LiveTV

Live

Entertainment

‘‘ഈ കെട്ടകാലത്തിൽ ഈ നാടകം ഈ നാട് മുഴുവൻ കളിക്കണം; അതുകണ്ടുകൊണ്ട് ഒരു മതഭ്രാന്തനെങ്കിലും മനുഷ്യനാകണം..’’

വീണ്ടും ഭഗവാന്റെ മരണം നാടകത്തിന്റെ അമരക്കാരന്‍ ഹസിം അമരവിള സംസാരിക്കുന്നു...

‘‘ഈ കെട്ടകാലത്തിൽ ഈ നാടകം ഈ നാട് മുഴുവൻ കളിക്കണം; അതുകണ്ടുകൊണ്ട് ഒരു മതഭ്രാന്തനെങ്കിലും മനുഷ്യനാകണം..’’

കര്‍ണാടകയിലെ ധാര്‍വാഡില്‍ 2015 ആഗസ്റ്റ് 30 നാണ് വീടിനു മുന്നില്‍ അജ്ഞാതരുടെ വെടിയേറ്റ് 77 കാരനായ പ്രഫ. എം.എം കല്‍ബുര്‍ഗി കൊല്ലപ്പെടുന്നത്. 2017 സെപ്റ്റംബര്‍ അഞ്ചിന് രാത്രി എട്ടിന് ജോലി സ്ഥലത്തുനിന്നു തിരിച്ച് വീട്ടില്‍ കയറുന്ന വേളയിലാണ് മാധ്യമപ്രവര്‍ത്തകയായ ഗൗരി ലങ്കേഷിനെ വെടിവെച്ച് കൊന്നത്. പുരോഗമനവാദികളായ ഗോവിന്ദ് പന്‍സാരെ, നരേന്ദ്ര ധബോല്‍ക്കര്‍ എന്നിവരും സമാനമായ രീതിയിലായിരുന്നു കൊല്ലപ്പെട്ടത്. ഇവരെല്ലാവരും സംഘപരിവാറിന്റെ കടുത്ത വിമര്‍ശകരായിരുന്നു.

കര്‍ണാടകയിലെ പുരോഗമനവാദിയും യുക്തിവാദിനേതാവുമായ പ്രൊഫസര്‍ കെ.എസ് ഭഗവാന്‍ സംഘപരിവാറിന്റെ നിരന്തരമായുള്ള വധഭീഷണിയെ തുടര്‍ന്ന് വീട്ടുതടങ്കലിലാണുള്ളത്. കല്‍ബുര്‍ഗിയുടെ മരണത്തെ തുടര്‍ന്നാണ് മലയാളത്തിന്റെ പ്രിയ എഴുത്തുകാരി കെ.ആര്‍ മീര, ഭഗവാന്റെ മരണം എന്ന ചെറുകഥ എഴുതുന്നത്. ഈ കഥ കന്നടയിലേക്ക് മൊഴിമാറ്റി ഗൌരി ലങ്കേഷ് തന്റെ പത്രത്തില്‍ പ്രസിദ്ധീകരിച്ചിരുന്നു. കഥ പ്രസിദ്ധീകരിച്ച് അധികം താമസിയാതെയാണ് ഗൌരി ലങ്കേഷ് കൊല്ലപ്പെടുന്നത്.

തിരുവനന്തപുരം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കനൽ സാംസ്കാരിക വേദി, അതേ പേരില്‍ ഒരു നാടകവുമായി അരങ്ങിലെത്തിയിട്ട് മാസങ്ങളായി.. കഥയുടെ പേരും മൂലകഥയും മാത്രമാണ് അണിയറക്കാര്‍ മീരയുടെ ചെറുകഥയില്‍ നിന്ന് സ്വീകരിച്ചിരിക്കുന്നത്. ബാക്കിയെല്ലാം സ്വതന്ത്രാവിഷ്കാരം. കല, കലയ്ക്കോ ആത്മസംതൃപ്തിക്കോ വേണ്ടി മാത്രമുള്ളതല്ല, അത് പ്രതിഷേധിക്കാന്‍ കൂടിയുള്ളതാണെന്ന് വിളിച്ചുപറയുകയാണ് ഒരുപറ്റം കലാകാരന്മാര്‍... അരങ്ങാണ് അതിന് അവര്‍ക്ക് വേദി..

ഭഗവാന്റെ മരണമെന്ന ചെറുകഥ നാടകമാക്കാന്‍ തീരുമാനിച്ച ഒരു നാടകക്യാമ്പിലൂടെയാണ് നാടകം മുന്നോട്ടുപോകുന്നത്. ഭഗവത്ഗീത കത്തിക്കണമെന്ന് ആഹ്വാനം ചെയ്ത പ്രൊഫസര്‍ ഭഗവാനെ കൊല്ലാനെത്തുന്ന അമരയെന്ന ചെറുപ്പക്കാരന്‍. അവനെ അതിന് നിയോഗിക്കുന്ന മല്ലപ്പയെന്ന മതതീവ്രവാദി.. ഭഗവാനെ വധിക്കാനെത്തുന്ന അമരയുടെ കാലില്‍ പുസ്തകങ്ങളുടെ അലമാര വീണ് കാലൊടിയുന്നു. അവനെ ശ്രുശ്രൂഷിക്കുന്ന ഭഗവാന്‍.. ഭഗവാനും ശിഷ്യരും തമ്മിലുള്ള സംഭാഷണങ്ങളിലൂടെ മാനസാന്തരം വരുന്ന അമര. പക്ഷേ, എന്നിട്ടും ഭഗവാന്‍ കൊല്ലപ്പെടുന്നു.. മല്ലപ്പയാണ് അതിന് പിന്നില്‍ എന്നറിയുന്ന അമര, മല്ലപ്പയെ തേടിയെത്തുന്നു..

