LiveTV

Live

Entertainment

30 മണിക്കൂര്‍ നീണ്ട പരിശോധന, ചോദ്യം ചെയ്യല്‍; നടൻ വിജയ്‌യുടെ വീട്ടില്‍ നിന്നും ആദായ നികുതി വകുപ്പ് മടങ്ങി

30 മണിക്കൂര്‍ നീണ്ട പരിശോധന, ചോദ്യം ചെയ്യല്‍; നടൻ വിജയ്‌യുടെ  വീട്ടില്‍ നിന്നും ആദായ നികുതി വകുപ്പ് മടങ്ങി

തമിഴ് നടന്‍ വിജയ്‍യുടെ വീട്ടിലെ നീണ്ട മുപ്പത് മണിക്കൂര്‍ സമയത്തെ മാരത്തണ്‍ പരിശോധനകള്‍ക്കും ചോദ്യം ചെയ്യലുകള്‍ക്കും ശേഷം ആദായ നികുതി വകുപ്പ് മടങ്ങി. പരിശോധനയിൽ ഭൂമി ഇടപാടിന്റെ രേഖകളും നിക്ഷേപങ്ങളുടെ രേഖകളും പിടിച്ചെടുത്തതായാണ് വിവരം. ചെന്നൈ ഇ.സി.ആര്‍ റോഡ് പനയൂരിലെ നടന്റെ വീട്ടിൽ ബുധനാഴ്ച രാത്രിയാണ് ആദായ നികുതി വകുപ്പ് പരിശോധന ആരംഭിച്ചത്.

ആദായ നികുതി വകുപ്പിന്റെ ചെന്നൈ യൂണിറ്റിലെ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനക്ക് വിജയ്‌യെ നെയ്‌വേലിയിലെ ഷൂട്ടിങ് സ്ഥലത്ത് നിന്ന് ബുധനാഴ്ച രാത്രി ഒൻപതിനാണ് ചെന്നൈയിലെ വീട്ടിലെത്തിച്ചത്.

അതേസമയം ബിഗിൽ സിനിമയുടെ നിര്‍മാണ കമ്പനിയായ എ.ജി.എസിൽ ആദായ നികുതി വകുപ്പ് നടത്തിയ പരിശോധനയിൽ 72 കോടി രൂപ കണ്ടെടുത്തിരുന്നു. ബിഗിൽ സിനിമയുടെ പ്രതിഫലം സംബന്ധിച്ച് നിർമാണ കമ്പനിയും വിജയ്‍യും നൽകിയ കണക്കുകളിലെ വൈരുദ്ധ്യമാണ് പരിശോധനയ്ക്ക് കാരണമായി ആദായ നികുതി വകുപ്പ് പറയുന്നത്. ബിഗിൽ സിനിമയുടെ നിർമാതാക്കളായ എ.ജി.എസ് കമ്പനിയുടെ ഓഫീസുകളിലും സ്ഥാപനങ്ങളിലുമായി 20 ഇടങ്ങളിൽ ആദായ നികുതി വകുപ്പ് പരിശോധന നടത്തിയിട്ടുണ്ട്.