LiveTV

Live

Entertainment

സംവിധായകനെ കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞ് നീരജ്; വീഡിയോ വൈറല്‍

‘സത്യം പറഞ്ഞാ കണ്ണു നിറഞ്ഞുപോയി, നല്ല സിനിമയെ കൈവിടാത്ത പ്രേക്ഷകരും കൂടെയുണ്ടെന്നറിഞ്ഞ വല്ലാത്ത ഒരു സന്തോഷം’

സംവിധായകനെ കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞ് നീരജ്; വീഡിയോ വൈറല്‍

മലയാളി പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട നടനാണ് നീരജ് മാധവ്. ജിത്തു ജോസഫ് സംവിധാനം ചെയ്ത് 2013ല്‍ പുറത്തിറങ്ങിയ മെമ്മറീസ് എന്ന ചിത്രത്തിലൂടെയാണ് നീരജ് മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്. പിന്നീടങ്ങോട്ട് പ്രേക്ഷക പ്രീതിനേടിയ ഒട്ടനവധി ചിത്രങ്ങളില്‍ നീരജിന്‍റെ സാന്നിദ്ധ്യമുണ്ടായിരുന്നു. ഇപ്പോഴിതാ വീണ്ടും ഒരു ചെറിയ ഇടവേളക്കു ശേഷം തിരിച്ചെത്തിയിരിക്കുകയാണ് നീരജ്.

ഗൗതമന്റെ രഥം എന്ന ചിത്രത്തിലൂടെയാണ് നീരജിന്‍റെ മടങ്ങിവരവ്. സിനിമ പുറത്തിറങ്ങിയ ദിവസം ഷോ കാണാനെത്തിയ നീരജ് സംവിധായകനെ കെട്ടിപ്പിടിച്ച് കരയുന്ന വീഡിയോയാണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. പ്രേക്ഷകര്‍ക്ക് നന്ദി പറയുന്ന ഒരു കുറിപ്പിനൊപ്പം നീരജ് തന്നെയാണ് ഈ വീഡിയോ തന്‍റെ ഫേസ്ബുക്ക് പേജില്‍ ഷെയര്‍ ചെയ്തത്.

കുറിപ്പിങ്ങനെ; സാറ്റലൈറ്റ് വാല്യു ഇല്ലാത്ത, കുറെ നാളായി മലയാളത്തിൽ സിനിമ ചെയ്യാത്ത നടൻ, ആദ്യ സിനിമ ചെയ്യുന്ന പുതിയ സംവിധായകൻ, വിശ്വസിച്ചു കാശിറക്കിയ നിർമാതാവ്, കട്ടയ്ക്ക് കൂടെ നിന്ന കുറച്ചു സുഹൃത്തുക്കൾ! ഇന്നലെ വെള്ളിയാഴ്ച്ച ദിവസം ഞങ്ങളുടെ സിനിമയുടെ വിധിയും കാത്തു തിയേറ്ററിൽ ഏറ്റവും പിറകിലെ നിരയിൽ ഞങ്ങളെല്ലാവരും ഒരുമിച്ചുണ്ടായിരുന്നു. പടം തീർന്ന് എന്‍റ് ക്രഡിറ്റ്സ് തുടങ്ങിയപ്പോൾ നിലയ്ക്കാത്ത കയ്യടി. സത്യം പറഞ്ഞാ കണ്ണു നിറഞ്ഞുപോയി, നല്ല സിനിമയെ കൈവിടാത്ത പ്രേക്ഷകരും കൂടെയുണ്ടെന്നറിഞ്ഞ വല്ലാത്ത ഒരു സന്തോഷം! നന്ദി ഒരുപാട് നന്ദി....

നാനോ കാറാണ് ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നത്. നീരജിനോടൊപ്പം രഞ്ജി പണിക്കര്‍, ബേസില്‍ ജോസഫ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട് . പുണ്യ എലിസബത്താണ് ചിത്രത്തിലെ നായിക. കിച്ചാപ്പൂസ് എന്‍റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ കെ.ജി അനില്‍കുമാറാണ് ചിത്രം നിര്‍മ്മിക്കുന്നത്. ആനന്ദ് മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വിഷ്ണു ശര്‍മയാണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. നവാഗതനായ അങ്കിത് മേനോന്‍റേതാണ് സംഗീതം.