പക്ഷേ നാടകത്തിന്റെ അവസാന റിഹേഴ്സല്‍ നടക്കും മുമ്പ് പൊലീസ് എത്തുകയാണ് നാടകക്യാമ്പില്‍.. പിന്നെ സംവിധായകനെയും തുടര്‍ന്ന് നാടകക്കാരെയും കാണാതാവുന്നു.. ഇനി നാടകമില്ലെന്നും എല്ലാവരും പിരിഞ്ഞുപോകണമെന്നും പറഞ്ഞ് കാണികളോട് എഴുന്നേറ്റ് പോകാന്‍ പറയുകയാണ് പൊലീസ്.. നാടകക്കാര്‍ക്കെതിരെ ലുക്ക്ഔട്ട് നോക്കീസ് പുറപ്പെടുവിച്ചിരിക്കുന്നതും സംവിധായകന്‍ വെടിയേറ്റ് മരിച്ച് കിടക്കുന്നതുമാണ് പിരിഞ്ഞുപോകുന്ന പ്രേക്ഷകര്‍ കാണുന്നത്. അങ്ങനെ പ്രേക്ഷകര്‍ കൂടി നാടകത്തിന്റെ ഭാഗമാകുന്നുമുണ്ട്, വീണ്ടും ഭഗവാന്റെ മരണത്തില്‍..

വീണ്ടും ഭഗവാന്റെ മരണം നാടകത്തിന്റെ അമരക്കാരന്‍ ഹസിം അമരവിള സംസാരിക്കുന്നു...

‘‘ഈ കെട്ടകാലത്തിൽ ഈ നാടകം ഈ നാട് മുഴുവൻ കളിക്കണം; അതുകണ്ടുകൊണ്ട് ഒരു മതഭ്രാന്തനെങ്കിലും മനുഷ്യനാകണം..’’
‘’മകനേ, രക്തം മാത്രം കുടിക്കുന്ന പശുക്കളാണു മതങ്ങളെല്ലാം.“ജാതിയില്‍ താഴ്ന്നവരുടെയും പണമില്ലാത്തവരുടെയും അധികാരമില്ലാത്തവരുടെയും രക്തമേ അതു കുടിക്കാറുള്ളു. നീ ഒരു ദലിതയെ വിവാഹം കഴിച്ചാല്‍ നിന്റെ മതം അവളുടെ രക്തംകുടിക്കും. അതല്ല, ബ്രാഹ്മിണിയെ കഴിച്ചാല്‍ അതു നിന്റെ രക്തം കുടിക്കും. ഇന്നലെ ബസവണ്ണ, ഇന്നു ഞാന്‍, നാളെ നീ, കൂടാലസംഗമദേവാ!” - ഭഗവാന്‍ അമരയോട് പറയുന്നത്, വീണ്ടും ഭഗവാന്റെ മരണം (നാടകം)
‘‘ഈ കെട്ടകാലത്തിൽ ഈ നാടകം ഈ നാട് മുഴുവൻ കളിക്കണം; അതുകണ്ടുകൊണ്ട് ഒരു മതഭ്രാന്തനെങ്കിലും മനുഷ്യനാകണം..’’

മതമല്ല മനുഷ്യനാണ് വലുതെന്ന് വിളിച്ചു പറയുന്നവര്‍ ഓരോരുത്തരായി കൊല്ലപ്പെടുന്ന നാട്ടില്‍, മതത്തില്‍ പേരില്‍ ഒരുപറ്റം മനുഷ്യര്‍ നാടുനഷ്ടപ്പെട്ടവരാകാന്‍ പോകുന്ന ഒരു ദേശത്ത്, സംഘപരിവാരും ഫാസിസ്റ്റ് ഭരണകൂടവും ഭയം നിറച്ചുവെച്ചിരിക്കുന്ന ഒരു അന്തരീക്ഷത്തില്‍, അങ്ങനെയങ്ങനെ എല്ലാ അര്‍ത്ഥത്തിലും ഒരുകെട്ടകാലത്ത് നിങ്ങളെങ്ങനെയാണ് പ്രേക്ഷകരെ വിശ്വസിച്ച് ഇങ്ങനെയൊരു നാടകം കളിക്കാന്‍ ധൈര്യപ്പെടുന്നത്?

പ്രേക്ഷകരെ എനിക്ക് വിശ്വാസമാണ്, ഞാൻ അവരെ ഭയക്കുന്നില്ല. അരങ്ങ് നടനെ ശുദ്ധീകരിക്കുമെന്നും അതിലൂടെ പ്രേക്ഷകനും ശുദ്ധമാക്കപ്പെടുമെന്നും തന്നെയാണ് ഞാൻ കരുതുന്നത്. ഈ നാടകത്തിൽ സംവിധായകനായി അഭിനയിക്കുന്ന പ്രധാന നടൻ, സന്തോഷ് വെഞ്ഞാറമൂട് -തന്റെ നടന്മാരോടായി പറയുന്നുണ്ട്; 'ഈ കെട്ടകാലത്തിൽ ഈ നാടകം ഈ നാട് മുഴുവൻ കളിക്കണം. അതുകണ്ടുകൊണ്ട് ഒരു മതഭ്രാന്തനെങ്കിലും മനുഷ്യനായാൽ നമ്മൾ വിജയിച്ചു' എന്ന്.

ഈ നാടകം കണ്ടിറങ്ങിയ ഒരാൾ പോലും നിങ്ങൾ എന്റെ വിശ്വാസത്തെ, അല്ലെങ്കിൽ എന്റെ മതത്തെ അധിക്ഷേപിച്ചു എന്ന് ഇതുവരെ പറഞ്ഞിട്ടില്ല. അതേസമയം വ്യത്യസ്ത ചിന്താഗതിക്കാരായ പലരും നാടകം കണ്ടിറങ്ങിയിട്ട്, നിങ്ങളുടെ ആശയങ്ങളോട് എനിക്ക് യോജിപ്പില്ല, പക്ഷേ നിങ്ങൾ പകർന്നുനൽകിയ നവദൃശ്യഭാഷയോട് കടുത്ത ആരാധനാ തോന്നുന്നു എന്നു പറഞ്ഞിട്ടുണ്ട്.

