LiveTV

Live

Entertainment

‘’അനാര്‍ക്കലിയില്‍ പൃഥ്വിയുടെ വേഷം ചെയ്യാന്‍ ആദ്യം വിളിച്ചത് എന്നെയായിരുന്നു’’ വെളിപ്പെടുത്തലുമായി ബിജു മേനോന്‍

‘’ഞാന്‍ അതില്‍നിന്ന് പിന്മാറി, കാരണം അത്തരം കാര്യങ്ങള്‍ ധൈര്യപൂര്‍വം സമീപിക്കാവുന്ന കോണ്‍ഫിഡന്‍സ് എനിക്കുണ്ടായിരുന്നില്ല’’

‘’അനാര്‍ക്കലിയില്‍ പൃഥ്വിയുടെ വേഷം ചെയ്യാന്‍ ആദ്യം വിളിച്ചത് എന്നെയായിരുന്നു’’ വെളിപ്പെടുത്തലുമായി ബിജു മേനോന്‍

ലക്ഷദ്വീപിന്‍റെ പശ്ചാത്തലത്തില്‍ അത്യപൂര്‍വ്വമായൊരു പ്രണയകഥ പറഞ്ഞ ചിത്രമായിരുന്നു അനാര്‍ക്കലി. സച്ചിയുടെ സംവിധാനത്തിലൊരുങ്ങിയ ചിത്രം 2015 നവംമ്പര്‍ 13 നാണ് തിയേറ്ററുകളിലെത്തിയത്. പൃഥ്വിരാജും ബിജു മേനോനുമായിരുന്നു ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. പ്രിയാല്‍ ഗോറായിരുന്നു നായിക. നഷ്ടപ്രണയത്തിന്‍റെ വേദനകളെ കൃത്യമായി വരച്ചുകാട്ടുന്നതായിരുന്നു ചിത്രം.

ഒരിക്കല്‍ എന്നെന്നേക്കുമായി നഷ്ടപ്പെട്ട പ്രണയം വര്‍ഷങ്ങള്‍ക്കിപ്പുറം തിരിച്ചുകിട്ടുമ്പോഴുള്ള സന്തോഷവും ചിത്രം കാട്ടിത്തന്നു. ഇപ്പോഴിതാ ചിത്രത്തെക്കുറിച്ചൊരു രഹസ്യം വെളിപ്പെടുത്തിയിരിക്കുകയാണ് നടന്‍ ബിജു മേനോന്‍. സിനിമയിലെ പൃഥ്വിരാജിന്‍റെ വേഷം ചെയ്യാന്‍ സച്ചി തന്നെയായിരുന്നു ആദ്യം വിളിച്ചിരുന്നതെന്നാണ് ബിജു മേനോന്‍ പറഞ്ഞത്.

‘സച്ചി സംവിധാനം ചെയ്യുന്ന ആദ്യ ചിത്രത്തിന്‍റെ ഭാഗമാകാനുള്ള ആഗ്രഹമാണ് അനാര്‍ക്കലി എന്ന ചിത്രത്തില്‍ എന്നെ എത്തിച്ചത്. അവിടെ നിന്നാണ് ഞാന്‍ പൃഥ്വിരാജുമായി അടുത്ത് ഇടപഴകുന്നത്. അനാര്‍ക്കലി എഴുതിയപ്പോള്‍ അതില്‍ പൃഥ്വിരാജിന്‍റെ റോള്‍ ചെയ്യാന്‍ വേണ്ടിയായിരുന്നു സച്ചി ആദ്യം എന്നെ വിളിച്ചത്. പിന്നീട് ആ കഥയില്‍ കടലിലുള്ള നീന്തലും പ്രണയരംഗങ്ങളും വന്നപ്പോള്‍ ഞാന്‍ അതില്‍നിന്ന് പിന്മാറി. കാരണം അത്തരം കാര്യങ്ങള്‍ ധൈര്യപൂര്‍വം സമീപിക്കാവുന്ന കോണ്‍ഫിഡന്‍സ് എനിക്കുണ്ടായിരുന്നില്ല.’ബിജു മേനോന്‍ പറഞ്ഞു.

അയ്യപ്പനും കോശിയുമാണ് അനാര്‍ക്കലി കൂട്ടുകെട്ട് വീണ്ടും ഒന്നിച്ച പുതിയ ചിത്രം. പൃഥ്വിരാജും ബിജു മേനോനും തന്നെയാണ് ഈ ചിത്രത്തിലേയും പ്രധാനതാരങ്ങള്‍. അട്ടപ്പാടിയിലെ സബ് ഇന്‍സ്പെക്ടര്‍ അയ്യപ്പന്‍ നായരായി ബിജു മേനോനും, പട്ടാളത്തില്‍ 16 വര്‍ഷത്തെ സര്‍വീസിന് ശേഷം നാട്ടിലെത്തിയ ഹവീല്‍ദാര്‍ കോശി കുര്യനായി പൃഥ്വിരാജും വെള്ളിത്തിരയിലെത്തുന്നു. സംവിധായകന്‍ രഞ്ജിത്താണ് കുര്യന്‍ എന്ന പൃഥ്വി രാജിന്‍റെ അച്ഛന്‍ വേഷം ചെയ്യുന്നത്. അന്ന രേഷ്മ രാജന്‍, അനു മോഹന്‍, ജോണി ആന്‍റണി, അനില്‍ നെടുമങ്ങാട്, സാബു മോന്‍, ഷാജു ശ്രീധര്‍, ഗൗരി നന്ദ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍.