LiveTV

Live

Entertainment

‘24 ഡെയ്സ്’: രണ്ട് മര്‍ച്ചന്റ് നേവിക്കാര്‍ സിനിമ പിടിച്ച കഥ

അന്തര്‍ദേശീയ തലത്തില്‍ നിരവധി പുരസ്കാരങ്ങള്‍ വാങ്ങിക്കൂട്ടിയ 24 ഡെയ്സ് നാളെ തിയേറ്ററുകളിലേക്കെത്തുകയാണ്. ഒരു ചെറുപ്പക്കാരന്റെ ജീവിതത്തില്‍ 24 ദിവസം കൊണ്ടുണ്ടാകുന്ന വഴിത്തിരിവുകളാണ് ചിത്രം പറയുന്നത്..

‘24 ഡെയ്സ്’:  രണ്ട് മര്‍ച്ചന്റ് നേവിക്കാര്‍ സിനിമ പിടിച്ച കഥ

അന്തര്‍ദേശീയ തലത്തില്‍ നിരവധി പുരസ്കാരങ്ങള്‍ വാങ്ങിക്കൂട്ടിയ 24 ഡെയ്സ് നാളെ തിയേറ്ററുകളിലേക്കെത്തുകയാണ്. ഒരു ചെറുപ്പക്കാരന്റെ ജീവിതത്തില്‍ 24 ദിവസം കൊണ്ടുണ്ടാകുന്ന വഴിത്തിരിവുകളാണ് ചിത്രം പറയുന്നത്. കൂടെ കന്യാകുമാരി മുതല്‍ ഹിമാലയം വരെയുള്ള യാത്രയും.

പക്ഷേ, കടലും കപ്പലും സിനിമയും ഒരുപോലെ ജീവവായുപോലെ കൊണ്ടുനടന്ന രണ്ട് ചെറുപ്പക്കാരുടെ സ്വപ്നസാഫല്യമാണ് ഈ സിനിമ. സിനിമയുടെ സംവിധായകനും നിര്‍മാതാവും മര്‍ച്ചന്റ് നേവിയില്‍ ഉദ്യോഗസ്ഥരാണ്. കപ്പലില്‍ നിന്ന് ഇറങ്ങുന്ന ഇടവേളകളില്‍ കരയില്‍ വെച്ച് നേരിട്ടും അല്ലാത്തപ്പോള്‍ കടലില്‍വെച്ച് മെയില്‍ വഴിയും പൂര്‍ത്തിയാക്കിയെടുത്ത ഒരു സിനിമാ മോഹത്തിന്റെ കഥ കൂടി പറയാനുണ്ട് 24 ഡെയ്സിന്.

‘24 ഡെയ്സ്’:  രണ്ട് മര്‍ച്ചന്റ് നേവിക്കാര്‍ സിനിമ പിടിച്ച കഥ

ശ്രീകാന്താണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചതും സിനിമയുടെ നിര്‍മാതാവും ആദിത്ത് ആണ്. ഇരുവരും സംസാരിക്കുന്നു..

മര്‍ച്ചന്റ് നേവിയും സിനിമയും തമ്മില്‍ എങ്ങനെയാണ് കൂട്ടിമുട്ടുന്നത്?

