LiveTV

Live

Entertainment

‘പോരായ്മകളുണ്ടെങ്കിൽ വിമർശനങ്ങളാവാം, പക്ഷെ രാഷ്ട്രീയ നിലപാട് കാരണം അപമാനിക്കരുത്’; പിന്തുണച്ച് നിര്‍മാതാവ് 

‘പോരായ്മകളുണ്ടെങ്കിൽ വിമർശനങ്ങളാവാം, പക്ഷെ രാഷ്ട്രീയ നിലപാട് കാരണം അപമാനിക്കരുത്’; പിന്തുണച്ച് നിര്‍മാതാവ് 

കൊച്ചി കരുണ സംഗീതനിശയുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ സംഘടിത ആക്രമണം നേരിടുന്ന സംവിധായകന്‍ ആഷിഖ് അബു, ഗായകന്‍ ഷഹബാസ് അമന്‍, സംഗീത സംവിധായകന്‍ ബിജിപാല്‍ എന്നിവരെ പിന്തുണച്ച് നിര്‍മാതാവ് ജോളി ജോസഫ്. മുന്‍പൊരിക്കല്‍ ജോൺ പോളിന്റെ കാർമികത്വത്തിൽ ജോളി ജോസഫ് നിർമിച്ച് ആഷിഖ് അബുവിന്റെ സംവിധാനത്തില്‍ പൃഥിരാജ് നായകനായ 'വലതു വശത്തെ കള്ളൻ' എന്ന സിനിമ സാറ്റലൈറ്റ് കച്ചവടമാക്കിയിട്ടും, സെൻട്രൽ പിക്ചേഴ്സ് വിതരണത്തിനെടുത്തിട്ടും നടക്കാത്ത ഘട്ടത്തില്‍ അന്ന് അഡ്വാൻസ് കൊടുത്ത തുക രണ്ട് പേര്‍ മാത്രമാണ് കൃത്യമായി തിരിച്ചു തന്നതെന്ന് ജോളി ജോസഫ് പറയുന്നു. അതില്‍ ഒരാള്‍ ആഷിഖ് അബുവും മറ്റൊരാള്‍ നായകനായ പൃഥിരാജുമായിരുന്നു. കലാകാരന്മാരാര്‍ക്ക് പോരായ്മകളുണ്ടെങ്കിൽ വിമർശനങ്ങളാവാമെന്നും പക്ഷെ രാഷ്ട്രീയ നിലപാട് മൂലം, വേദനിപ്പിക്കുന്ന വ്യക്തിപരമായ അപമാനം ഒഴിവാക്കേണ്ടതാണെന്നും ജോളി ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു.

നിര്‍മാതാവ് ജോളി ജോസഫിന്റെ ഫേസ്ബുക്ക് കുറിപ്പ്

ആഷിക്ക് അബു പണത്തിന്റെ കാര്യത്തിൽ ഒരു കൃത്യതയും വെച്ച് പുലർത്താറില്ല..!

കൊച്ചി മ്യൂസിക് ഫൗണ്ടേഷന്റെ സംഗീത നിശയുമായി ബന്ധപ്പെട്ട വിവാദങ്ങൾ ഉള്ളപ്പോൾ ഒരു കാര്യം പറയാൻ ആഗ്രഹിക്കുന്നു. ഇവർക്കൊന്നും പണം കൈകാര്യം ചെയ്തു പരിചയമില്ല . മറ്റുള്ളവരെ ആശ്രയിച്ചേ അവർക്കിന്നും പണം കൈകാര്യം ചെയ്യാനാകൂ..

ജോൺ പോൾ സാറിന്റെ കാർമികത്വത്തിൽ ഞാൻ നിർമിച്ച് , ആഷിക് അബുവിന്റെ സംവിധാനത്തിൽ പ്രിത്വിരാജ് നായകനായ '' വലതു വശത്തെ കള്ളൻ '' എന്ന സിനിമ സാറ്റലൈറ്റ് കച്ചവടമാക്കിയിട്ടും , സെൻട്രൽ പിക്ചർസ് വിതരണത്തിനെടുത്തിട്ടും പല പല കാരണങ്ങളാൽ ചിത്രീകരണം മാത്രം നടന്നില്ല...! ഞാൻ ആവശ്യപ്പെട്ടതനുസരിച്ച് ,അഡ്വാൻസ് കൊടുത്ത വകയിൽ ആ പ്രോജെക്ടിലെ രണ്ടാളുകൾ കൃത്യമായി തിരിച്ചു തന്നു, ആഷിക്കും ,രാജുവും, അവരുടെ അക്കൗണ്ടൻമാർ വഴി ...!
ഞാൻ നിർമിച്ചു സംവിധാനം ചെയ്ത '' സ്‌പീച് ലെസ്സ് '' എന്ന ഹ്രസ്വ ചിത്രത്തിന്റെ സംഗീത സംവിധായകൻ ബിജിപാലായിരുന്നു അന്തരിച്ച നിർമാതാവ് ഷഫീർ സേട്ട് വഴി പരിചയപ്പെട്ട ബിജിപാൽ എനിക്കിന്നും കീശയുടെ വലിപ്പമളക്കാത്ത കലാകാരനാണ് ... പാവം ഷഹബാസ് അമനും പണവും രണ്ടു ദ്രുവങ്ങളാണെന്ന് ആർക്കാണറിയാത്തത് ...?
ആഷിക്കിന്റെ അന്തരിച്ച പിതാവ് ആശുപത്രിയിൽ ആയിരുന്നപ്പോൾ വളരെ പെട്ടെന്ന് എടുക്കാൻ കുറച്ചധികം പണം വേണമായിരുന്നു. വേറെ ഒരു സുഹൃത്തു മുഖേനെ ഏർപ്പാടുചെയ്ത പണം ഉടനെ തിരികെ നൽകിയിട്ടും, ഈട് നൽകിയ ബ്ലാങ്ക് ചെക്കുകൾ ആഷിക് തിരികെ വാങ്ങിയിട്ടില്ല, തിരികെ വാങ്ങിച്ചോളാമെന്ന് പലപ്പോഴും എനിക്കുറപ്പുനൽകിയ ബ്ലാങ്ക്ചെക്കുകൾ ഇപ്പോഴും എന്റെ കൈവശമുണ്ട് ....!

സമൂഹനന്മക്കു രാഷ്ട്രീയക്കാരെയും കലാകാരന്മാരെയും കലാകാരികളെയും ആവശ്യമാണ്. പോരായ്മകളുണ്ടെങ്കിൽ വിമർശനങ്ങളാവാം, പക്ഷെ രാഷ്ട്രീയ നിലപാട് മൂലം, വേദനിപ്പിക്കുന്ന വ്യക്തിപരമായ അപമാനം ഒഴിവാക്കേണ്ടതാണ്. കാരണം, ആഷിക്ക് അബു മാത്രമല്ല ഷഹബാസ് അമനും ബിജിപാലും അങ്ങിനെയുള്ള പല കലാകാരന്മാരും പണത്തിന്റെ കാര്യത്തിൽ ഒരു കൃത്യതയും വെച്ച് പുലർത്താറില്ല, അവർക്കതറിയില്ല എന്നതാണ് സത്യം.