കയ്യെത്തും ദൂരത്തില്‍ നായകനാകേണ്ടിയിരുന്നത് പൃഥ്വിരാജ്!
സ്കീന് ടെസ്റ്റിന്റെ സമയത്ത് നീ ലൗ സ്റ്റോറി അല്ല ആക്ഷൻ സിനിമയാണ് ചെയ്യേണ്ടത് എന്ന് പറഞ്ഞു പൃഥ്വിരാജിനെ മടക്കി അയക്കുകയായിരുന്നു ഫാസിൽ

രഞ്ജിത് സംവിധാനം ചെയ്ത നന്ദനം എന്ന ചിത്രത്തിലൂടെയാണ് താരദമ്പതികളായ സുകുമാരന്റെയും മല്ലികയുടെയും മകന് പൃഥ്വിരാജ് സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്. ആദ്യചിത്രം തന്നെ സൂപ്പര്‍ഹിറ്റാവുകയും ചെയ്തു. എന്നാൽ ഇതിനു മുന്‍പ് കയ്യെത്തും ദൂരത്ത് എന്ന ഫാസില്‍ ചിത്രത്തില്‍ നായകനാകേണ്ടിയിരുന്നത് പൃഥ്വിയായിരുന്നു.
സംവിധായകൻ ഫാസിൽ പൃഥ്വിരാജിനെ കൊണ്ട് സ്ക്രീൻ ടെസ്റ്റ് ചെയ്യിച്ച കഥ ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുകയാണ് പൃഥ്വിരാജ്. സ്കീന് ടെസ്റ്റിന്റെ സമയത്ത് നീ ലൗ സ്റ്റോറി അല്ല ആക്ഷൻ സിനിമയാണ് ചെയ്യേണ്ടത് എന്ന് പറഞ്ഞു പൃഥ്വിരാജിനെ മടക്കി അയക്കുകയായിരുന്നു ഫാസിൽ. ഒരു സ്വകാര്യ റേഡിയോക്ക് നല്കിയ അഭിമുഖത്തിലായിരുന്നു പൃഥ്വിയുടെ വെളിപ്പെടുത്തല്‍.
പിന്നീട് ഫാസിലിന്റെ മകൻ ഫഹദ് നായകനായി ഈ ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ചു എന്നതും ശ്രദ്ധേയം. ഇതിൽ ഏറ്റവും രസകരമായ കാര്യം എന്തെന്നാൽ സ്ക്രീൻ ടെസ്റ്റിനായി ഒരു കോ സ്റ്റാറിനെ കൂടി പൃഥ്വിരാജിന് നൽകിയിരുന്നു. പിന്നീട് സൂപ്പർ നായികയായി മാറിയ അസിൻ ആയിരുന്നു ആ കോ സ്റ്റാർ എന്നും പൃഥ്വിരാജ് പറയുന്നു. ബോക്സോഫീസില്‍ അമ്പേ പരാജയപ്പെട്ട ചിത്രമായിരുന്നു കയ്യെത്തും ദൂരത്ത്. ആദ്യ ചിത്രം പരാജയമായിരുന്നെങ്കിലും രണ്ടാം വരവില്‍ ഫദഹ് ഗംഭീര പ്രകടനം കാഴ്ച വയ്ക്കുകയും ചെയ്തു. സംസ്ഥാന അവാര്‍ഡ് ഉള്‍പ്പെടെയുള്ള പുരസ്കാരങ്ങള്‍ സ്വന്തമാക്കുകയും ചെയ്തു.
കോ സ്റ്റാറായി എത്തിയ അസിന്റെ കാര്യമാണെങ്കില്‍ പറയുകയെ വേണ്ട. സത്യന് അന്തിക്കാടിന്റെ നരേന്ദ്രന് മകന് ജയകാന്തന്‍ വകയിലെ നായികമാരിലൊരാളായി അസിന് സിനിമയിലെത്തി. ഈ കഥാപാത്രം വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും തമിഴകം അസിനെ ഏറ്റെടുത്തു. പിന്നീട് ബോളിവുഡില്‍ വരെ അസിന് അഭിനയിക്കുകയും ചെയ്തു.