സിനിമയിലെത്തിപ്പെടുന്ന എല്ലാവരെയും പോലെ, ഞങ്ങളുടെ മനസ്സിലും കുട്ടിക്കാലം മുതലേ സിനിമയുണ്ടായിരുന്നു. പൂനെയില്‍ സമുദ്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മറൈന്‍ സ്റ്റഡീസില്‍ പഠിക്കുമ്പോള്‍ ഇന്റര്‍ കോളേജ് ഫെസ്റ്റിവലില്‍ മൊബൈലില്‍ ഷൂട്ട് ചെയ്ത ഒരു മൂന്നുമിനിറ്റ് ഷോര്‍ട്ട് ഫിലിം മത്സരത്തിന്റെ ഭാഗമായി പങ്കെടുത്തിരുന്നു. ഇഷ്ടമുള്ള ഒരു സബ്‍ജക്ടില്‍ ഒരു സ്പോട്ട് മൂവി ചെയ്യണം, അതും മൂന്ന് മിനിറ്റിനുള്ളില്‍ എന്നായിരുന്നു മത്സരത്തിന്റെ നിബന്ധന. അന്ന് അത് ചെയ്തത് ഞാനും ശ്രീകാന്തും കൂടിയാണ്. വേറെയും സുഹൃത്തുക്കള്‍ ഉണ്ടായിരുന്നു കൂടെ. ഞങ്ങള്‍ ചെയ്ത വീഡിയോയ്ക്കായിരുന്നു അന്ന് സമ്മാനം ലഭിച്ചത്. ശ്രീകാന്ത് ചില നാടകങ്ങളിലൊക്കെ അഭിനയിച്ചിട്ടുണ്ട് എന്നല്ലാതെ, ഞങ്ങളില്‍ ആര്‍ക്കും കലയുമായി ബന്ധമില്ല.. പിന്നെയും ചെയ്തു, ഒരു ഡോക്യുമെന്ററിയും ഒരു ഷോര്‍ട്ട്ഫിലിമും..

അപ്പോഴേക്കും ജോലി കിട്ടി.. ജീവിതത്തിന്റെ ഭൂരിഭാഗവും കടലിലും കപ്പലിലുമായി. പക്ഷേ, എന്ന് കപ്പലില്‍ നിന്നിറങ്ങുന്നോ, അതിന്റെ തൊട്ടടുത്ത ദിവസം ഞങ്ങള്‍ ഏതെങ്കിലും ടെലിഫിലീം ഷൂട്ടിന് പോയിട്ടുണ്ടാകും. അങ്ങനെ അങ്ങനെ എന്തുകൊണ്ട് നമുക്ക് ഒരു സിനിമ ചെയ്തൂ കൂടാ എന്ന ചിന്തയായി. ലീവിന് വരുന്നത് കഴിയുന്നതും ഒരുമിച്ചാവാന്‍ ശ്രദ്ധിച്ചു. അപ്പഴല്ലേ സിനിമയുടെ ചര്‍ച്ചകള്‍ നടക്കൂ. കപ്പലിലാവുമ്പോള്‍ മെയിലുകളിലൂടെ കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു. സിനിമയെ ഇന്ന് കാണുന്ന രീതിയില്‍ പുറത്തിറക്കാന്‍ ഒരുപാട് പേരുകള്‍ ഞങ്ങളെ സഹായിച്ചിട്ടുണ്ട്.

‘24 ഡെയ്സ്’:  രണ്ട് മര്‍ച്ചന്റ് നേവിക്കാര്‍ സിനിമ പിടിച്ച കഥ

എങ്ങനെയാണ് ഒരേസമയം നടനും നിര്‍മാതാവുമായി ആദിത്ത് വരുന്നത്?

ഒരിക്കല്‍ നാട്ടിലെത്തിയപ്പോള്‍ പ്രൊഡ്യൂസറെ കണ്ടെത്താന്‍ പലവഴിക്കും ശ്രമിച്ചു. ഒന്നും വിജയിച്ചില്ല. ഷോര്‍ട്ട്ഫിലിമുകള്‍ മാത്രം ചെയ്ത, സിനിമയുടെ ഒരു ബാക്ഗ്രൌണ്ടുമില്ലാത്ത രണ്ട് ചെറുപ്പക്കാരുടെ സിനിമ നിര്‍മ്മിക്കാന്‍ ആര് തയ്യാറാവാന്‍.. സിനിമ നടക്കില്ലെന്ന സങ്കടത്തില്‍ ഇരുന്ന ഞങ്ങളെ ആശ്വസിപ്പിച്ചത് ക്യാപ്റ്റനാണ്.. നമ്മളൊക്കെ മര്‍ച്ചന്റെ നേവിക്കാരല്ലേ.. നമ്മളെല്ലാം കൂടി വിചാരിച്ചാല്‍ ഒരു സിനിമ നിര്‍മ്മിക്കാന്‍ പറ്റില്ലേ. എന്തിനാണ് ഇങ്ങനെ വിഷമിക്കുന്നത് എന്നായിരുന്നു അദ്ദേഹത്തിന്റെ. അപ്പോള്‍ തന്നെ അദ്ദേഹം അക്കൌണ്ടിലേക്ക് രണ്ടുലക്ഷം രൂപ അയച്ചുതരുന്നു.

