LiveTV

Live

Entertainment

ഷെയ്ന്‍ നിഗം വിഷയത്തില്‍ ഇരുഭാഗത്തും തെറ്റുകളുണ്ട്; ആഷിഖ് അബു

‘’അധികാരസ്ഥാനത്തിരിക്കുന്ന സീനിയർ നിർമാതാക്കളുടെ വാക്കുകൾക്ക് ഷെയ്നെപ്പോലൊരു 22–കാരൻ വില കൽപിക്കാത്തത് ചിലപ്പോൾ അവരെ ചൊടിപ്പിച്ചിട്ടുണ്ടാകാം’

ഷെയ്ന്‍ നിഗം വിഷയത്തില്‍ ഇരുഭാഗത്തും തെറ്റുകളുണ്ട്; ആഷിഖ് അബു

ഷെയ്ന്‍ നിഗവുമായി ബന്ധപ്പെട്ടുണ്ടായ സംഭവവികാസങ്ങളില്‍ ഇരുഭാഗത്തും തെറ്റുകളുണ്ടെന്ന് സംവിധായകന്‍ ആഷിഖ് അബു. ‘’ഇരുഭാഗത്തും അപക്വമായ പെരുമാറ്റങ്ങളുണ്ടായിട്ടുണ്ട്. ഷെയ്നിന്‍റെ ഭാഗത്തു നിന്നും മോശം പെരുമാറ്റമാണ് ഉണ്ടായത്. എന്നാല്‍ അതീവ വൈകാരികമായാണ് നിര്‍മ്മാതാക്കളുടെ സംഘടന ഇതിനോട് പ്രതികരിച്ചത്.ഇതും ഉണ്ടാകാന്‍ പാടില്ലാത്തതായിയിരുന്നുവെന്നും ആഷിഖ് അബു പറഞ്ഞു. സിനിമ പോലൊരു മേഖലയില്‍ ഒരിക്കലും ഉണ്ടാകാന്‍ പാടില്ലാത്ത ഒന്നാണ് സമീപകാലങ്ങളിലായി സംഭവിച്ചുകൊണ്ടിരിക്കുന്നത്. കലാകാരനെ വിലക്കുന്നതും നടന്‍ സിനിമയെ ലാഘത്തോടെ കാണുന്നതും ശരിയായ ഒന്നല്ല.

കരാര്‍ ലംഘനമുണ്ടായാല്‍ വിലക്കുകയല്ല ചെയ്യേണ്ടത്. അംഗീകരിക്കാനാകാത്ത കാര്യമാണത്. പക്ഷെ നിയമപരമായ കാര്യങ്ങളിലേക്ക് കടക്കാം പരിഹരിക്കാവുന്ന പ്രശ്നങ്ങളാണ് ഉണ്ടായിട്ടുള്ളത്. എല്ലാവര്‍ക്കും തുല്ല്യമായ ഉത്തരവാദിത്വമുള്ള മേഖലയാണ് സിനിമ. കരാര്‍ ഒപ്പിടുന്നത് മുതല്‍ നടനുള്‍പ്പടെ മുഴുവന്‍ ആളുകളും സംവിധായകനൊപ്പം നില്‍ക്കേണ്ട സ്ഥലമാണത്. ആഷിഖ് അബു പറഞ്ഞു. മുടങ്ങിപ്പോയ ചിത്രങ്ങള്‍ പൂര്‍ത്തിയാക്കുകയാണ് ഷെയിന്‍ ആദ്യം ചെയ്യേണ്ടത്. നവാഗതരായ സംവിധായകരുടെ സിനിമകളാണത്‌. അത്‌ പരിഗണിക്കണം.

ചില കാര്യങ്ങളിൽ വളരെ അപക്വമായ രീതിയിലുള്ള പ്രതികരണങ്ങൾ ഷെയിനിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടുണ്ട്. അത് തിരുത്തണം എന്നാണ്‌ അഭിപ്രായം. ഒരു വിഷയം ഉണ്ടായപ്പോഴേ സിനിമ ഉപേക്ഷിക്കുകയാണെന്ന് പറഞ്ഞ നിർമാതാക്കളും അതിനെക്കാൾ ലാഘവത്തോടെ ആ സിനിമകളെ കണ്ട നടനും ചെയ്‌തത് തെറ്റാണ്. പ്രശ്നങ്ങൾ പറഞ്ഞു തീർക്കാനാണ് സംഘടനകൾ ശ്രമിക്കേണ്ടത്. അല്ലാതെ ഗുരുതരമാക്കാനല്ല. സിനിമ സെറ്റുകളില്‍ ലഹരി ഉപയോഗമുണ്ടെന്ന് പറയുന്ന നിര്‍മ്മാതാക്കള്‍ക്ക് നേരിട്ട് അത്തരത്തില്‍ എന്തെങ്കിലും അനുഭവം ഉണ്ടായതുകൊണ്ടാകാം അവര്‍ അങ്ങനെ പറയുന്നത്. ഏതായാലും എനിക്ക് അങ്ങനൊരു അനുഭവം ഇതുവരെയുണ്ടായിട്ടില്ല.

ആക്ഷേപം ഉന്നയിച്ച നിർമാതാക്കൾ ഇങ്ങനെ കാരവനുകളിൽ കയറുകയും കാര്യങ്ങൾ നേരിട്ട് കാണുകയും ചെയ്തതു കൊണ്ടാവാം അവർ ഇങ്ങനെയൊക്കെ പറഞ്ഞത്. അവർ പറയുന്നതു പോലെ പൊലീസ് അന്വേഷണം വരട്ടെ. സംഘടന അങ്ങനെ ആവശ്യപ്പെടട്ടെ. ഇവിടുത്തെ നിർമാതാക്കളെക്കുറിച്ച് ഒരു കാലത്ത് എന്തൊക്കെ അപവാദങ്ങൾ ആരൊക്കെ പറഞ്ഞിട്ടുണ്ട്. അതെല്ലാം ശരിയായിരുന്നോ. അതു കൊണ്ട് സിനിമയിൽ മുഴുവൻ ലഹരിയാണെന്നു പറഞ്ഞ് എല്ലാവരെയും അടച്ചാക്ഷേപിക്കുന്നത് ശരിയല്ല. ആഷിഖ് അബു പറഞ്ഞു.

‘അധികാരസ്ഥാനത്തിരിക്കുന്ന സീനിയർ നിർമാതാക്കളുടെ വാക്കുകൾക്ക് ഷെയ്നെപ്പോലൊരു 22–കാരൻ വില കൽപിക്കാത്തത് ചിലപ്പോൾ അവരെ ചൊടിപ്പിച്ചിട്ടുണ്ടാകാം. അതാകണം ഈ പ്രശ്നം ഇത്രയും ഗുരുതരമാകാൻ കാരണവും. പക്ഷേ പ്രശ്നം ഗുരുതരമായാൽ രണ്ടു കൂട്ടർക്കും നഷ്ടമല്ലാതെ എന്തു നേട്ടമാണ് ഉണ്ടാകുക' ആഷിഖ് അബു ചോദിച്ചു.