LiveTV

Live

Entertainment

‘നട്ടെല്ല് നിവരട്ടെ, ശബ്ദം ഉയരട്ടെ. രണ്ടാം ബാബരി മസ്ജിദ് താങ്ങാന്‍ ഈ രാജ്യത്തിനു ശേഷിയില്ല’; പൗരത്വ ഭേദഗതി നിയമത്തിനെതിരെ വീണ്ടും ലിജോ ജോസ് പെല്ലിശ്ശേരി

‘നട്ടെല്ല് നിവരട്ടെ, ശബ്ദം ഉയരട്ടെ. രണ്ടാം ബാബരി മസ്ജിദ് താങ്ങാന്‍ ഈ രാജ്യത്തിനു ശേഷിയില്ല’; പൗരത്വ ഭേദഗതി നിയമത്തിനെതിരെ വീണ്ടും ലിജോ ജോസ് പെല്ലിശ്ശേരി

പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രതിഷേധങ്ങളെ പിന്തുണച്ച് സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി. ഒരു രണ്ടാം ബാബരി മസ്ജിദ് താങ്ങാന്‍ ഈ രാജ്യത്തിനു ശേഷിയില്ലെന്നായിരുന്നു ലിജോ ഫേസ്ബുക്കില്‍ കുറിച്ചത്. നട്ടെല്ല് നിവര്‍ത്തി അനീതിക്കെതിരെ ശബ്ദമുയരട്ടെയെന്നും ഈ രാജ്യം കുട്ടിച്ചോറാക്കാന്‍ പോവുകയാണെന്നും ലിജോ ജോസ് പെല്ലിശ്ശേരി പറഞ്ഞു.

‘നട്ടെല്ല് നിവരട്ടെ, ശബ്ദം ഉയരട്ടെ, ഇത് അനീതിയാണ്. നാം രാജ്യം ഏല്‍പ്പിച്ചവര്‍ അതു കുട്ടിച്ചോറാക്കാന്‍ പോകുകയാണ്. ഒരു രണ്ടാം ബാബരി മസ്ജിദ് താങ്ങാന്‍ ഈ രാജ്യത്തിനു ശേഷിയില്ല’, എന്നായിരുന്നു ലിജോ ഫേസ്ബുക്കില്‍ എഴുതിയത്. ജാമിഅ മില്ലിയ സര്‍വകലാശാലയിലെ വിദ്യാര്‍ഥികള്‍ക്കു നേരെ പൊലീസ് നടത്തിയ അക്രമത്തിനെതിരെ ലിജോ ജോസ് പെല്ലിശ്ശേരി ഇന്നലെ ഫേസ്ബുക്കില്‍ പ്രതിഷേധിക്കുന്നവരുടെ ചിത്രം പങ്കുവെച്ച് പ്രതിഷേധക്കാര്‍ക്ക് പിന്തുണ അറിയിച്ചിരുന്നു.

പൗരത്വ ഭേദഗതി നിയമത്തെ വിമര്‍ശിച്ച് നിരവധി മലയാള ചലച്ചിത്ര താരങ്ങളാണ് ഇതിനോടകം രംഗത്തുവന്നിരിക്കുന്നത്. സിനിമാ താരങ്ങളായ പാര്‍വ്വതി തിരുവോത്ത്, ഇന്ദ്രജിത്ത് സുകുമാരന്‍, ലിജോ ജോസ് പല്ലിശേരി, പൃഥ്വിരാജ് സുകുമാരന്‍, ഗീതു മോഹന്‍ദാസ്, കുഞ്ചാക്കോ ബോബന്‍, ആഷിഖ് അബു, ടോവിനോ തോമസ്, റിമാ കല്ലിങ്കല്‍, ഷെയിന്‍ നിഗം, ആന്റണി വര്‍ഗീസ്, ഷൈന്‍ ടോം ചാക്കോ, രജീഷ വിജയന്‍, അനൂപ് മേനോന്‍, സുരാജ് വെഞ്ഞാറമൂട്, ബിനീഷ് ബാസ്റ്റിന്‍ തുടങ്ങിയ താരങ്ങളെല്ലാം ഒറ്റക്കെട്ടായി പൊലീസിന്റെ നരനായാട്ടിനെ എതിര്‍ക്കുകയും ജാമിഅ വിദ്യാര്‍ഥികളുടെ സമരത്തെ പിന്തുണക്കുകയും ചെയ്ത് രംഗത്തുവന്നു. ഇന്ദ്രജിത്ത്, കുഞ്ചാക്കോ ബോബന്‍, സണ്ണി വൈന്‍, അമല പോള്‍ എന്നിവര്‍ സമരപോരാളി ആയിശ റെന്നയുടെ പൊലീസിന് നേരെ വിരല്‍ ചൂണ്ടി നില്‍ക്കുന്ന ചിത്രം പങ്കുവെച്ചാണ് ഐക്യദാര്‍ഢ്യം അറിയിച്ചത്. ആ ചൂണ്ടിനില്‍ക്കുന്ന വിരല്‍ മതി ഈ രാജ്യത്തെ മുഴുവന്‍ കുട്ടികളും ഭരണഘടനക്കായി ഒരുമിക്കാന്‍ എന്ന് കുഞ്ചാക്കോ ബോബന്‍ കുറിച്ചു.