LiveTV

Live

Entertainment

കുട്ടൂസനും ഡാകിനിയും കുഞ്ഞുങ്ങളായാല്‍; ട്വിസ്റ്റോട് ട്വിസ്റ്റുമായി ബാലരമ ഫോട്ടോസ്റ്റോറി വൈറലാകുന്നു

മായാവിയിലെ ആ കഥാപാത്രങ്ങള്‍ മനുഷ്യരായി നമ്മുടെ മുന്നില്‍ വന്നാലോ.. അങ്ങനെ വന്നിരിക്കുകയാണ് അവര്‍, തിരുവനന്തപുരം നഗരത്തില്‍.. ആദ്യമെത്തിയത് വിക്രമനും മുത്തുവും ലൊട്ടുലൊടുക്കും ഗുലുഗുലുമാലും ആണ്.

കുട്ടൂസനും ഡാകിനിയും കുഞ്ഞുങ്ങളായാല്‍; ട്വിസ്റ്റോട് ട്വിസ്റ്റുമായി ബാലരമ ഫോട്ടോസ്റ്റോറി വൈറലാകുന്നു

മലയാളി ഉള്ള കാലത്തോളം മായാവിയുണ്ട്.. രാജുവും രാധയും കുട്ടൂസനും ഡാകിനിയും ലുട്ടാപ്പിയും പുട്ടാലുവുമുണ്ട്. ലൊട്ടുലൊടുക്കും ഗുലുഗുലുമാലുമുണ്ട്. വിക്രമന്‍റെയും മുത്തുവിന്‍റെയും ഉഡായിപ്പുകളുമുണ്ട്.

മലയാളികളുടെ കുട്ടിക്കാലത്തെ അത്രയേറെ സ്വാധീനിച്ചിട്ടുണ്ട് ബാലരമയിലെ മായാവി എന്ന അമര്‍ചിത്രകഥ. ചിത്രങ്ങളിലൂടെ മാത്രം മലയാളിക്ക് പരിചയമുള്ള ആ കഥാപാത്രങ്ങള്‍ മനുഷ്യരായി നമ്മുടെ മുന്നില്‍ വന്നാലോ.. അങ്ങനെ വന്നിരിക്കുകയാണ് അവര്‍, തിരുവനന്തപുരം നഗരത്തില്‍.. ആദ്യമെത്തിയത് വിക്രമനും മുത്തുവും ലൊട്ടുലൊടുക്കും ഗുലുഗുലുമാലും ആണ്. വിക്രമനെയും മുത്തുവിനെയും വീണ്ടും കുഴിയില്‍ ചാടിക്കാനുള്ള ലൊട്ടുലൊടുക്കിന്‍റെയും ഗുലുഗുലുമാലിന്‍റെയും വിദ്യകളിലാണ് കഥ തുടങ്ങുന്നത്.

കുട്ടൂസനും ഡാകിനിയും കുഞ്ഞുങ്ങളായാല്‍; ട്വിസ്റ്റോട് ട്വിസ്റ്റുമായി ബാലരമ ഫോട്ടോസ്റ്റോറി വൈറലാകുന്നു

എന്നാല്‍ കഥ സിനിമയോ സീരിയലോ വെബ് സീരിസോ ഒന്നുമല്ലെന്ന് മാത്രം... ഫോട്ടോസ്റ്റോറിയാണ്. നേരത്തെ മണിച്ചിത്രത്താഴ് ഫോട്ടോസ്റ്റോറിയാക്കി ശ്രദ്ധ നേടിയ മുരളി കൃഷ്ണന്‍ തന്നെയാണ് മായാവി കഥാപാത്രങ്ങളുടെ ഫോട്ടോസ്റ്റോറിക്കും പിറകില്‍. കഥയില്‍ ഊബര്‍,സ്വിഗ്ഗി ഡെലിവറി ബോയ്സുകളാണ് വിക്രമനും മുത്തുവും. ഇടയ്ക്ക് മായാവി വീണ്ടും കുപ്പിയില്‍ നിന്ന് ചാടിപ്പോയെന്ന വിവരം പറയാന്‍ മുത്തുവിനെ ലുട്ടാപ്പി ഫോണില്‍ വിളിക്കുന്നു. ചില്ലുകുപ്പിക്ക് പകരം അക്വാഫീനയുടെ പ്ലാസ്റ്റിക് ബോട്ടിലില്‍ മായാവിയെ അടച്ചിരുന്നേല്‍ ഈ അവസ്ഥ ഉണ്ടാകുമോയെന്നും, കുട്ടൂസന്‍റെയും ഡാകിനിയുടെയും ഒടുക്കത്തെ പരിസ്ഥിതിബോധമാണ് അതിന് പിന്നിലെന്നും വിക്രമന്‍ കുറ്റപ്പെടുത്തുന്നുണ്ട്. പാന്‍റ് ഇടുന്ന പുട്ടാലുവിനെയും കഥയില്‍ കാണാം.

