LiveTV

Live

Entertainment

‘ഒരു വില്ലന് വേണ്ടതെല്ലാം എന്റെ മുഖത്തും ശരീരത്തിലും ഉണ്ടായിരുന്നിരിക്കണം, അപ്പോള്‍ സുന്ദരനല്ലെന്ന് സ്വയം ബോധ്യമുണ്ടായിരുന്നു’ മോഹന്‍ലാല്‍ 

ശരീരത്തിന് കൃത്യമായ പ്രൊപ്പോഷനുള്ള ആളൊന്നുമല്ല ഞാന്‍ ഇക്കാര്യത്തില്‍ എനിക്ക് യാതൊരു വിധത്തിലുള്ള ശങ്കയോ ആശങ്കയോ ഉണ്ടായിരുന്നില്ല

‘ഒരു വില്ലന് വേണ്ടതെല്ലാം എന്റെ മുഖത്തും ശരീരത്തിലും ഉണ്ടായിരുന്നിരിക്കണം, അപ്പോള്‍ സുന്ദരനല്ലെന്ന് സ്വയം ബോധ്യമുണ്ടായിരുന്നു’ മോഹന്‍ലാല്‍ 

തിരനോട്ടം എന്ന ചിത്രത്തിലൂടെയാണ് മലയാളികളുടെ പ്രയപ്പെട്ട മോഹന്‍ലാല്‍ സിനിമയിലെത്തിയതെങ്കിലും മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലൂടെയാണ് ജനശ്രദ്ധ നേടുന്നത്. ഫാസില്‍ സംവിധാനം ചെയ്ത് 1980 ല്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ വില്ലനായി അരങ്ങേറ്റം കുറിക്കുമ്പോള്‍ 20 വയസായിരുന്നു ലാലിന് പ്രായം. ശങ്കറായിരുന്നു ചിത്രത്തിലെ നായകന്‍. ഇപ്പോഴിതാ തന്‍റെ സിനിമ ജീവിതത്തിലെ വഴിത്തിരിവുകളെ കുറിച്ച് ഓര്‍ത്തെടുക്കുകയാണ് ലാല്‍.

'മഞ്ഞില്‍ വിരിഞ്ഞ പൂക്കളില്‍' വരുമ്പോള്‍ സിനിമയില്‍ സുന്ദരനായകന്മാരുടെ കാലമായിരുന്നു. അപകര്‍ഷത തോന്നിയിരുന്നോവെന്ന ചോദ്യത്തിന് ഞാനതിന് നായകനായിട്ടല്ലല്ലോ വന്നത്, വില്ലനായിട്ടല്ലേ? ഒരു വില്ലന് വേണ്ടതെല്ലാം എന്റെ മുഖത്തും ശരീരത്തിലും ഉണ്ടായിരുന്നിരിക്കണം. അപ്പോള്‍ സുന്ദരനല്ലെന്ന് സ്വയം ബോധ്യമുണ്ടായിരുന്നു. പൂര്‍ണമായി ബോധ്യമുണ്ടായിരുന്നു. ഇപ്പോഴുമുണ്ടെന്ന് ലാല്‍ പറഞ്ഞു.

ശരീരത്തിന് കൃത്യമായ പ്രൊപ്പോഷനുള്ള ആളൊന്നുമല്ല ഞാന്‍ ഇക്കാര്യത്തില്‍ എനിക്ക് യാതൊരു വിധത്തിലുള്ള ശങ്കയോ ആശങ്കയോ ഉണ്ടായിരുന്നില്ല. കാരണം ആദ്യസിനിമ കഴിഞ്ഞ് അടുത്തസിനിമ, അതുകഴിഞ്ഞ് അടുത്തത്, അത്തരത്തിലുള്ള പദ്ധതികളൊന്നും മനസ്സിലില്ലായിരുന്നു. ഒരിക്കല്‍ ക.പി. ഉമ്മര്‍ എന്നോട് പറഞ്ഞു: എത്ര കാണാന്‍ കൊള്ളാത്തവനും കുറേക്കാലം സിനിമയില്‍ നിന്നാല്‍ നന്നാവും. ഉദാഹരണം ലാല്‍ തന്നെ.അദ്ദേഹം അത് തമാശയായിട്ടാണോ കാര്യമായിട്ടാണോ പറഞ്ഞത് എന്നെനിക്കറിയില്ല. എന്തായാലും ഞാനതിനെ പോസിറ്റീവായിത്തന്നെ സ്വീകരിച്ചുവെന്നും നടന്‍ പറയുന്നു.

പിന്നെ, സിനിമയില്‍ ചെയ്യുന്ന കഥാപാത്രങ്ങളിലൂടെയാണ് നമുക്ക് സൗന്ദര്യം വരുന്നത്. അതിന്റെ ക്രെഡിറ്റ് എഴുത്തുകാരനും സംവിധായകനുമുള്ളതാണ്. ഏറ്റവും മനോഹരമായ ശില്പത്തിനും അല്പം പ്രശ്‌നമുള്ള ശില്പത്തിനും ഒരുപോലെ ഭംഗിതോന്നാവുന്ന സാഹചര്യം വരും. കണ്ടുകണ്ട് ഇഷ്ടപ്പെട്ട് ഇഷ്ടപ്പെട്ട് ആള്‍ക്കാരുടെ മനസ്സില്‍ നല്ലതായി മാറുക. അതിന് ഉദാഹരണമായിരിക്കും ഞാനെന്നും നടന്‍ പറയുന്നു.

ഔട്ടാകും എന്ന അവസ്ഥ നേരിട്ടിട്ടുണ്ടോ എന്ന ചോദ്യത്തിന്അങ്ങനെയൊരു അവസ്ഥയെക്കുറിച്ച് ഞാന്‍ കണ്‍സേണ്‍ഡ് അല്ല. ഇത് അഹങ്കാരംകൊണ്ട് പറയുന്നതല്ല. കാരണം, ഞാന്‍ ഇത്രകാലം മലയാളസിനിമയില്‍ നിന്നോളാം എന്ന് ആര്‍ക്കും വാക്കുകൊടുത്തിട്ടില്ല. ഒരു പാട് സിനിമകള്‍ ചെയ്യാമെന്ന് പ്രതിജ്ഞയെടുത്തിട്ടുമില്ല.

ഞാന്‍ സിനിമയില്‍വന്ന രീതികൊണ്ടായിരിക്കാം ഇങ്ങനെയൊരു മാനസികാവസ്ഥ എനിക്കുണ്ടായത്. എപ്പോഴും എന്നെ സിനിമയോട് ചേര്‍ത്തുനിര്‍ത്തുന്ന ഒരു ശക്തിയുണ്ട്. അത് എന്നെ കാത്തോളും. ഇങ്ങനെ ചെയ്താല്‍ ഇങ്ങനെയാവും എന്ന് കണക്കുകൂട്ടി ജീവിക്കുന്നവര്‍ക്കേ ഇത്തരം പേടിയുണ്ടാവൂ. മോഹന്‍ലാല്‍ പറഞ്ഞു.