LiveTV

Live

Entertainment

‘പാരസൈറ്റും’ വിജയ് ചിത്രവും തമ്മില്‍; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച മുറുകുന്നു

ഓസ്കര്‍ പുരസ്കാരം നേടിയ ‘പാരസൈറ്റ്’ വിജയ് ചിത്രത്തിന്‍റെ പകര്‍പ്പാണെന്ന വാദമാണ് കൊടുമ്പിരി കൊള്ളുന്നത്.

‘പാരസൈറ്റും’ വിജയ് ചിത്രവും തമ്മില്‍; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച മുറുകുന്നു

ഓസ്കര്‍ വേദിയില്‍ മികച്ച സിനിമക്കും, സംവിധായകനുമടക്കം നാലു പുരസ്കാരങ്ങള്‍ സ്വന്തമാക്കിയ 'പാരസൈറ്റ്' എന്ന ചിത്രത്തെക്കുറിച്ചാണ് ഇപ്പോള്‍ സാമൂഹ്യ വേദികളില്‍ ചൂടേറിയ ചര്‍ച്ച നടക്കുന്നത്. ‘പാരസൈറ്റ്’ വിജയ് ചിത്രത്തിന്‍റെ പകര്‍പ്പാണെന്ന വാദമാണ് കൊടുമ്പിരി കൊള്ളുന്നത്. ട്വിറ്ററടക്കമുള്ള സാമൂഹിക മാധ്യമങ്ങളിലാണ് ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ പൊടിപൊടിക്കുന്നത്.

കെ.എസ് രവികുമാര്‍ സംവിധാനം ചെയ്ത് വിജയ് നായകനായി 1999ഇല്‍ പുറത്തിറങ്ങിയ ‘മിന്‍സാര കണ്ണാ’ എന്ന സിനിമയുമായി പാരസൈറ്റിന് അത്ര ചെറുതല്ലാത്ത സാമ്യമുണ്ടെന്നാണ് നിരീക്ഷകരുടെ പക്ഷം. വിജയും മോണിക്ക കാസ്റ്റലിനോയും പ്രധാന വേഷത്തിലെത്തിയ ചിത്രമാണ് ‘മിന്‍സാര കണ്ണാ’.

ധനികയായ ഇന്ദിര ദേവിയുടെ വീട്ടില്‍ ബോഡിഗാര്‍ഡായി ജോലി ചെയ്യുന്ന കണ്ണന്‍ എന്ന കഥാപാത്രത്തെ ചുറ്റിപ്പറ്റിയാണ് ചിത്രത്തിന്റെ പ്രമേയം. തന്റെ പ്രണയത്തില്‍ വിജയം നേടാനാണ് വിജയ് ഈ ജോലി ചെയ്യുന്നത്, തുടര്‍ന്ന് വിജയ് തന്റെ കുടുംബത്തിലെ ഓരോ അംഗത്തെയും ഇന്ദിര ദേവിയുടെ വീട്ടില്‍ നിയമിക്കുന്നു. കണ്ണന്‍ ആസൂത്രണം ചെയ്ത പോലെ കാര്യങ്ങള്‍ നടക്കുകയും പ്രണയത്തില്‍ വിജയിക്കുന്നതുമാണ് ചിത്രത്തില്‍ കാണിച്ചിരിക്കുന്നത്.

ഇതുമായി വളരെയധികം ബന്ധപ്പെട്ടു കിടക്കുന്ന കഥാപരിസരമാണ് ‘പാരസൈറ്റ്’ എന്ന ചിത്രത്തിന്‍റേതെന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. എന്നാല്‍ സാദൃശ്യം തികച്ചും സാങ്കല്‍പ്പികം മാത്രമാണെന്നാണ് മറ്റൊരു വിഭാഗത്തിന്‍റെ വാദം.