LiveTV

Live

Entertainment

‘എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ബി.ജെ.പി സർക്കാരിന്റെ ബ്ലാക്ക് മെയിലിംഗ് ഏജൻസി’; വിജയ്‍ക്ക് ഐക്യദാര്‍ഢ്യം അറിയിച്ച് ഡി.വൈ.എഫ്.ഐ

‘എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ബി.ജെ.പി സർക്കാരിന്റെ ബ്ലാക്ക് മെയിലിംഗ് ഏജൻസി’; വിജയ്‍ക്ക് ഐക്യദാര്‍ഢ്യം അറിയിച്ച് ഡി.വൈ.എഫ്.ഐ

സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് ആദായ നികുതി വകുപ്പ് കസ്റ്റഡിയില്‍ തുടരുന്ന തമിഴ് താരം വിജയ്ക്ക് ഐക്യദാര്‍ഢ്യം അറിയിച്ച് ഡി.വൈ.എഫ്.ഐ. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്
ബി.ജെ.പി സർക്കാരിന്റെ ബ്ലാക്ക് മെയിലിംഗ് ഏജൻസിയായി മാറിയെന്നും ഇളയദളപതിയുടെ കുറ്റം നികുതിവെട്ടിപ്പല്ല, തന്റെ സിനിമകളിലെ നിശിത വിമർശനമാണെന്നും ഡി.വൈ.എഫ്.ഐ കുറ്റപ്പെടുത്തി. എതിർ ശബ്ദങ്ങളേ ഭയപ്പെടുന്ന സംഘപരിവാർ ഏറെക്കാലമായി വിജയ്‍യെ വേട്ടയാടുന്നുണ്ടെന്നും ഇക്കാര്യത്തില്‍ വംശീയാധിക്ഷേപം പോലുമുണ്ടായതായും അതിന്റെ തുടര്‍ച്ചയാണ് എൻഫോഴ്‌സ്‌മെന്റ് നടപടിയെന്നും ഡി.വൈ.എഫ്.ഐ ഫേസ്ബുക്ക് പ്രസ്താവനയില്‍ വ്യക്തമാക്കി. ഇന്നലെ രണ്ട് ചിത്രങ്ങളാണ് നമ്മള്‍ കണ്ടതെന്നും ഒന്ന് രജനീകാന്തും മറ്റൊന്ന് വിജയും ആണെന്നും ദളപതിക്ക് ഇളവാണെങ്കില്‍ ഇളയദളപതിക്ക് തടവാണെന്നും ഡി.വൈ.എഫ്.ഐ കുറ്റപ്പെടുത്തി.

കേന്ദ്ര സര്‍ക്കാരിന്റെ പൗരത്വ നിയമ ഭേദഗതിയെ പിന്തുണച്ച് നടന്‍ രജനീകാന്ത് ഇന്നലെ രംഗത്തുവന്നിരുന്നു. പൗരത്വ നിയമ ഭേദഗതിക്കെതിരായ സമരങ്ങള്‍ രാഷ്ട്രീയ പ്രേരിതമാണെന്നായിരുന്നു രജനികാന്തിന്റെ പ്രതികരണം. ഇന്ത്യയിലെ മുസ്‍ലിംകളെ നിയമം ബാധിക്കില്ലെന്നും മുസ്‍ലിം സമൂഹത്തെ തെറ്റിദ്ധരിപ്പിക്കുകയാണെന്നുമായിരുന്നു രജനികാന്ത് പറഞ്ഞത്. രജനീകാന്തിനെ ബി.ജെ.പിയിലേക്ക് ക്ഷണിച്ച് മുതിർന്ന നേതാക്കൾ രംഗത്തെത്തിയത് പിന്നാലെയാണ് പൗരത്വ നിയമത്തിന് അനുകൂലമായി രംഗത്തുവന്നത്.