LiveTV

Live

Entertainment

‘ഇതിഹാസ നിര്‍മാതാവില്‍ നിന്നും വരുന്ന അടുത്ത വട്ട്’; മറിയം വന്ന് വിളക്കൂതി ട്രെയിലര്‍ കാണാം

‘ഇതിഹാസ നിര്‍മാതാവില്‍ നിന്നും വരുന്ന അടുത്ത വട്ട്’; മറിയം വന്ന് വിളക്കൂതി ട്രെയിലര്‍ കാണാം

ഇതിഹാസ സിനിമയുടെ പിന്നണിക്കാരില്‍ നിന്നും പുറത്തുവരുന്ന അടുത്ത ചിത്രം 'മറിയം വന്ന് വിളക്കൂതി'യുടെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. ഇതിഹാസ നിര്‍മാതാവില്‍ നിന്നും വരുന്ന അടുത്ത വട്ട് എന്ന ക്യാപ്ഷനോടെയാണ് ചിത്രത്തെ ട്രെയ്‌ലറില്‍ അവതരിപ്പിച്ചിരിക്കുന്നത്. വിത്തൌട്ട് എനി ബ്രില്ല്യന്‍സ് എന്ന കാപ്ഷനോടെയാണ് ട്രെയിലര്‍ പ്രേക്ഷകരിലേക്കത്തുന്നത്.

നടന്‍ നിവിന്‍ പോളി തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ച ട്രെയിലറില്‍ പ്രേമം സിനിമയിലെ ജോര്‍ജിന്റെ കൂട്ടുകാരായി എത്തിയ സിജു വില്‍സണ്‍, കൃഷ്ണ കുമാര്‍, ശബരീഷ് വര്‍മ, അല്‍ത്താഫ് സലീം എന്നിവരാണ് പ്രധാന വേഷത്തിലെത്തുന്നത്. ചിത്രം മുഴുനീള കോമഡി എന്റര്‍ടെയ്‌നര്‍ ആയിരിക്കുമെന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. നവാഗതനായ ജെനിത് കാച്ചപ്പിള്ളി സംവിധാനം ചെയ്യുന്ന ചിത്രം സുഹൃത്തുക്കളായ നാല് യുവാക്കളുടെ കഥയാണ് പറയുന്നത്. ഒറ്റരാത്രിയിലെ തുടര്‍ച്ചയായ മൂന്നുമണിക്കൂറിലെ സംഭവങ്ങളാണ് ചിത്രത്തിന്റെ പ്രധാന പ്രമേയം.

സേതു ലക്ഷ്മിയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. നടിയുടെ മേക്ക് ഓവര്‍ പോസ്റ്റര്‍ നേരത്തെ ഏറെ ശ്രദ്ധ നേടിയിരുന്നു. സിദ്ധാര്‍ത്ഥ് ശിവ, ബൈജു, ബേസില്‍ ജോസഫ് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. എ.ആര്‍.കെ മീഡിയയുടെ ബാനറില്‍ രാജേഷ് ആഗസ്റ്റിനാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഇതിഹാസയുടെ ക്യാമറാമാന്‍ സിനോജ് പി അയ്യപ്പന്‍ തന്നെയാണ് മറിയം വന്ന് വിളക്കൂതിക്കും ക്യാമറ ചലിപ്പിക്കുന്നത്. അപ്പു ഭട്ടതിരി എഡിറ്റിങ് നിര്‍വഹിച്ചിരിക്കുന്ന ചിത്രത്തിന്റെ സംഗീതം ചെയ്തിരിക്കുന്നത് വാസിം, മുരളി എന്നിവര്‍ ചേര്‍ന്നാണ്. ജനുവരി 21ന് ചിത്രം തിയേറ്ററുകളിലെത്തും.