അതുപോലെ തന്നെ പ്രധാനമാണ് ഒരു കഥ എങ്ങനെ നമ്മൾ കൈകാര്യം ചെയ്യുന്നുവെന്നത്. 'ഭഗവാന്റെ മരണം' ചെറുകഥയിൽ കെ.ആർ മീര ഒന്നും മൃദുവായി പറഞ്ഞു പോയിട്ടില്ല. ഉറക്കെ ഉറക്കെയുറക്കെ തന്റെ നിലപാട് വ്യക്തമാക്കുകയാണ് അവര്‍ ചെയ്തത്. കൽബുർഗിയുടെ മരണത്തോടുള്ള തന്റെ അമർഷവും സങ്കടവും അവർ ഒളിയില്ലാതെ നേരിട്ട് വായനക്കാരനോട് പറയുകയാണ് ചെയ്തത്. അതുകൊണ്ടുതന്നെ ആ കഥ നാടകമാക്കാൻ ഉദ്ദേശിക്കുന്ന നാടകസമിതിയുടെ കഥ, 'വീണ്ടും ഭഗവാന്റെ മരണം' എന്ന പേരിൽ ചെയ്യമ്പോള്‍, കൃത്യമായി കഥയുടെ രാഷ്ട്രീയവും അരങ്ങിന്റെ രാഷ്ട്രീയവും ഉച്ചത്തിൽ തന്നെ ചർച്ച ചെയ്യണമെന്ന് ഞാൻ ആഗ്രഹിച്ചു. അത് എല്ലാതരത്തിലുമുള്ള ജനങ്ങളുമായും കൃത്യമായി നേരിട്ട് സംവദിക്കണം എന്നും വ്യക്തമായി ആദ്യമേ തീരുമാനിച്ചിരുന്നു.

‘‘ഈ കെട്ടകാലത്തിൽ ഈ നാടകം ഈ നാട് മുഴുവൻ കളിക്കണം; അതുകണ്ടുകൊണ്ട് ഒരു മതഭ്രാന്തനെങ്കിലും മനുഷ്യനാകണം..’’

പക്ഷേ, ഈ നാടകം ആരൊയൊക്കെയോ അസ്വസ്ഥരാകുന്നില്ലേ.. അതിന്റെ തെളിവല്ലേ കഴിഞ്ഞ ദിവസം തൃശൂര്‍ മുണ്ടത്തിക്കോടില്‍ കണ്ടത്...

മുണ്ടത്തിക്കോടിൽ ഭരണിവേലയോട് അനുബന്ധിച്ചാണ് ഈ നാടകം അവതരിപ്പിക്കാനെത്തിയത്.. അമ്പലത്തിനോട് ചേര്‍ന്നാണ് നാടകം അവതരിപ്പിക്കുന്ന മൈതാനവും സ്റ്റേജുമുള്ളത്. അമ്പലത്തിൽ "വീണ്ടും ഭഗവാന്റെ മരണം" നാടകം കളിക്കുന്നതിനെതിരെ ഇരുപതോളം പേർ ഒപ്പിട്ട പരാതി കിട്ടിയെന്നും പറഞ്ഞ് സംഘാടകരെ പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചു. സംഘാടകര്‍ക്ക് നാടകത്തിന്റെ മുഴുവൻ കഥയും പൊലീസുകാരെ പറഞ്ഞു കേൾപ്പിക്കേണ്ടി വന്നു. 'മതഗ്രന്ഥങ്ങൾ കത്തിക്കാൻ ആഹ്വാനം ചെയ്യുന്ന നാടകം' എന്നായിരുന്നു പരാതിയുടെ പ്രധാന ഉള്ളടക്കം. മതഗ്രന്ഥങ്ങൾ കൃത്യമായി ഉപയോഗിക്കപ്പെടുന്നില്ല, അതുകൊണ്ടാണ് അത്‌ കത്തിക്കാൻ പറയുന്നതെന്നും അത്‌ കത്തിക്കാൻ പറഞ്ഞ ആളിനെ വെടിവച്ചുകൊല്ലാൻ അമര എന്നയാൾ എത്തുന്നതുമാണ് കഥയെന്നും അവര്‍ക്ക് പൊലീസിനെ ബോധ്യപ്പെടുത്തേണ്ടി വന്നു.

ഞങ്ങളെത്തി സ്റ്റേജ് സെറ്റ് ചെയ്യുന്നതിനിടയിൽ ഇടയ്ക്കിടെ പോലീസ് ജീപ്പ് വന്ന് റോന്തുചുറ്റിപ്പോയി. ഞങ്ങളുടെ നാടകം പറയുന്ന അതേ വിഷയത്തിന് ജീവിതത്തിൽ ഞങ്ങൾ സാക്ഷ്യം വഹിക്കുന്നത് കൗതുകത്തോടെ നോക്കി നിന്നു. അതിന് ശേഷം ചായകുടിക്കാന്‍ ഒരു കടയില്‍ ചെന്നപ്പോള്‍ നാടകക്കാരാണ് എന്ന കാരണം പറഞ്ഞ് ചായ തന്നില്ല. അടുത്ത കടയില്‍ ചെന്നപ്പോള്‍ അയാള്‍ കടയടയ്ക്കാന്‍ സമയമായിട്ടുപോലും, നാടകക്കാരല്ലേ എന്നും പറഞ്ഞ് ചായയിട്ട് തന്നു. എന്തായാലും തിരിച്ചെത്തി, പൊലീസിന്റെ ചോദ്യം ചെയ്യലൊക്കെ കഴിഞ്ഞ് 7.30 ന്റെ കൊടിയേറ്റും കഴിഞ്ഞ് 8 മണിക്ക് നാടകം ആരംഭിച്ചു. മൂന്നു ജീപ്പ് പോലീസ് മൈതാനത്തിന്റെ പലഭാഗങ്ങളിലായി ബീക്കൺലൈറ്റ് തെളിയിച്ചു കൊണ്ട് നിലയുറപ്പിച്ചുണ്ടായിരുന്നു.

കർണാടകയിൽ കെ. എസ്. ഭഗവാൻ എന്നൊരാൾ മതതീവ്രവാദികളുടെ ഭീഷണിയെ തുടർന്ന് വീട്ടുതടങ്കലിൽ ആണെന്ന് നാടകം കാണാന്‍ വന്ന പലർക്കും അറിയില്ല. പലരെയും തെറ്റിദ്ധരിപ്പിച്ചിരുന്നത് 'ഭഗവാന്റെ മരണം' എന്നത് നേരിട്ട് ദൈവത്തിന്റെ മരണമാണ് എന്നർത്ഥത്തിലാണ്. എന്തായാലും നാടകം കണ്ടിറങ്ങിയവർ പതിവ് പോലെ അഭിനന്ദനങ്ങൾ കൊണ്ട് ഞങ്ങളെ പൊതിഞ്ഞു.

