നിർമാതാക്കളുടെ സംഘടനയുടെ അടിയന്തര യോഗം ഇന്ന്; ഷെയിനിനെതിരെ കടുത്ത നടപടികൾ ഉണ്ടായേക്കും
ഫിലിം പ്രൊഡ്യൂസെഴ്സ് അസോസിയേഷൻ നിർവാഹക സമിതിയാണ് ഇന്ന് കൊച്ചിയിൽ യോഗം ചേരുന്നത്

ഷെയിൻ നിഗം കരാർ ലംഘനം നടത്തിയത് ചർച്ച ചെയ്യാൻ നിർമാതാക്കളുടെ സംഘടനയുടെ അടിയന്തര യോഗം ഇന്ന് ചേരും. ഉച്ച കഴിഞ്ഞാണ് യോഗം നടക്കുക. ഷെയിനിന് എതിരെ ഇന്ന് കടുത്ത നടപടികൾ ഉണ്ടായേക്കും.
ഫിലിം പ്രൊഡ്യൂസെഴ്സ് അസോസിയേഷൻ നിർവാഹക സമിതിയാണ് ഇന്ന് കൊച്ചിയിൽ യോഗം ചേരുന്നത്. കരാർ ലംഘിച്ച് ഗെറ്റപ്പ് ചെയ്ഞ്ച് നടത്തിയതിനു നിർമാതാക്കളുടെ വിലക്ക് നിലനിൽക്കുകയാണ് ഷെയിന്‍ ഇപ്പോൾ. ഇതിനിടെ വീണ്ടും രൂപമാറ്റം വരുത്തിയത് അതീവ ഗൌരവത്തോടെയാണ് സംഘടന കാണുന്നത്. അച്ചടക്ക ലംഘനം നിരന്തരം ആവർത്തിക്കുന്നത് നിസ്സാരമായി കാണാനാകില്ല എന്നാണ് ഭൂരിപക്ഷ നിലപാട്. അതുകൊണ്ട് തന്നെ ഇന്ന് ചേരുന്ന യോഗത്തിൽ ഷെയിനിന് എതിരെ ശക്തമായ അച്ചടക്ക നടപടി ഉണ്ടായേക്കും.
ഉല്ലാസം എന്ന സിനിമയുടെ നിര്‍മാതാവും ഷെയിനിനെതിരെ പരാതി നല്‍കിയിട്ടുണ്ട്. ചിത്രീകരണം പൂർത്തിയാക്കിയിട്ടും ഡബ്ബിങ് ചെയ്ത് നൽകിയില്ല എന്നാണ് പരാതി. ഇക്കാര്യവും യോഗം ചർച്ച ചെയ്യും. വെയിൽ സിനിമ നിർമാതാവുമായി ഉണ്ടായ അഭിപ്രായ വ്യത്യാസം ആണ് പ്രശ്നങ്ങളുടെ തുടക്കം.. വെയില്, കുര്‍ബാനി, ഉല്ലാസം എന്നീ ചിത്രങ്ങള്‍ പൂര്‍ത്തിയാക്കുന്നത് വരെ നിര്‍മാതാക്കളുടെ സംഘടന ഷെയിനിന് വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ്.