LiveTV

Live

Entertainment

സ്ത്രീകള്‍ ബലാത്സംഗത്തോട് സഹകരിക്കണമെന്ന് സംവിധായകന്‍; മകന്‍ മാപ്പ് പറയണമെന്ന് അമ്മ 

ബലാത്സംഗം വലിയ കാര്യമല്ലെന്നും എന്നാല്‍ കൊലപാതകം ഒഴിവാക്കേണ്ടതാണെന്നുമാണ് ശ്രാവണ്‍ പറഞ്ഞത്.

സ്ത്രീകള്‍ ബലാത്സംഗത്തോട് സഹകരിക്കണമെന്ന് സംവിധായകന്‍; മകന്‍ മാപ്പ് പറയണമെന്ന് അമ്മ 

സ്ത്രീകള്‍ ബലാത്സംഗം നേരിടാന്‍ എടുക്കേണ്ട മുന്‍കരുതലുകള്‍ എന്ന പേരില്‍ തെലുങ്ക് സംവിധായകന്‍ ഡാനിയല്‍ ശ്രാവണ്‍ ഫേസ് ബുക്കിലിട്ട കുറിപ്പിനെതിരെ വ്യാപക പ്രതിഷേധം. ബലാത്സംഗം വലിയ കാര്യമല്ലെന്നും എന്നാല്‍ കൊലപാതകം ഒഴിവാക്കേണ്ടതാണെന്നുമാണ് ശ്രാവണ്‍ പറഞ്ഞത്. സ്ത്രീകള്‍ കൈവശം കോണ്ടം കരുതണം. ബലാത്സംഗം ചെയ്യുന്നവരുമായി സഹകരിച്ചാല്‍ അക്രമം ഒഴിവാക്കാമെന്നും ശ്രാവണ്‍ നിര്‍ദേശിച്ചു.

മകനെയോര്‍ത്ത് ലജ്ജിക്കുന്നുവെന്ന് ഡാനിയല്‍ ശ്രാവണിന്‍റെ അമ്മ പ്രതികരിച്ചു. മകന്‍റെ പ്രസ്താവന അപലപനീയമാണ്. അവന്‍ സ്ത്രീകളോട് മാപ്പ് പറയണമെന്നും അമ്മ ആവശ്യപ്പെട്ടു. മകന്‍റെ പരാമര്‍ശത്തെ കുറിച്ച് അഭിപ്രായം ആരാഞ്ഞ സ്ത്രീകളോടാണ് ആ അമ്മ അങ്ങനെ പ്രതികരിച്ചത്.

തെലങ്കാനയില്‍ യുവ ഡോക്ടര്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിലായിരുന്നു ശ്രാവണിന്‍റെ വിവാദ ഫേസ് ബുക്ക് പോസ്റ്റ്. പെണ്‍കുട്ടികള്‍ പുരുഷന്‍മാരുടെ ലൈംഗികാഭിലാഷത്തെ വിലക്കാന്‍ പാടില്ല. അവരുമായി സഹകരിക്കണം. മുന്‍കരുതല്‍ എന്ന നിലയില്‍ കോണ്ടം കയ്യില്‍ കരുതണം. അല്ലാതെ 100ലേക്ക് വിളിക്കുകയല്ല വേണ്ടത്. ബലാത്സംഗം ചെയ്യുന്ന ആള്‍ക്ക് നിയമം ഇളവ് നല്‍കിയാല്‍ കൊലപാതകമെന്ന ചിന്ത ഇത്തരക്കാരുടെ മനസില്‍ വരില്ല. എങ്കില്‍ സ്ത്രീകള്‍ക്ക് കൊല്ലപ്പെടാതെ രക്ഷപ്പെടാമെന്നും ഇയാള്‍ ഫേസ് ബുക്ക് കുറിപ്പിലെഴുതി.

പ്രതിഷേധം ശക്തമായതോടെ കുറിപ്പ് ഫേസ്ബുക്കില്‍ നിന്ന് നീക്കം ചെയ്തു. എന്നാല്‍ സാമൂഹിക മാധ്യമങ്ങളില്‍ ഇയാളുടെ പോസ്റ്റിന്റെ സ്‌ക്രീന്‍ഷോട്ട് പ്രചരിക്കുന്നുണ്ട് ഡാനിയേല്‍ ശ്രാവണിനെതിരെ നിയമ നടപടി സ്വീകരിക്കണമെന്ന ആവശ്യവും ശക്തമാണ്.