ജെ.എന്‍.യുവിലെ അതിക്രമം: തെരുവിലിറങ്ങി ബോളിവുഡ് താരങ്ങള്‍
തപ്സി പന്നു, സോയ അക്തര്‍, അനുരാഗ് കശ്യപ്, അനുഭവ് സിന്‍ഹ, റിച്ച ഛദ, അലി ഫസല്‍, രാഹുല്‍ ബോസ്, ദിയ മിര്‍സ, വിശാല്‍ ഭരദ്വാജ്, സൌരഭ് ശുക്ല, സുധിര്‍ മിശ്ര തുടങ്ങിയവര്‍ പങ്കെടുത്തു.

ജെ.എന്‍.യുവിലെ വിദ്യാര്‍ഥികള്‍ ആക്രമിക്കപ്പെട്ട സംഭവത്തില്‍ രൂക്ഷ വിമര്‍ശനവുമായി ബോളിവുഡ് താരങ്ങള്‍. മുംബൈയിലെ ബാദ്രയിലെ പ്രതിഷേധത്തില്‍ തപ്സി പന്നു, സോയ അക്തര്‍, അനുരാഗ് കശ്യപ്, അനുഭവ് സിന്‍ഹ, റിച്ച ഛദ, അലി ഫസല്‍, രാഹുല്‍ ബോസ്, ദിയ മിര്‍സ, വിശാല്‍ ഭരദ്വാജ്, സൌരഭ് ശുക്ല, സുധിര്‍ മിശ്ര തുടങ്ങിയവര്‍ പങ്കെടുത്തു. പ്ലകാര്‍ഡുകള്‍ ഏന്തിയും മുദ്രാവാക്യം വിളിച്ചും പാട്ട് പാടിയുമൊക്കെയായിരുന്നു പ്രതിഷേധം.
നേരത്തെ സോഷ്യല്‍ മീഡിയയിലും താരങ്ങള്‍ അക്രമത്തെ അപലപിച്ചിരുന്നു. വിദ്യാര്‍ഥികള്‍, അധ്യാപകര്‍, സാധാരണ ജനങ്ങള്‍ എല്ലാം ശാരീരികമായി കൈകാര്യം ചെയ്യപ്പെടുമ്പോള്‍ എല്ലാം ശരിയാണ് എന്ന് അഭിനയിക്കുന്നത് നിര്‍ത്തണമെന്ന് ആലിയ ഭട്ട് പ്രതികരിച്ചു. ഇന്ത്യയില്‍ പശുക്കൾക്ക് വിദ്യാർഥികളേക്കാൾ കൂടുതൽ സംരക്ഷണം ലഭിക്കുന്നതായി തോന്നുന്നുവെന്നായിരുന്നു ട്വിങ്കിള്‍ ഖന്നയുടെ വിമര്‍ശനം. ജെ.എന്‍.യുവിലെ വിദ്യാര്‍ത്ഥികള്‍ എത്ര ധീരരാണ്, തനിക്ക് ആലോചിക്കാന്‍ പോലും കഴിയാത്തത്ര നിര്‍ഭയരായാണ് അവര്‍ പെരുമാറുന്നത് എന്നായിരുന്നു സോനം കപൂറിന്റെ പ്രതികരണം.
മോദിയും ഷായും അവരുടെ ബി.ജെ.പിയും എ.ബി.വി.പിയും തീവ്രവാദികളാണെന്ന് പറയുന്നതിൽ തനിക്ക് ലജ്ജയില്ലെന്നാണ് അനുരാഗ് കശ്യപ് പറഞ്ഞത്. ഹിന്ദുത്വ ഭീകരത അങ്ങേയറ്റമെത്തിയെന്ന് മറ്റൊരു ട്വീറ്റിൽ കശ്യപ് കുറിച്ചു. ജെ.എന്‍.യുവില്‍ അക്രമം ഉണ്ടായ രാത്രിയില്‍ എല്ലാവരും എത്രയും പെട്ടെന്ന് അവിടെയെത്തണമെന്ന് കരഞ്ഞുകൊണ്ട് സ്വര ഭാസ്കര്‍ അഭ്യര്‍ഥിക്കുകയുണ്ടായി.
ജെ.എന്‍.യുവിലെത്തിയ സംഘപരിവാര്‍ അക്രമികള്‍ വിദ്യാര്‍ഥികളെ മാത്രമല്ല അധ്യാപകരെയും വെറുതെവിട്ടില്ല. മുഖംമൂടി ധരിച്ചെത്തിയ അന്‍പതോളം പേരാണ് വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും നേരെ അക്രമം അഴിച്ചു വിട്ടത്. അക്രമത്തിൽ വിദ്യാർഥി യൂണിയൻ അധ്യക്ഷ ഐഷി ഘോഷ്, അധ്യാപകരായ സുചരിത സെൻ, അമിത് പരമേശ്വരൻ അടക്കമുള്ളവർക്ക് പരിക്കേറ്റു. സംഭവം നടക്കുമ്പോൾ സുരക്ഷാ ഗാഡുകളും പൊലീസും കാഴ്ചക്കാരായി നിൽക്കുകയായിരുന്നുവെന്ന് പരാതിയുണ്ട്.