LiveTV

Live

Entertainment

‘മരക്കാര്‍ അറബിക്കടലിന്‍റെ സിംഹം’ ടീസറെത്തി; അഭിനന്ദനവുമായി പൃഥ്വി രാജ്

‘മലയാളത്തിൽ വേൾഡ് ക്ലാസ് വി.എഫ്.എക്‌സ് ഒരുക്കുക എന്നത് ഏറെ ശ്രമകരമായ ജോലിയാണ് എന്നിരിക്കെ ഇത്തരത്തിൽ ഒന്ന് അതിഗംഭീരമായിരിക്കുന്നു’

‘മരക്കാര്‍ അറബിക്കടലിന്‍റെ സിംഹം’ ടീസറെത്തി; അഭിനന്ദനവുമായി പൃഥ്വി രാജ്

മോഹൻലാലിനെ നായകനാക്കി പ്രിയദർശനൊരുക്കുന്ന പുതിയ ബിഗ് ബജറ്റ് ചിത്രം കുഞ്ഞാലി മരയ്ക്കാർ അറബിക്കടലിന്‍റെ സിംഹത്തിനായി കാത്തിരിപ്പിലാണ് പ്രേക്ഷകർ. ബിഗ് ബജറ്റിൽ ഒരുങ്ങുന്ന ചിത്രം ലോകവ്യാപകമായാണ് റിലീസ് ചെയ്യുന്നത്. 5000 ത്തോളം തിയേറ്ററുകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്.

ചിത്രത്തിന്‍റെ ആദ്യ ക്യാരക്ടർ പോസ്റ്റർ അണിയറ പ്രവർത്തകർ കഴിഞ്ഞ ദിവസം പുറത്ത് വിട്ടിരുന്നു. കീർത്തി സുരേഷിന്‍റെ ക്യാരക്ടർ പോസ്റ്ററാണ് പുറത്ത് വിട്ടത്. ആർച്ച എന്ന കഥാപാത്രമായാണ് ചിത്രത്തിൽ കീർത്തി എത്തുന്നത്. ഇപ്പോഴിതാ മരക്കാറിന്‍റെ ആദ്യ ടീസർ പുറത്തു വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. അൽഫോൻസ് പുത്രനാണ് ടീസർ എഡിറ്റ് ചെയ്തിരിക്കുന്നത്.

ടീസര്‍ പുറത്തിറങ്ങിയിതിന് പിന്നാലെ അഭിനന്ദനവുമായി എത്തിയിരിക്കുകയാണ് നടനും സംവിധായകനുമായ പൃഥ്വിരാജ് സുകുമാരന്‍. ഫേസ്ബുക്കിലൂടെയാണ് പൃഥ്വിരാജ് ചിത്രത്തിന് അഭിനന്ദമറിയിച്ചിരിക്കുന്നത്. ‘മലയാളത്തിൽ വേൾഡ് ക്ലാസ് വി.എഫ്.എക്‌സ് ഒരുക്കുക എന്നത് ഏറെ ശ്രമകരമായ ജോലിയാണ് എന്നിരിക്കെ ഇത്തരത്തിൽ ഒന്ന് അതിഗംഭീരമായിരിക്കുന്നു. പ്രിയദർശൻ സാർ അദ്ദേഹത്തിന്‍റെ ഏറ്റവും മികച്ച ഫോമിൽ, ചിത്രത്തിനായി കാത്തിരിക്കുന്നു’; പൃഥ്വിരാജ് കുറിച്ചു.

അഞ്ചു ഭാഷകളിലായി 50ലധികം രാജ്യങ്ങളിൽ റിലീസ് ചെയ്യുന്ന ആദ്യ മലയാള ചിത്രവും കൂടിയാണ് മരക്കാർ. മഞ്ജു വാര്യർ, പ്രഭു, അർജുൻ സർജ, സുനിൽ ഷെട്ടി, പ്രണവ് മോഹൻലാൽ, സിദ്ദിഖ്, കീർത്തി സുരേഷ്, കല്യാണി പ്രിയദർശൻ, മുകേഷ്, നെടുമുടി വേണു, ബാബുരാജ്, അശോക് സെൽവൻ, ബാബുരാജ്, മാമുക്കോയ തുടങ്ങി വലിയ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. ആന്‍റണി പെരുമ്പാവൂരും കോൺഫിഡന്‍റ് ഗ്രൂപ്പും സന്തോഷ് ടി. കുരുവിളയും ചേർന്നാണ് മരക്കാർ നിർമിക്കുന്നത്.