LiveTV

Live

Entertainment

‘നികുതി വെട്ടിപ്പിന് വ്യാജ രേഖകള്‍ സമര്‍പ്പിച്ചു’; സുരേഷ് ഗോപി പ്രതിയായ വാഹന തട്ടിപ്പ് കേസില്‍ ക്രൈം ബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചു

‘നികുതി വെട്ടിപ്പിന് വ്യാജ രേഖകള്‍ സമര്‍പ്പിച്ചു’; സുരേഷ് ഗോപി പ്രതിയായ വാഹന തട്ടിപ്പ് കേസില്‍ ക്രൈം ബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചു

സുരേഷ് ഗോപി പ്രതിയായ വാഹന തട്ടിപ്പ് കേസില്‍ ക്രൈം ബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചു. ക്രൈം ബ്രൈാഞ്ച് തിരുവനന്തപുരം സി.ജെ.എം കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. നികുതി വെട്ടിപ്പ് നടത്താന്‍ പ്രതിയായ സുരേഷ് ഗോപി വ്യാജ രേഖകള്‍ സമര്‍പ്പിച്ചുവെന്ന് അന്വേഷണ സംഘം പറയുന്നു. ഇതിന് വേണ്ടി വ്യാജ സത്യവാങ്മൂലമുണ്ടാക്കുകയും കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറഞ്ഞത് തെറ്റായ കാര്യങ്ങള്‍ ആണെന്നും അന്വേഷണ സംഘം കണ്ടെത്തി.

പ്രതിക്കെതിരെ കേസിലെ സാക്ഷികള്‍ മൊഴി നല്‍കിയിട്ടുണ്ട്. സുരേഷ് ഗോപി പുതുച്ചേരിയില്‍ താമസിച്ചിരുന്നില്ലെന്നും കുറ്റപത്രത്തില്‍ പറയുന്നു. നികുതി വെട്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതുച്ചേരിയില്‍ വാഹനം രജിസ്റ്റര്‍ ചെയ്തതെന്നും അവിടെ താമസിച്ചിരുന്നുവെന്നതിനുള്ള രേഖയും സുരേഷ് ഗോപി തയ്യാറാക്കുകയായിരുന്നു. രേഖയില്‍ കാണിച്ച വീടിന്റെ ഉടമകള്‍ നല്‍കിയ മൊഴി തെറ്റാണ്. പ്രതിയെ ഇതുവരെ നേരില്‍ കണ്ടിട്ടില്ലെന്ന് സുരേഷ് ഗോപി താസിച്ചുവെന്ന് പറയുന്ന അപ്പാര്‍ട്ട്‌മെന്റിലെ അസോസിയേഷന്‍ ഭാരവാഹി മൊഴി നല്‍കി.

2010 ജനുവരിയിലാണ് സുരേഷ് ഗോപിയുടെ PY 01 BA 999 എന്ന നമ്പറിലുള്ള ഔഡി കാര്‍ പുതുച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്തത്. ഏഴ് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന വകുപ്പുകള്‍ പ്രകാരമാണ് കുറ്റപത്രം. മറ്റൊരു കാറും സമാനമായ രീതിയില്‍ ഉപയോഗിച്ചുവെന്ന് ആരോപണമുണ്ട്. ഈ കേസില്‍ ക്രൈം ബ്രാഞ്ച് സംഘം ഉടന്‍ കുറ്റപത്രം സമര്‍പ്പിക്കും.