"നാടകം തന്നെയാണ് പ്രശ്നം " "സാറേ ഒരു സിനിമാപ്പേര് പോലും വിവാദമുണ്ടാകുന്ന നാടാണിത് " "സ്ക്രിപ്റ്റിന്റെ ഒരു കോപ്പി താ,...

Posted by Hazim Amaravila on Friday, January 31, 2020

കേരളത്തിനകത്തും പുറത്തും നാടകം കളിച്ചു കഴിഞ്ഞു... കേരളത്തില്‍ കിട്ടുന്ന ഒരു സുരക്ഷിതത്വം മറ്റ് സംസ്ഥാനങ്ങളില്‍ കിട്ടിക്കൊള്ളണമെന്നില്ല.. അവരെങ്ങനെയാണ് ഈ നാടകത്തെ സ്വീകരിച്ചത്?

കേരളത്തിൽ ഈ നാടകം അവതരിപ്പിച്ചപ്പോൾ മനസ്സിൽ തോന്നുന്ന സുരക്ഷിതത്വം കേരളത്തിന് പുറത്ത് അനുഭവപ്പെടുന്നുണ്ടോ എന്ന് ചോദിച്ചാൽ ഒരിക്കലുമില്ല. ആസ്സാമിൽ നാഷണൽ സ്‌കൂൾ ഓഫ് ഡ്രാമയുടെ "ഭാരത് രംഗ് മഹോത്സവി”ൽ ഈ നാടകം അവതരിപ്പിക്കുന്ന വേളയിൽ സൗണ്ട് ബൂത്തിലിരുന്ന് സംഗീതം നിയന്ത്രിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ പെട്ടെന്ന് തിരിഞ്ഞു നോക്കിയ ഞാന്‍ കണ്ടത് പത്തിരുപത് പോലീസുകാർ എ.കെ.. 47 തോക്കുമായി എന്റെ പുറകിൽ നിരന്ന് നിൽക്കുന്നതാണ്. നാടകത്തിനിടയിൽ ഏതെങ്കിലും ഒരു നിമിഷത്തിൽ അവർ ഞങ്ങളെ വെടിവെച്ചിടും എന്നൊക്കെ എന്റെ മനസ്സ് പറയുന്നുണ്ടായിരുന്നു. എന്നാൽ ഒന്നും സംഭവിച്ചില്ല.

അടുത്ത ദിനം നാടകം അവതരിപ്പിക്കേണ്ട ബംഗ്ലാദേശി നാടകഗ്രൂപ്പ് നാടകം കാണാൻ വന്നിരുന്നു. അവരുടെ സുരക്ഷയ്ക്കായാണ് ഈ പോലീസ് എത്തിയതെന്ന് അവസാനം അറിയാൻ കഴിഞ്ഞു. നാടകാവസാനം നാടകം കാണാനെത്തിയ ഒരു പ്രേക്ഷക പറഞ്ഞത്; "നിത്യവും അതിർത്തി പ്രശ്നവും നുഴഞ്ഞു കയറ്റവുമായി ബന്ധപ്പെട്ട് തോക്കേന്തിയ പോലീസ് ഞങ്ങളുടെ ജീവിതത്തിന്റെ ഭാഗമാണ്. അതേ പ്രശ്നം അതുപോലെ അരങ്ങിൽ കണ്ടു" എന്നാണ്.

സിഎഎയെ എതിർത്ത് നാടകം കളിച്ചു എന്നതിന്റെ പേരിൽ കർണാടകയിലെ ബിദറില്‍ ഷഹീന്‍ എജുക്കേഷന്‍ ട്രസ്റ്റിനെതിരെ കഴിഞ്ഞ ദിവസം കേസെടുത്തു. വിമർശിക്കാനുള്ള എതിർക്കാനുള്ള ശ്രമങ്ങളെ ഫാസിസം എപ്പോഴും ഭയപ്പെടും. അവയെ തുടക്കത്തിലേ നശിപ്പിക്കാൻ ശ്രമിക്കും. വടിവാളും തോക്കും എടുത്ത് ഭയപ്പെടുത്താൻ ശ്രമിക്കും. ഇങ്ങനെ എതിർക്കുന്നവരെ നിശബ്ദരാക്കാൻ ശ്രമിക്കുമ്പോൾ ജനാധിപത്യത്തിൽ വിശ്വസിക്കുന്ന നാടകക്കാർക്ക് എങ്ങനെ നിശബ്ദമാകാൻ കഴിയും. ഒരു കൽബുർഗിക്ക് വെടിയേറ്റാൽ, ഒരു ഗൗരി ലങ്കേഷിന് വെടിയേറ്റാൽ അതിനെതിരെ അരങ്ങിലെ ഓരോ കഥാപാത്രവും ആയിരക്കണക്കിന് പതിനായിരക്കണക്കിന് കൽബുർഗിമാരായി, ലങ്കേഷുമാരായി പ്രേക്ഷക മനസിലേക്ക് ചിതറിത്തെറിക്കണം. അത് നാടകക്കാരന്റെ ധർമമാണ്.

‘‘ഈ കെട്ടകാലത്തിൽ ഈ നാടകം ഈ നാട് മുഴുവൻ കളിക്കണം; അതുകണ്ടുകൊണ്ട് ഒരു മതഭ്രാന്തനെങ്കിലും മനുഷ്യനാകണം..’’

ഓരോരോ ദിവസത്തിന്റെ പ്രത്യേകതയ്ക്കനുസരിച്ച്, അന്ന് സംഭവിച്ച വാര്‍ത്തയ്ക്ക് അനുസരിച്ച് ഉള്ള മാറ്റങ്ങള്‍ ഈ നാടകത്തില്‍ സാധ്യമാണ്.. കോഴിക്കോട് കെ.എല്‍എഫില്‍ കളിച്ച നാടകമല്ല, തൃശൂര്‍ ഇറ്റ്ഫോക്കില്‍ കളിച്ചത്... എങ്ങനെയാണ് ഓരോ ദിവസവും സ്റ്റേജില്‍ കയറും മുമ്പ് സ്ക്രിപ്റ്റില്‍ ഈ പുതുമയും പരീക്ഷണവും നടത്തുന്നത്?

