LiveTV

Live

Entertainment

ചര്‍ച്ച പരാജയം; ഷെയ്‍ന്‍ ഒരുകോടി നല്‍കണമെന്ന നിര്‍മാതാക്കളുടെ ആവശ്യം താരസംഘടന തള്ളി

നഷ്ടപരിഹാരം ലഭിക്കാതെ സഹകരിക്കില്ലെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍

ചര്‍ച്ച പരാജയം; ഷെയ്‍ന്‍ ഒരുകോടി നല്‍കണമെന്ന നിര്‍മാതാക്കളുടെ ആവശ്യം താരസംഘടന തള്ളി

ഷെയ്‍ന്‍ നിഗം വിഷയത്തില്‍ ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായി അമ്മ ഭാരവാഹികള്‍ നടത്തിയ ഒത്തുതീര്‍പ്പ് ചര്‍ച്ച പരാജയപ്പെട്ടു. മുടങ്ങിയ സിനിമകളുടെ നഷ്ടം ഷെയ്‍ന്‍ നികത്തണമെന്ന ആവശ്യം അംഗീകരിക്കാതെ വന്നതോടെയാണ് ചര്‍ച്ച വഴിമുട്ടിയതെന്ന് നിര്‍മാതാക്കള്‍ പറഞ്ഞു.. ഒരു കോടി രൂപ നഷ്ടപരിഹാരം നല്‍കി ഒത്തുതീര്‍പ്പിനില്ലെന്ന് അമ്മ ഭാരവാഹികളും അറിയിച്ചു.

ഉല്ലാസം സിനിമയുടെ ഡബ്ബിങ് ഷെയ്‍ന്‍ പൂര്‍ത്തിയാക്കി നല്‍കിയതോടെ ആയിരുന്നു നിര്‍മാതാക്കളും അമ്മയും തമ്മിലുള്ള ചര്‍ച്ചക്ക് വഴിതെളിഞ്ഞത്. വെയില്‍, കുര്‍ബാനി എന്നീ സിനിമകളുടെ നഷ്ടപരിഹാരം വേണമെന്ന് നിര്‍മാതാക്കളുടെ യോഗത്തില്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഈ ആവശ്യം അംഗീകരിക്കാന്‍ യോഗത്തില്‍ അമ്മ തയ്യാറായില്ല. അധിക പ്രതിഫലം വാങ്ങാതെ ഉല്ലാസത്തിന്റെ ഡബ്ബിങ് പൂര്‍ത്തിയാക്കിയ സ്ഥിതിക്ക് നഷ്ടപരിഹാരം നല്‍കാനാവില്ലെന്നായിരുന്നു അമ്മയുടെ നിലപാട്. ഷെയിന്‍ വിഷയത്തില്‍ തുടര്‍ ചര്‍ച്ചകള്‍ ഏത് രീതിയില്‍ വേണമെന്ന് അമ്മയുടെ അടുത്ത നിര്‍വാഹക സമിതി യോഗത്തിലാകും ഇനി ആലോചിക്കുക.

ഷെയ്‍ന്‍ ഡബ്ബിങ് പൂര്‍ത്തിയാക്കിയതിന് ശേഷം പ്രശ്‌നങ്ങള്‍ പരിഹരിക്കാമെന്ന് നിര്‍മാതാക്കള്‍ വാക്ക് നല്‍കിയിരുന്നു. അതിനാലാണ് ഉല്ലാസം സിനിമയുടെ ഡബ്ബിങ്ങ് പൂര്‍ത്തിയാക്കാന്‍ ആവശ്യപ്പെട്ടത്. ഷെയ്‍ന്‍ ഡബ്ബ് ചെയ്യുകയും ചെയ്തു. എന്നാല്‍ ഒരു കോടി രൂപ നല്‍കണമെന്നാണ് ഇപ്പോള്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഇതെക്കുറിച്ച് അവര്‍ നേരത്തേ സൂചന പോലും നല്‍കിയിരുന്നില്ലെന്നും അമ്മയുടെ ഭാരവാഹികള്‍ പറഞ്ഞു.