അങ്ങനെ വളരെ അടുപ്പമുള്ള കുറച്ച് ആളുകളോട് പണം ചോദിച്ചു. പലരും അവരെക്കൊണ്ട് കഴിയുന്ന കാശുകള്‍ അയച്ചു തന്നു, 1000 രൂപ തന്നവരും ഉണ്ട്, രണ്ട് ലക്ഷം തന്നവരും ഉണ്ട്.. അങ്ങനെയാണ് സിനിമയുടെ പകുതി ചെലവുകള്‍ കണ്ടെത്തുന്നത്. ബാക്കി പണം ഞങ്ങളുടെ കയ്യില്‍ നിന്നും എടുത്തു. ചിത്രാഞ്ജലിയുടെ പാക്കേജിലാണ് സിനിമ ചെയ്തത്. തിരുവനന്തപുരത്ത് തന്നെയുള്ളതുകൊണ്ട് പ്രൊഡ്യൂസര്‍ എന്ന സ്ഥാനത്ത് അതുകൊണ്ടുതന്നെ ആദിത്ത് എന്ന പേര് വന്നെന്ന് മാത്രം. സ്ക്രിപ്റ്റ് പൂര്‍ത്തിയാക്കാനും മറ്റുമായി ഞാന്‍ കുറച്ചുകാലം ലീവെടുത്തു. സാമ്പത്തിക ഭാഗങ്ങള്‍ ശരിയാക്കാനായി ശ്രീകാന്ത് ജോലിയിലും തുടര്‍ന്നു.

‘24 ഡെയ്സ്’:  രണ്ട് മര്‍ച്ചന്റ് നേവിക്കാര്‍ സിനിമ പിടിച്ച കഥ

ആദ്യം ചെയ്യുന്ന സിനിമ ഒരു കൊമേഴ്ഷ്യല്‍ വിജയമാവണമെന്നാണ് എല്ലാവരും ചിന്തിക്കാറ്. എന്തുകൊണ്ടാണ് ഫെസ്റ്റിവലുകളില്‍ കാണിക്കാന്‍ വേണ്ടി മാത്രമുള്ള സിനിമകളിലേക്ക് തിരിഞ്ഞത്?

അത് സംഭവിച്ചത് മനഃപൂര്‍വ്വമല്ല. സത്യം പറഞ്ഞാല്‍ സിനിമ ചെയ്യുമ്പോള്‍ ആരാവണം ഞങ്ങളുടെ പ്രേക്ഷകര്‍ എന്നത് സംബന്ധിച്ച് ഞങ്ങള്‍ക്ക് കൃത്യമായ ധാരണയുണ്ടായിരുന്നില്ല. ആര്‍ക്കുവേണ്ടിയാണ് ഈ സിനിമ ചെയ്തത് എന്ന് ചോദിച്ചാല്‍, അത് ഞങ്ങള്‍ ഞങ്ങള്‍ക്കുവേണ്ടി ചെയ്ത സിനിമയാണ് എന്നേ തുറന്നു സമ്മതിക്കാന്‍ കഴിയുകയുള്ളൂ. ഞങ്ങള്‍ക്ക് സിനിമ ചെയ്യണം എന്ന ആഗ്രഹത്തിന്റെ പുറത്ത് മാത്രം ചെയ്ത ഒരു സിനിമ. ഒരുപക്ഷേ, അതിന്റേതായ എല്ലാ പ്രശ്നങ്ങളും ഉള്ള സിനിമ.