സിനിമയ്ക്കുള്ളിലെ സിനിമ പോലെ, നാടകത്തിനുള്ളിലെ നാടകം എന്നതും ഒരു പഴയ സങ്കൽപം തന്നെയാണ്. എന്നാൽ നിലവിലെ അധിനാടകങ്ങളുടെ വാർപ്പുമാതൃകകളിൽനിന്നും മോചിതമായി, കൂടുതൽ വിശ്വാസയോഗ്യമായി, കാഴ്ചക്കാരനിൽ സംഭ്രമം ജനിപ്പിക്കാനായി എന്നതാണ് മറ്റ് അധിനാടകങ്ങളിൽ നിന്നും ഈ നാടകത്തെ സവിശേഷമാക്കുന്നതായി എനിക്ക് സ്വയം അനുഭവപ്പെട്ടിട്ടുള്ളത്. നാടകം ഏറ്റവും ജൈവികമായ കലയാണ്. സമകാലീനതയാണ് അതിന്റെ ഏറ്റവും വലിയ പ്രത്യേകത. ഇന്ന് നടക്കുന്ന സംഭവത്തിനെതിരെ ഇന്നുതന്നെ പ്രതികരിക്കാൻ, കലാപരമായി കാര്യങ്ങൾ തുറന്ന് കാട്ടാൻ ഇന്നവതരിപ്പിക്കുന്ന നാടകത്തിന് കഴിയും. എന്നാൽ സിനിമയിൽ എഡിറ്റിംഗ് പൂർത്തിയാക്കിക്കഴിഞ്ഞാൽ അത്തരം സാധ്യതകൾക്ക് ഇടമില്ലല്ലോ. 2018 ജൂലൈ മാസം 12 ന് ആദ്യാവതരണം തൈക്കാട് സൂര്യഗണേശം തിയേറ്ററിൽ അവതരിപ്പിച്ചതിൽ നിന്നും ഒരുപാട് കൂട്ടിച്ചേർക്കലുകളും വെട്ടിമാറ്റലുകളും നടത്തിയാണ് 2020 ജനുവരി 25 ന് ഇറ്റ്ഫോക്കിൽ ഈ നാടകം അവതരിപ്പിച്ചത്. ഈ യാത്ര വളരെ രസകരമാണ്.

മനുഷ്യന്റെ യാത്ര മുമ്പോട്ട് പോകുംതോറും അവന്റെ ആശയങ്ങളും ചിന്തകളും നവീകരിക്കപ്പെടുന്നതുപോലെ തന്നെയാണ് ഈ നാടകയാത്രയും. മുന്പോട്ട് സഞ്ചരിക്കുന്തോറും നാടകം നടന്മാരാൽ നവീകരിക്കപ്പെടും, നാടകത്താൽ നടന്മാരും. അപ്പപ്പോഴുള്ള സംഭവങ്ങൾ, പ്രശ്നങ്ങൾ അതിൽ ഉൾച്ചേർക്കപ്പെടും. ഇത് എല്ലാ വർക്ക് ഓഫ് ആർട്ടിലും ഇത്ര അളവിൽ സാധ്യമല്ല. ഓരോരോ റിഹേഴ്സൽ വേളകളിലും കൃത്യമായി നടന്മാരുമായുള്ള ഡിസ്കഷനു സമയം കണ്ടെത്താറുണ്ട്. അവരെ അലട്ടുന്ന ഭയപ്പെടുത്തുന്ന സംഭവങ്ങൾ എല്ലാം തന്നെ കൃത്യമായ ഇടങ്ങളിൽ നാടകത്തിൽ തുന്നിച്ചേർക്കാറുണ്ട്. അതുകൊണ്ട് തന്നെയാണ് ഓരോ അവതരണവും അപ്പോൾ തയ്യാറാക്കിയതായി അനുഭവപ്പെടുന്നതും.

‘‘ഈ കെട്ടകാലത്തിൽ ഈ നാടകം ഈ നാട് മുഴുവൻ കളിക്കണം; അതുകണ്ടുകൊണ്ട് ഒരു മതഭ്രാന്തനെങ്കിലും മനുഷ്യനാകണം..’’

നാടകത്തിന്റെ റിഹേഴ്സല്‍ മുഴുവന്‍ കണ്ട്, നാടകം വേദിയില്‍ അവതരിപ്പിക്കുന്നത് കാണാനിരിക്കുന്ന പ്രേക്ഷകര്‍, അവരെ ഭയപ്പെടുത്തി എഴുന്നേല്‍പ്പിച്ച് ഓടിക്കുന്ന പൊലീസ്... ചിതറിത്തെറിച്ച് ഓടുന്നതിനിടയ്ക്ക് വഴിയില്‍ വെടിയേറ്റ് മരിച്ചു കിടക്കുന്ന നാടകത്തിന്റെ സംവിധായകന്‍.. അങ്ങനെയങ്ങനെ പ്രേക്ഷകര്‍ കൂടി നാടകത്തിന്റെ ഭാഗമാകുകയാണ് അവസാനം.. അതും അവര്‍ പോലുമറിയാതെ.. അത് അവരില്‍ ഒരു കണ്‍ഫ്യൂഷന്‍ ഉണ്ടാക്കുന്നുണ്ട് താനും.. ഈ കണ്‍ഫ്യൂഷനെ മറികടക്കാന്‍ സാധിച്ചത് എങ്ങനെയാണ്?

ജീവിതത്തെ ഏറ്റവും രസകരമാക്കുന്നത് അതിന്റെ അനിർവചനീയതയാണ്. അതുപോലെ പ്രധാനമാണ് നാടകത്തിന്റെ രസശാസ്ത്രം ഒളിച്ചിരിക്കുന്നത് ഈ അനിർവ്വചനീയതയിൽ ആണ് എന്നുള്ളത്. സംവിധായകൻ എന്തെല്ലാം ചെയ്താലും അവസാനം കാഴ്ചക്കാരനിൽ നാടകം എത്തുന്നത് നടനിലൂടെയാണ്. നടന് സംവിധായകൻ പറഞ്ഞതും പറയാത്തതും കാണിയുടെ മനസ്സ് മനസിലാക്കി യുക്തി പോലെ അരങ്ങിൽ ചെയ്യാവുന്നതാണ്. കാഴ്ചക്കാരനെയറിഞ്ഞ് അഭിനയിക്കുമ്പോഴേ നാടകാഭിനയം ജീവിതത്തിന്റെ നേർക്കാഴ്ചയാണെന്ന് തോന്നുകയുള്ളു.

