LiveTV

Live

Entertainment

ഓസ്കാര്‍ നോമിനേഷന്‍ ലഭിക്കുമെന്ന് 8 വര്‍ഷങ്ങള്‍ക്ക് മുമ്പ് ട്വീറ്റ്; സ്വപ്നവും കടന്ന് പുരസ്കാരം സ്വന്തമാക്കി മാത്യു ചെറി

ഓസ്കാര്‍ നോമിനേഷന്‍ ലഭിക്കുമെന്ന് 8 വര്‍ഷങ്ങള്‍ക്ക് മുമ്പ് ട്വീറ്റ്;  സ്വപ്നവും കടന്ന് പുരസ്കാരം സ്വന്തമാക്കി മാത്യു ചെറി

മുന്‍ അമേരിക്കന്‍ എന്‍.എഫ്.എല്‍ താരവും ‘ഹെയര്‍ ലവ്’ എന്ന ഷോര്‍ട്ട് ഫിലിമിന്റെ സംവിധായകനുമായ മാത്യു എ ചെറി എട്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ തന്റെ ഓസ്കാര്‍ വിജയം ഉറപ്പിച്ചു. 2012 ജൂണ്‍ 2ന് ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത ട്വീറ്റിലാണ് മാത്യു തന്റെ സ്വപ്നം യാഥാര്‍ത്ഥ്യമാക്കുമെന്ന് പ്രഖ്യാപിച്ചത്.

മാത്യുവിന്റെ 2012ലെ ട്വീറ്റ് ഇങ്ങനെ:

എനിക്ക് ഒരു ദിവസമെന്തായാലും ഓസ്കാര്‍ നോമിനേഷന്‍ ലഭിക്കും. ഇപ്പോഴേ ഞാന്‍ അത് ഉറപ്പിച്ച് പറയുന്നു.

ഈ ഒരൊറ്റ ട്വീറ്റില്‍ അവസാനിച്ചില്ല മാത്യുവിന്റെ അവകാശവാദം, തുടര്‍ന്ന് 2016 മെയ് 11ന് പോസ്റ്റ് ചെയ്ത ട്വീറ്റും തന്റെ സ്വപ്നം അരക്കിട്ടുറപ്പിക്കുന്നതായിരുന്നു. തന്റെ കൈയ്യില്‍ ഒരു ഓസ്കാര്‍ പുരസ്കാരം ലഭിക്കാവുന്ന ഷോര്‍ട്ട് ഫിലിം ഐഡിയയുണ്ടെന്നും ഇവിടെ ഏതെങ്കിലും ത്രീ.ഡി ആര്‍ട്ടിസ്റ്റുകളുണ്ടോയെന്നുമായിരുന്നു മാത്യുവിന്റെ ചോദ്യം. അന്നത്തെ അവകാശവാദം അക്ഷരാര്‍ത്ഥത്തില്‍ ശരിയാകുന്നതാണ് ഇന്ന് ലോസ് ആഞ്ജല്‍സിലെ ഡോള്‍ബി തിയേറ്റര്‍ സാക്ഷ്യം വഹിച്ചത്.

ഒരൊറ്റ ആനിമേറ്റഡ് ഫ്രെയിമില്‍ നിന്നാണ് മാത്യു തന്റെ ഷോര്‍ട്ട് ഫിലിമിനുള്ള കഥ വികസിപ്പിച്ചത്. അസുഖ ബാധിതയായ മാതാവിന്റെ അസാന്നിധ്യത്തില്‍ കറുത്ത വംശജനായ പിതാവ് മകള്‍ക്ക് മുടി കെട്ടാന്‍ പഠിപ്പിക്കുന്നതാണ് ‘ഹെയര്‍ ലവ്’ എന്ന ഷോര്‍ട്ട് ഫിലിമിന്റെ ഇതിവ്യത്തം. കറുത്തവരുടെ ചരിത്രവും പൈത്യകവും മുടിയെ വെച്ച് അടയാളപ്പെടുത്തുന്നതാണ് ഈ ചെറുചിത്രമെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ വിലയിരുത്തുന്നു. സോണി പിക്ചേഴ്സ് ആനിമേഷന്‍സുമായി സംയുക്തമായാണ് ‘ഹെയര്‍ ലവ്’ എന്ന ആറ് മിനുറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ നിര്‍മിച്ചിരിക്കുന്നത്.

കറുത്തവര്‍ക്കും ആനിമേഷന്‍ മേഖലയില്‍ പ്രാതിനിധ്യം ലഭിക്കണമെന്ന ബോധ്യത്തില്‍ നിന്നാണ് ഹെയര്‍ ലവ് ചെയ്തതെന്നും കറുത്ത മുടി എന്നത് പരിഹാസത്തോടെയല്ലാതെ സാധാരണമാകണമെന്നും മാത്യു ചെറി ഓസ്കാര്‍ പുരസ്കാര വേദിയില്‍ പ്രഖ്യാപിച്ചു. മുടിയുടെ പേരിലുള്ള വിവേചനം അവസാനിപ്പിക്കുന്നതിനായി അമേരിക്കയിലെ 50 സംസ്ഥാനങ്ങളിലും ക്രൗണ്‍ ആക്ട് (Creating a Respectful and Open World for Natural Hair ) നിയമം കൊണ്ടുവരണമെന്നും മാത്യു ചെറി വേദിയില്‍ പറഞ്ഞു. സാധാരണമായ ഡ്രെഡ് ലോക്ക് സ്റ്റൈല്‍ മുടിയുമായി ടെക്സാസ് ഹൈസ്ക്കൂളിലേക്ക് വന്നതിന് വിലക്ക് നേരിട്ട ഡിയോണ്ടര്‍ അര്‍നോള്‍ഡും ചടങ്ങില്‍ മാത്യുവിന്റെ പുരസ്കാര ദാനത്തിന് സാക്ഷിയായിട്ടുണ്ടായിരുന്നു.

2007ല്‍ അമേരിക്കയിലെ പ്രൊഫഷന്‍ ഫുട്ബോള്‍ മത്സരങ്ങളില്‍ ഒന്നായ എന്‍.എഫ്.എലില്‍ നിന്നും വിരമിച്ച മാത്യു ചെറി പിന്നീട് വിനോദ മേഖലയില്‍ പ്രൊഡക്ഷന്‍ അസിസ്റ്റന്റ് ആയി ജോലി ചെയ്യുകയായിരുന്നു. 40 ഓളം പരസ്യ ചിത്രങ്ങളില്‍ പ്രൊഡക്ഷന്‍ അസിസ്റ്റന്റായും 20 മ്യൂസിക് വീഡിയോകളുടെ സംവിധാനവും മാത്യു ചെറി നിര്‍വ്വഹിച്ചിട്ടുണ്ട്.