ചിലിയില്‍ നടന്ന സൌത്ത് ഫിലിം ആന്‍റ് ആര്‍ട്സ് അക്കാദമി ഫെസ്റ്റിവലില്‍ മികച്ച സംവിധായകനും നടനുമുള്‍പ്പെടെ ഒമ്പത് പ്രധാന പുരസ്കാരങ്ങള്‍. സ്വിറ്റ്സര്‍ലന്‍ഡ് അന്താരാഷ്ട്ര ചലച്ചിത്രമേളകളില്‍ മികച്ച വിദേശ ചിത്രത്തിനുള്ള പുരസ്കാരം.. പക്ഷേ,

ഒരുപാട് ഫെസ്റ്റിവലുകളില്‍ പ്രവേശനം കിട്ടി, സമ്മാനം കിട്ടി എന്നതു കൊണ്ട്, ഞങ്ങള്‍ ചെയ്തിരിക്കുന്നത് ഒരു മഹത്തായ സിനിമയാണ് എന്നൊന്നും ഞങ്ങള്‍ വിശ്വസിക്കുന്നില്ല. ഞങ്ങളെ സംബന്ധിച്ച് ഒരു സ്കൂള്‍ ആയിരുന്നു ആ സിനിമ. ഞങ്ങള്‍ക്ക് ഇഷ്ടപ്പെട്ട ഒരു കഥ വന്നു. അപ്പോള്‍, അത് ചെയ്തുവരുമ്പോള്‍, കണ്ടു കഴിഞ്ഞാല്‍ ഞങ്ങള്‍ക്കെങ്കിലും ഇഷ്ടപ്പെടണം.. സത്യത്തില്‍ ഞങ്ങള്‍ തുടങ്ങിയത് മറ്റൊരു കഥയായിരുന്നു. ഇതാണ് ചെയ്ത് പൂര്‍ത്തിയാക്കാന്‍ കുറച്ചുകൂടി സൌകര്യം എന്നതുകൊണ്ടാണ് 24 ഡേ ആദ്യം ചെയ്യാമെന്ന് തീരുമാനിച്ചത്. ഇതുവെച്ച് പഠിച്ച്, കുറച്ചുകൂടി അനുഭവ സമ്പത്തൊക്കെ നേടിയിട്ട് അടുത്ത സിനിമ ചെയ്യാം എന്ന് കരുതി.

‘24 ഡെയ്സ്’:  രണ്ട് മര്‍ച്ചന്റ് നേവിക്കാര്‍ സിനിമ പിടിച്ച കഥ

എന്തുകൊണ്ടാണ് ആദ്യം തിരുവനന്തപുരത്ത് മാത്രം മതി റിലീസ് എന്ന് തീരുമാനിക്കുന്നത്?

പരസ്യങ്ങളോ പ്രമോഷനുകളോ ഇല്ലാതെയാണ് സിനിമ വരുന്നത്. അതുകൊണ്ടുതന്നെ സിനിമ ആളുകളിലെത്തിക്കുക എന്നത് വലിയൊരു ഉത്തരവാദിത്വമാണ്.. ആദ്യം തിരുവനന്തപുരത്തെ ആളുകളെ സിനിമയെ കുറിച്ച് അറിയിച്ച് അവരെ തീയേറ്ററിലേക്ക് എത്തിക്കാം. അതിന് ശേഷം മറ്റിടങ്ങളില്‍ ഘട്ടം ഘട്ടമായി റിലീസ് ചെയ്യാം എന്നാണ് ഞങ്ങള്‍ തീരുമാനിച്ചിരിക്കുന്നത്. പരിചയമുള്ള ഓരോരുത്തരെയും ക്ഷണിച്ച്, അവരെ തീയേറ്ററിലേക്ക് കൊണ്ടുവരണമെങ്കില്‍ അതാതിടങ്ങളില്‍ ഞങ്ങളുടെ സാന്നിധ്യം ഉണ്ടായിരിക്കണം. അതുകൊണ്ടാണ് ആദ്യ ആഴ്ച തിരുവനന്തപുരത്ത്, തുടര്‍ന്നുള്ള ആഴ്ചകളില്‍ മറ്റ് സ്ഥലങ്ങളിലായി എന്ന് തീരുമാനിച്ചത്.