ഫോട്ടോസ്റ്റോറിയില്‍ അഭിനയിച്ചിരിക്കുന്നവരൊക്കെ സിനിമാ താരങ്ങളാണ്. മായാവിയുടെ നെസ്റ്റാള്‍ജിയയില്‍ ഒരു ഫോട്ടോസ്റ്റോറി ചെയ്യുമ്പോള്‍ എന്തുകൊണ്ട് അതിന്‍റെ തുടക്കം വിക്രമനിലും മുത്തുവിലുമായി എന്ന ചോദ്യത്തിന് മുരളീക‍ൃഷ്ണന് കൃത്യമായ മറുപടിയുണ്ട്. എന്തുകൊണ്ട് കാലങ്ങളായി വില്ലന്‍ ഇമേജില്‍ ജീവിച്ചവര്‍ക്ക് അവരുടെ ഭാഗം ന്യായീകരിക്കാനുള്ള അവസരം നല്‍കിക്കൂടാ. അതുകൊണ്ടാണ് മണിചിത്രത്താഴ് ഫോട്ടോസ്റ്റോറിയില്‍ ശങ്കരന്‍ തമ്പി നായകനായത്.

കെട്ടുകഥകൾ , അവ പേര് സൂചിപ്പിക്കുന്നതു പോലെതന്നെ സത്യവും, മിഥ്യയും സമീകൃതമായി കുഴച്ചു നമ്മുടെ പൂർവ്വികർ അവരുടെ...

Posted by Murali Krishnan on Monday, May 13, 2019

കരിക്ക് വെബ് സീരിസിനു ശേഷം എല്ലാവരും ചിന്തിക്കുന്നത് വെബ് സീരിസുകളെ കുറിച്ചാണ്. അല്ലെങ്കില്‍ ടെലിഫിലിം. എന്തുകൊണ്ട് വ്യത്യസ്തമായി ചിന്തിച്ചുകൂടായെന്ന ചിന്തയാണ് മുരളി കൃഷ്ണനെ ഫോട്ടോസ്റ്റോറിയിലേക്ക് എത്തിക്കുന്നത്. കോസ്റ്റ്യൂമിന് വേണ്ടിയുള്ള ചില്ലറ ചെലവുകള്‍ എന്നല്ലാതെ പ്രൊഡക്ഷന്‍ കോസ്റ്റും വളരെ കുറവ്.

എസ്. ദുര്‍ഗ എന്ന ചിത്രത്തിലെ നായകനായ കണ്ണന്‍ നായരാണ് വിക്രമനായി എത്തിയത്. മുത്തുവായി എത്തിയിരിക്കുന്നത് ആനന്ദ് മന്മഥനാണ്. മണിചിത്രത്താഴ് സീരിസിലെ രാമനാഥനായി വേഷമിട്ടതും ആനന്ദ് മന്മഥനായിരുന്നു. രാഹുല്‍ നായരാണ് പുട്ടാലുവിന്‍റെ വേഷത്തില്‍. മണിചിത്രത്താഴ് ഫോട്ടോസ്റ്റോറിയില്‍ രാഹുലായിരുന്നു ശങ്കരന്‍ തമ്പി. ജിക്കുജി എലഞ്ഞിക്കന്‍ ലൊട്ടുലൊടുക്കായും രവിശങ്കര്‍ ഗുല്‍ഗുല്‍മാലായും എത്തുന്നു. കഥയില്‍ ആദ്യം ഡാകിനിയും കുട്ടൂസനും കുഞ്ഞുങ്ങളായിട്ടാണ് ഫോട്ടോസ്റ്റോറിയില്‍ പ്രത്യക്ഷപ്പെടുന്നത്. അതും ഇരട്ട സഹോദരങ്ങളായി. എടുത്ത് നില്‍ക്കുന്നത് അച്ഛന്‍ ലംബോധരന്‍. പക്ഷേ പിന്നീട് ആ അച്ഛന്‍ താന്‍ എടുത്ത് നില്‍ക്കുന്ന മക്കളെ വിളിക്കുന്നത് രാജു എന്നും രാധേ എന്നും.. അങ്ങനെ കാണുന്നവരെ ആകെ കണ്‍ഫ്യൂഷനിലാക്കിയാണ് ഫോട്ടോസ്റ്റോറി അവസാനിക്കുന്നത്. അല്ലേലും ഫസ്റ്റ് പാർട്ടിൽ തന്നെ ഫുൾ സ്റ്റോറി കിട്ടിയാൽ അതിലെന്ത് സുഖമെന്നും മുരളി കൃഷ്ണന്‍ ചോദിക്കുന്നു.

''വർഷങ്ങളായി മലയാളികളെ കുടുകുടെ ചിരിപ്പിച്ച ബാലരമ കഥാപാത്രങ്ങളായ വിക്രമനും, മുത്തുവും അക്ഷരാർത്ഥത്തിൽ ഇതേത് വർഷമെന്നറിയാതെ ഉഴറുന്ന കഥ ഇവിടെ ആരംഭിക്കുന്നു.

ഒരു അമർ ചിത്രകഥ വായിക്കുന്നതുപോലെ ഓരോ ഫോട്ടോകളും ക്യാപ്‌ഷൻ സഹിതം വായിച്ചു പോകാൻ അപേക്ഷിക്കുന്നു.'' - എന്ന് പറഞ്ഞാണ് മുരളി കൃഷ്ണന്‍ തന്‍റെ ഫെയ്‍സ് ബുക്ക് പേജില്‍ ഫോട്ടോ സ്റ്റോറി ഷെയര്‍ ചെയ്തിട്ടുള്ളത്.

വർഷങ്ങളായി മലയാളികളെ കുടുകുടെ ചിരിപ്പിച്ച ബാലരമ കഥാപാത്രങ്ങളായ വിക്രമനും ,മുത്തുവും അക്ഷരാർത്ഥത്തിൽ ഇതേത് വർഷമെന്നറിയാതെ...

Posted by Murali Krishnan on Tuesday, November 26, 2019