ഈ അനിർവ്വചനീയതയുടെ മറ്റൊരു സാധ്യതയാണ് ഈ നാടകത്തിൽ അവസാനം പരീക്ഷിച്ചിട്ടുള്ളത്‌. ടിക്കറ്റെടുത്ത് നാടകം കാണുന്ന പ്രേക്ഷകനെ നാടകമില്ല എന്ന പേരിൽ അധികാരത്തിന്റെ ചിഹ്നമുപയോഗിച്ച് മുറിപ്പെടുത്തുമ്പോഴേ അവനിലെ ഈഗോ ഉണരുകയുള്ളു. എ.സിയുടെ സുഖശീതളിമയിൽ സുഖകരമായി രണ്ടുമണിക്കൂർ ഇരുന്ന് ആലസ്യത്തിൽ പോകുന്ന പ്രേക്ഷകരെയല്ല നാടകത്തിലൂടെ സൃഷ്ടിക്കേണ്ടത്. 1990കൾക്ക് ശേഷമുള്ള ആഗോളവത്കരണം നാടകത്തെയും ബാധിച്ചത് അങ്ങനെയാണ്. ആശയങ്ങൾ ബിംബങ്ങളായി നൽകി, മായിക ലോകത്തിൽ കാണിയെ ഭ്രമിപ്പിച്ച് അവന്റെ ചിന്തകളുടെ സാധ്യതയെ പരമാവധി നമ്മൾ കെടുത്തി. അത്തരം കെട്ടുകാഴ്ചകളിൽ നിന്നും ചിന്തകളുടെ നേർക്കാഴ്ചകൾ അവന്റെ മനസ്സിൽ സൃഷ്ടിക്കുന്നതിനോടൊപ്പം, അവന്റെ ഈഗോയെ ഉണർത്തി പ്രതികരിക്കാൻ പ്രാപ്തനാക്കേണ്ടതുണ്ട്.

നാടകമില്ല എന്ന് പറഞ്ഞു അധികാരത്തിന്റെ ചിഹ്നങ്ങൾ കൊണ്ട് പ്രേക്ഷകനെ പുറത്താക്കുമ്പോൾ അലസമായി പുറത്തിറങ്ങുന്ന പ്രേക്ഷകൻ, മരണം കാണാൻ ബാധ്യസ്ഥനാണ്. അങ്ങനെ നിത്യവും മരണങ്ങൾ പത്രങ്ങളിൽ കണ്ടുകണ്ട് നമ്മൾ അലസരായിപ്പോയി. പൻസാരെയോ, ധബോൽക്കാറോ വെടിയേറ്റ് കിടക്കുന്നതും മധുവിനെ അട്ടപ്പാടിയില്‍ കെട്ടിയിട്ട് കൊലപ്പെടുത്തുന്നതും അലനും താഹയും അകാരണമായി അറസ്റ്റ് ചെയ്യപ്പെടുന്നതുമെല്ലാം നമുക്ക് അലസ വായനയ്ക്കുള്ള വാർത്തകളായി തീർന്നതെങ്ങനെയാണ്? പ്രേക്ഷകർ ആരും പുറത്തിറങ്ങാൻ കൂട്ടാക്കിയില്ലെങ്കിൽ എന്താണ് ചെയ്യേണ്ടത് എന്ന് നടന്മാരോട് ഒന്നുംതന്നെ ഞാൻ പറഞ്ഞിട്ടില്ല. നാടകത്തിലെ ഈ ഭാഗം വളരെ രസകരമാണ്. മുപ്പത്തഞ്ചോളം അവതരണങ്ങൾ ഈ നാടകത്തിനായെങ്കിലും അവസാനത്തെ ഈഅത്യാകാംക്ഷ ഓരോരോ വേദികളിലും പ്രേക്ഷകർക്കൊപ്പം അഭിനേതാക്കളെയും നവീകരിച്ചു നിർത്താൻ സഹായിക്കുന്നുണ്ട്.

‘‘ഈ കെട്ടകാലത്തിൽ ഈ നാടകം ഈ നാട് മുഴുവൻ കളിക്കണം; അതുകണ്ടുകൊണ്ട് ഒരു മതഭ്രാന്തനെങ്കിലും മനുഷ്യനാകണം..’’

ഒരു കഥ, ആ കഥ നാടകമാക്കി അരങ്ങിലെത്തിക്കാന്‍ ശ്രമിക്കുന്ന ഒരു കൂട്ടം കലാകാരന്മാര്‍- അത് കെ. ആര്‍ മീരയെന്ന എഴുത്തുകാരിയുടെ ഒരു കഥയാകാമെന്നും ആ കഥ ഭഗവാന്റെ മരണമാകാമെന്നും തീരുമാനിക്കുന്നത് എങ്ങനെയാണ്?

കേരള സർവകലാശാലയിൽ, ഡോ. വയല വാസുദേവൻ പിള്ള ആരംഭിച്ച് ഡോ.രാജാവാര്യർ നേതൃത്വം നൽകുന്ന സെന്റർ ഫോർ പെർഫോമിംഗ് ആന്റ് വിശ്വൽ ആർട്സ് വിഭാഗത്തിന്റെ അലുംനി അസോസിയേഷനായി‘ കനൽ സാംസ്കാരിക വേദി’ 2008 ലാണ് രൂപം കൊള്ളുന്നത്. കഴിഞ്ഞ പന്ത്രണ്ടുവർഷങ്ങൾക്കിടയിലായി പതിനാല് നാടകങ്ങൾ കനൽ സാംസ്‌കാരിക വേദി തയ്യാറാക്കി അവതരിപ്പിച്ചിട്ടുണ്ട്. കനൽ സാംസ്കാരിക വേദി അവസാനം സംഘടിപ്പിച്ച തിയേറ്റർ ക്യാമ്പിൽ കനൽ അംഗങ്ങൾ അല്ലാതെ പതിനഞ്ചോളം ചെറുപ്പക്കാർ നാടകാഭിനയ ആഗ്രഹവുമായി എത്തിച്ചേർന്നിരുന്നു. കെ.ആർ മീരയുടെ ചെറുകഥയായ 'ഭഗവാന്റെ മരണം', ആദ്യം വായിച്ചപ്പോൾ ഇഷ്ടപ്പെട്ടെങ്കിലും ഇത്രയും നടന്മാർക്കുള്ള സാധ്യത ആ ചെറുകഥയിൽ ഇല്ലാത്തതിനാൽ മാറ്റിവെയ്ക്കുകയാണ് ചെയ്തത്. എന്നാല്‍ നാടക സമിതിയെക്കുറിച്ചുള്ള ഒരു നാടകം ദീർഘനാളായി മനസ്സിൽ ഉണ്ടായിരുന്നുതാനും.

