അതിജീവനത്തിന്റെ കഥയുമായി ‘സ്റ്റാന്റ് അപ്’ തിയേറ്ററുകളില്‍
പുതിയ ചിത്രം പ്രേക്ഷകരിലേക്കെത്തിക്കാന്‍ തനിക്കൊപ്പം നിന്ന അണിയറപ്രവര്‍ത്തകര്‍ക്കും സുഹൃത്തുക്കള്‍ക്കും നന്ദി പറയുകയാണ് സംവിധായിക

വിധു വിന്‍സന്റ് സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രം ‘സ്റ്റാന്‍ഡ് അപ്’ തിയേറ്ററുകളിലെത്തി. ബലാത്സംഗത്തിനു ശേഷം അതിജീവിക്കാന്‍ ശ്രമിക്കുന്ന ഒരു സ്ത്രി കടന്നു പോകുന്ന വെര്‍ബല്‍ റേപ്, മെഡിക്കല്‍ ചെക്കപ്പ് പോലുള്ള മലയാള സിനിമ അധികം കടന്നുചെല്ലാത്ത മേഖലകളിലൂടെയാണ് ചിത്രത്തിന്റെ കഥ വികസിക്കുന്നത്. മാന്‍ഹോളായിരുന്നു വിധു വിന്‍സന്റ് സംവിധാനം ചെയ്ത ആദ്യചിത്രം. എന്നാല്‍ മാന്‍ഹോള്‍ തിയേറ്ററുകളിലെത്തിയിരുന്നില്ല.
പുതിയ ചിത്രം പ്രേക്ഷകരിലേക്കെത്തിക്കാന്‍ തനിക്കൊപ്പം നിന്ന അണിയറപ്രവര്‍ത്തകര്‍ക്കും സുഹൃത്തുക്കള്‍ക്കും നന്ദി പറയുകയാണ് സംവിധായിക. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് വിധുവിന്‍സന്റ് നന്ദി പ്രകാശനം നടത്തിയത്. ‘മാൻഹോളിൽ നിന്ന് സ്റ്റാൻഡ് അപ്പിലേക്കെത്താൻ കുറേ അധികദൂരം നടക്കേണ്ടിയും വിയർക്കേണ്ടിയും വന്നു. എങ്കിലും ഇപ്പോൾ സന്തോഷത്തേക്കാളേറെ സംതൃപ്തിയുണ്ട്.’ വിധു വിന്‍സന്റ് കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
കുറേ നാളത്തെ ദീർഘമായ ശ്രമങ്ങൾക്ക് ഒടുവിൽ എന്റെ രണ്ടാമത്തെ സിനിമ സ്റ്റാൻഡ് അപ് ഇന്ന് റിലീസിനെത്തുന്നു. മാൻഹോളാണ് ആദ്യ സിനിമയെങ്കിലും അത് തീയേറ്ററിലെത്തിക്കാൻ കഴിഞ്ഞി രുന്നില്ല. മാൻഹോളിൽ നിന്ന് സ്റ്റാൻഡ് അപ്പിലേക്കെത്താൻ കുറേ അധികദൂരം നടക്കേണ്ടിയും വിയർക്കേണ്ടിയും വന്നു. എങ്കിലും ഇപ്പോൾ സന്തോഷത്തേക്കാളേറെ സംതൃപ്തിയുണ്ട്. ഈ പ്രോജക്ട് നിന്നു പോകുമായിരുന്ന പല ഘട്ടങ്ങളിലും തളരരുത് എന്ന മനസ്സിലുറപ്പിച്ച് പറഞ്ഞ് എല്ലാ ശക്തിയും സംഭരിച്ച് മുന്നോട്ട് പോയ ദിവസങ്ങൾ, മാസങ്ങൾ.. താങ്ങായി നിന്ന സുഹൃത്തുക്കൾ.. പ്രതിസന്ധികളുടെ നടുക്കടലിൽ നില്ക്കുമ്പോൾ പടം ചെയ്യാമെന്നേറ്റ ആന്റോ ജോസഫും ബി. ഉണ്ണികൃഷ്ണനും.. പടം റിലീസിനെത്തുന്ന ഈ നിമിഷം വരെ കട്ടക്ക് കൂട്ടുനില്‍ക്കുന്ന സ്റ്റാൻഡ് അപ് ടീമംഗങ്ങൾ.. ഇത് എന്റെ സിനിമയല്ല, നമ്മുടെ എല്ലാവരുടെയും സിനിമയാണ്. നിങ്ങളൊക്കെ ചേർന്നാണ് ഈ സ്വപ്നത്തെ യാഥാർത്ഥ്യമാക്കിയത്. നമുക്കിടയിൽ പല യോജിപ്പുകളും വിയോജിപ്പുകളും ഇണക്കങ്ങളും പിണക്കങ്ങളും ഒക്കെ ഉണ്ടായിട്ടുണ്ടാവും. അതെല്ലാമാണ് സ്റ്റാൻഡ് അപ്പിനെ സ്റ്റാൻഡ് അപ് ആക്കിയത്. ഈ സിനിമയിൽ സേതുലക്ഷ്മിയമ്മ പറഞ്ഞ പോലെ 'സമയമാകുന്നതു വരെ നമ്മള് കാത്തിരിക്കണം. തോറ്റു കൊടുക്കാനല്ല, തിരിച്ചടിക്കാൻ, നല്ല ഉശിരോടെ തിരിച്ചടിക്കാൻ.' അവഗണനകൾക്കും നിരാകരണങ്ങൾക്കും ഒക്കെ ശേഷവും ഞങ്ങള്‍ കാത്തിരുന്നു, ഉശിരുള്ള സ്റ്റാൻഡ് അപ്പിനായി. ഈ നിമിഷം എന്റെയുമൊരു സ്റ്റാൻഡ് അപ് മൊമന്റാണ്.