീതം സുഷിൻ ശ്യാമും ജാക്സൺ വിജയനുമാണ് ഒരുക്കിയിരിക്കുന്നത്. മഹേഷിന്റെ പ്രതികാരം, പറവ, വരത്തൻ, എന്നീ ചിത്രങ്ങൾക്കു ശേഷം അജയൻ ചാലിശ്ശേരി പ്രൊഡക്ഷൻ ഡിസൈൻ നിർവ്വഹിക്കുന്ന ചിത്രം കൂടിയാണ് 'ട്രാൻസ്'.

വസ്ത്രാലങ്കാരം- മഷർ ഹംസ, മേക്കപ്പ് -റോണക്‌സ് സേവ്യര്‍ എന്നിവര്‍ നിർവ്വഹിക്കുന്നു. പ്രൊഡക്ഷൻ കൺട്രോളർ-ജാവേദ് ചെമ്പ്. വാർത്ത പ്രചരണം -എ.എസ് ദിനേശ്, ആതിര ദിൽജിത്ത്. കന്യാകുമാരി, മുംബൈ, കൊച്ചി, ആംസ്റ്റർഡാം എന്നിവിടങ്ങളിൽ ചിത്രീകരണം പൂർത്തിയാക്കിയ ട്രാന്‍സ് എ ആന്‍ഡ് എ റിലീസ് ഫെബ്രുവരി 20ന് തിയേറ്ററുകളിൽ പ്രദര്‍ശനത്തിനെത്തിക്കും.