വളരെ വേഗത്തിൽ ചലിച്ചു കൊണ്ടിരിക്കുന്ന നഗരത്തിൽ നിത്യവൃത്തിക്കുള്ള തൊഴിൽ ചെയ്തിട്ട് ക്ഷീണം വകവയ്ക്കാതെ അരങ്ങിൽ പരിശീലനത്തിനായി വൈകുന്നേരങ്ങളിൽ എത്തിച്ചേരുന്ന നടന്മാർ, ഇവർ എന്താണ് ആഗ്രഹിക്കുന്നത്? നാടകം ഇവർക്ക് അങ്ങനെ എന്താണ് നൽകുന്നത്? ഇവരെന്താണ് നാടകത്തിന് നൽകുന്നത്? വളരെ വലിയൊരു ശതമാനം ആൾക്കാരും കൗതുകങ്ങൾക്കും ആധുനികതയ്ക്കും പുറകെ ഓടുമ്പോൾ ഇവരെ മാത്രം അരങ്ങ് ആകർഷിക്കുന്നത് എങ്ങനെയാണ്? എല്ലാ നഗരങ്ങളിലും നിറങ്ങളില്ലാത്ത തെരുവുകളിൽ, തട്ടിൻപുറങ്ങളിൽ, മൈതാനത്തിന്റെ ഒഴിഞ്ഞ കോണിൽ ഇവർ പലതരം കഥാപാത്രങ്ങളായി റിഹേഴ്സൽ ചെയ്യുമ്പോൾ നടക്കാൻ സാധ്യതയുള്ള സംഭവങ്ങൾ... അങ്ങനെ കുറെ കൗതുകമുണർത്തുന്ന ചിന്തകൾ മനസ്സിൽ വന്നു.

വായനയുടെ ഏതോ നിമിഷത്തിൽ കെ.ആർ. മീരയുടെ ഏറ്റവും കൂടുതലായി വായിക്കപ്പെടുകയും പേരുപോലും ദൈവത്തിന്റെ (ഭഗവാൻ) പേരുമായി ബന്ധപ്പെടുത്തി ജനങ്ങളിൽ സംശയം ജനിപ്പിക്കുന്ന കഥ, ഒരു നാടകസമിതി സമകാലീനാവസ്ഥയിൽ നാടകമാക്കുമ്പോൾ നടക്കാൻ സാദ്ധ്യതയുള്ള കാര്യങ്ങൾ രസകരമായി മനസ്സിൽ രൂപം കൊണ്ടു. അങ്ങനെ ഒരു ചിന്തയിൽ നിന്നാണ് ഈ നാടകം രൂപം കൊള്ളുന്നത്. നടന്മാരുമായുള്ള ദീർഘനേരമുള്ള ബ്രെയിൻ സ്റ്റോർമിങ്സെക്‌ഷനിൽ നിന്നുമാണ് ഇതിലെ ഓരോ രംഗങ്ങളും രൂപപ്പെടുത്തി എടുത്തിട്ടുള്ളത്.

‘‘ഈ കെട്ടകാലത്തിൽ ഈ നാടകം ഈ നാട് മുഴുവൻ കളിക്കണം; അതുകണ്ടുകൊണ്ട് ഒരു മതഭ്രാന്തനെങ്കിലും മനുഷ്യനാകണം..’’

ഒരു കലാകാരന്‍ ഒരേ സമയം രണ്ട് കഥാപാത്രമാകുന്നുണ്ട് അരങ്ങില്‍.. പക്ഷേ വളരെ സൂക്ഷ്മമാണ് ഓരോ പാത്രസൃഷ്ടിയും- എങ്ങനെയാണ് ഇത്തരമൊരു സൂക്ഷ്മതയെ സൃഷ്ടിച്ചെടുത്തത്...

ഈ നാടകത്തിലെ ഏറ്റവും രസകരവും വെല്ലുവിളി നിറഞ്ഞതുമായ കാര്യമായിരുന്നു ഓരോ നടന്മാര്‍ക്കും ചെയ്യാന്‍ രണ്ട് റോളുകളുണ്ടായിരുന്നു എന്നത്. നാടകത്തിനകത്തെ അധിനാടകത്തിലെ (കെ.ആർ.മീരയുടെ കഥയിലെ) ഭഗവാനും അമരയും മല്ലപ്പയും കണ്ണമ്മയും കാവേരിയും ശിഷ്യരും ആകുന്നതോടൊപ്പം തന്നെ റിഹേഴ്സൽ ക്യാമ്പിലെ വ്യത്യസ്ത രാഷ്ട്രീയ ചിന്തകളുള്ള നടന്മാരും ആയി അഭിനയിക്കേണ്ടി വരുന്നു. എന്നാൽ ഈ രണ്ട് കഥാപാത്രങ്ങളും അവരുടെ യഥാർത്ഥ സ്വത്വവുമായി യാതൊരു ബന്ധവുമില്ലാത്തവയുമാണ്.

