LiveTV

Live

Entertainment

‘കുമ്പളങ്ങി നൈറ്റ്സ് എന്നെ സംവിധായികയാക്കി’: ജാസ്മിന്‍ മെറ്റിവിയര്‍

കുമ്പളങ്ങി ടീം പ്രത്യേകിച്ച് സംവിധായകന്‍ സിനിമക്കായി എത്ര കഠിനമായി അധ്വാനിച്ചിട്ടുണ്ടെന്ന് ഞാന്‍ കണ്ടതാണ്. അദ്ദേഹത്തിന്‍റെ ഊര്‍ജ്ജമാണ് എന്നെ സംവിധായികയാവാന്‍ പ്രേരിപ്പിച്ചത്”- ജാസ്മിന്‍

‘കുമ്പളങ്ങി നൈറ്റ്സ് എന്നെ സംവിധായികയാക്കി’: ജാസ്മിന്‍ മെറ്റിവിയര്‍

കഴിഞ്ഞ വര്‍ഷം ഏറെ ശ്രദ്ധിക്കപ്പെട്ട മലയാള സിനിമകളില്‍ ഒന്നാണ് കുമ്പളങ്ങി നൈറ്റ്സ്. അതില്‍ നൈല എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് ജാസ്മിന്‍ മെറ്റിവിയര്‍ എന്ന വിദേശ നടിയാണ്. ആ ജാസ്മിന്‍ സംവിധായികയായാകാന്‍ പോവുകയാണ്.

"കേരളത്തിലെ ജനങ്ങളുമായുള്ള സമ്പര്‍ക്കം വിസ്മയകരമായ അനുഭവമായിരുന്നു. കുമ്പളങ്ങി ടീം, പ്രത്യേകിച്ച് സംവിധായകന്‍ മധു സി നാരായണന്‍ സിനിമക്കായി എത്ര കഠിനമായി അധ്വാനിച്ചിട്ടുണ്ടെന്ന് ഞാന്‍ കണ്ടതാണ്. അദ്ദേഹത്തിന്‍റെ ഊര്‍ജ്ജമാണ് എന്നെ സംവിധായികയാവാന്‍ പ്രേരിപ്പിച്ചത്", എന്നാണ് ജാസ്മിന്‍ പറഞ്ഞത്.

തന്റെ സിനിമ സ്ത്രീകള്‍ക്കുള്ള സന്ദേശം കൂടിയായിരിക്കുമെന്നും ജാസ്മിന്‍ പറഞ്ഞു. ഈ സിനിമയിലൂടെ സ്ത്രീകള്‍ അവരുടെ സ്വപ്‌നങ്ങളിലേക്കും അഭിലാഷങ്ങളിലേക്കും എങ്ങനെ എത്തിച്ചേരുന്നുവെന്ന് പറയാനാണ് ആഗ്രഹിക്കുന്നത്. സ്വന്തം കഥകള്‍ സിനിമയിലൂടെ കേള്‍പ്പിക്കാനാണ് ശ്രമമെന്നും ജാസ്മിന്‍ പറഞ്ഞു.

സിനിമയുടെ പേര് ജാസ്മിന്‍ പുറത്തുവിട്ടിട്ടില്ല. ലിയോഡ് ബാലണ്‍ മലക്വിസ് ആണ് സിനിമയ്ക്ക് തിരക്കഥ എഴുതുന്നത്. ലിയനാര്‍ഡോ സ്‌കൂബർ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രം ഇംഗ്ലീഷ്, ക്രയോള്‍ ഭാഷകളിലാണ് പുറത്തിറങ്ങുക. ന്യൂയോര്‍ക്കിലാണ് ജാസ്മിന്‍ ഇപ്പോള്‍ താമസിക്കുന്നത്.

കുമ്പളങ്ങി നൈറ്റ്‌സിൽ ശ്രീനാഥ് ഭാസിയുടെ നായികാ വേഷമാണ് ജാസ്മിന്‍ ചെയ്തത്. ഫഹദ് ഫാസിൽ, സൗബിൻ ഷാഹിർ, ഷെയിൻ നിഗം, അന്നാ ബെൻ, മാത്യു തോമസ് തുടങ്ങിയവരാണ് അഭിനയിച്ചത്. ശ്യാം പുഷ്കരന്‍റേതായിരുന്നു തിരക്കഥ. വൈകാതെ മലയാളത്തിലേക്ക് തിരിച്ചുവരുമെന്നും ജാസ്മിന്‍ പറഞ്ഞു.