വ്യത്യസ്തമായ വളരെയധികം ഹോംവർക്കുകളിലൂടെയും തിയേറ്റർ പരിശീലനമുറകളിലൂടെയും കടന്നുപോയശേഷമാണ് ഇതിലെ കഥാപാത്രങ്ങളുടെ സ്വഭാവം നിർണയിക്കപ്പെട്ടിട്ടുള്ളത്. നാടകസമിതിയിലെ നടന്മാരുടെ സ്വഭാവം എന്നത് ആ കഥാപാത്രം അഭിനയിക്കുന്ന ആളിന്റെ യഥാർത്ഥ പേരിലും സ്വഭാവത്തിലും ഏകദേശം70 ശതമാനത്തോളം സാമ്യത പുലർത്തുന്നുണ്ട്. ഓരോരുത്തർക്കും നാടകം എന്താണെന്നും നാടകത്തിൽനിന്നും അവർ എന്താണ് നേടാൻ ആഗ്രഹിക്കുന്നതെന്നും തുടങ്ങി അവരുടെ നാടകവുമായി ബന്ധപ്പെട്ട പ്രതീക്ഷകളിലാണ്, നാടകസമിതിയിലെ നടന്റെ സ്വഭാവങ്ങൾ കണ്ടെടുക്കപ്പെട്ടത്. പിന്നെ നാടകത്തിനും അധിനാടകത്തിനും രണ്ടുതരം അഭിനയശൈലി നടന്മാരിൽ നിന്നുതന്നെ വികസിപ്പിച്ചു. കെ.ആർ.മീരയുടെ കഥയിലെ ഭാഗങ്ങൾ മാത്രമായി ആദ്യം റിഹേഴ്സൽ ചെയ്ത് ഉറപ്പിക്കുകയും ആ കഥാപാത്രങ്ങളായി റിഹേഴ്സൽ ക്യാമ്പിൽ അവർ പെരുമാറുന്നതുമായി ബന്ധപ്പെടുത്തിതന്നെ അടുത്ത കഥാപാത്രത്തിന് അവരിൽനിന്നും രൂപം നൽകി എടുക്കുകയുമാണ് ചെയ്തിട്ടുള്ളത്.

ജാതിക്കും മതത്തിനും ഉപരിയായി മനുഷ്യർ പരസ്പരം സ്നേഹിക്കണമെന്ന് ആഗ്രഹിക്കുന്ന തികഞ്ഞ ഗാന്ധിയനായി ഭഗവാൻ എന്ന കഥാപാത്രത്തെ അരങ്ങിൽ അഭിനയിക്കാൻ വിധിക്കപ്പെടുന്നതോ സങ്കുചിത ചിന്താഗതിക്കാരനായ സ്വന്തം മതം ശരിയെന്ന് കരുതുന്ന അരുൺ നായരെന്ന നടനാണ്. മല്ലപ്പയായി തീവ്രവിപ്ലവകാരിയായി ഭഗവാനെ കൊല്ലണമെന്ന് പറഞ്ഞ് തലമുറകളെ വഴിതെറ്റിക്കുന്ന മല്ലപ്പയായി അഭിനയിക്കാൻ വിധിക്കപ്പെടുന്നത് സമിതിയിലെ ഏറ്റവും ഭീരുവായ കുട്ടപ്പനിലാണ്. മീരയുടെ കഥയിലെ അമരയെന്ന നായക കഥാപാത്രത്തെ അവതരിപ്പിക്കുന്ന കണ്ണൻ നായരെന്ന അഭിനേതാവിന്റെ ആഗ്രഹം നാടകത്തിലൂടെ സിനിമയിൽ കേറുക എന്നതാണ്. കറുത്ത നായികയായി അഭിനയിക്കാനുള്ള അവസരം ലഭിക്കുന്ന വെളുത്ത് സുന്ദരിയായ രേണുസൗന്ദറിന്റെ ആഗ്രഹം സിനിമയാണ്. എന്നാൽ അതേ സമിതിയിലെ കറുത്തവളായ രേഷ്മ നടന്മാർക്ക് ചായ കൊടുക്കുക, അരങ്ങ് വൃത്തിയാക്കുക തുടങ്ങിയ കർത്തവ്യങ്ങളിലേക്ക് ഒതുക്കപ്പെടുകയാണ് ചെയ്യുന്നത്. നിത്യജീവിതത്തിൽ അനീതിക്കെതിരെ ആഞ്ഞടിക്കുന്ന ഷോർട്ടെംപെഡ് ആയ വിജുവർമയ്ക്ക് ലഭിക്കുന്നത് തന്റെ ജീവിതാശയങ്ങൾക്ക് കടകവിരുദ്ധമായ സത്യത്തെ ഹിംസിക്കുന്ന പോലീസിന്റെ റോളാണ്. നടന്മാരുടെ മനസ്സിൽ സംഭവിക്കുന്ന ഈ കോൺഫ്ലിക്റ്റ് ആണ് ഈ നാടകത്തെ കാണികളിലേക്ക് എളുപ്പത്തിൽ കടത്തിവിടുന്നത്. നാടകത്തിന്റെ മുന്നോട്ടുള്ള പോക്കിൽ നടന്മാർ അവരുടെ ചിന്തകളാൽ നവീകരിക്കപ്പെട്ട് ഏകമനസാകുമ്പോൾ അവർക്ക് നേരിടേണ്ടി വരുന്നത് പുറംലോകത്തിന്റെ സാമൂഹികപ്രശ്നങ്ങളും.

‘‘ഈ കെട്ടകാലത്തിൽ ഈ നാടകം ഈ നാട് മുഴുവൻ കളിക്കണം; അതുകണ്ടുകൊണ്ട് ഒരു മതഭ്രാന്തനെങ്കിലും മനുഷ്യനാകണം..’’

മറ്റ് നാടകങ്ങള്‍, പ്രൊജക്ടുകള്‍..

നിലവിൽ ഈ നാടകമുൾപ്പടെ മൂന്നു നാടകങ്ങളാണ് കനൽ സാംസ്‌കാരിക വേദി അവതരിപ്പിച്ചു വരുന്നത്. ആരോമൽ ടി. യുടെ സംവിധാനത്തിൽ 'കെണി' യും അരുൺ നയരുടെ സംവിധാനത്തിൽ 'ടൈം ബോംബ്'ഉം. ജോർജ് ഓർവെല്ലിന്റെ 'അനിമൽ ഫാമി'ന്റെ സ്വതന്ത്ര നാടകാവിഷ്കാരവും 'ടൈം മെഷീൻ 'സാദ്ധ്യതകൾ മുൻനിർത്തിയുള്ള ഒരു പൊളിറ്റിക്കൽ നാടകത്തിന്റെയും പണിപ്പുരയിലാണ് കനൽ സാംസ്‌കാരിക വേദിപ്രവർത്തകർ. ഉടനെത്തന്നെ ആ നാടകങ്ങളും കേരളത്തിലെ നാടക പ്രേക്ഷകർക്കായി കനൽ തിയേറ്റർ അരങ്ങിലെത്തിക്കും.