LiveTV

Live

Entertainment

സ്ത്രീധന മരണങ്ങളല്ല സ്ത്രീധന കൊലപാതകങ്ങളാണ്; ടൊവീനോ തോമസ്

‘’സ്റ്റൗ പൊട്ടിത്തെറിച്ചും മണ്ണെണ്ണയിൽ കുതിർന്നും, ഒരു മുഴം കയറിന്റെയോ സാരിയുടെയോ തുമ്പിലും ആയി എത്രയോ നിരപരാധികളായ സ്‌ത്രീകളുടെയാണ് ജീവൻ ഹോമിക്കപ്പെട്ടത്’’

സ്ത്രീധന മരണങ്ങളല്ല സ്ത്രീധന കൊലപാതകങ്ങളാണ്; ടൊവീനോ തോമസ്

സ്ത്രീധനത്തിന്‍റെ പേരില്‍ നടക്കുന്ന മരണങ്ങള്‍ കേവലം മരണങ്ങളല്ല മറിച്ച് കൊലപാതകങ്ങളാണെന്ന് നടന്‍ ടൊവീനോ തോമസ്. ടൊവീനോ ഫേസ്ബുക്കില്‍ പങ്കുവെച്ച ഈ വര്‍ഷത്തെ സ്ത്രീധന വിരുദ്ധ ദിനാചരണത്തെ സംബന്ധിക്കുന്ന പേസ്റ്റിലാണ് ഇക്കാര്യം പറഞ്ഞത്. പാലക്കാട് അഹല്യ ഹെല്‍ത്ത് ഹെറിറ്റേജ് ആന്‍ഡ് നോളജ് വില്ലേജിലാണ് സംസ്ഥാനതല സ്ത്രീധന വിരുദ്ധ ദിനാചരണം നടക്കുന്നത്. വിവാഹം കച്ചവടമല്ലെന്നും സ്ത്രീകള്‍ വിലപേശി വിനിമയം ചെയ്യപ്പെടേണ്ട കമോഡിറ്റികള്‍ അല്ലെന്നുമുള്ള വസ്തുതയും ആശയവും ഉയര്‍ത്തിപ്പിടിച്ചുകൊണ്ടാണ് ഈ വര്‍ഷത്തെ സംസ്ഥാനതല സ്ത്രീധന വിരുദ്ധ ദിനാചരണം സംഘടിപ്പിച്ചിരിക്കുന്നത്.

ഫേസ്ബുക്ക് പോസറ്റിന്‍റെ പൂര്‍ണ്ണ രൂപം

പ്രിയമുള്ളവരേ,

ഏതാനും വർഷം മുൻപുവരെ നമ്മുടെ പത്രമാധ്യമങ്ങളിൽ സ്ഥിരമായി വന്നുകൊണ്ടിരുന്ന വാർത്തയാണ് സ്ത്രീധന പീഡനം, യുവതി മരിച്ചു എന്നത്. സ്റ്റൗ പൊട്ടിത്തെറിച്ചും മണ്ണെണ്ണയിൽ കുതിർന്നും, ഒരു മുഴം കയറിന്റെയോ സാരിയുടെയോ തുമ്പിലും ആയി എത്രയോ നിരപരാധികളായ സ്‌ത്രീകളുടെയാണ് ജീവൻ ഹോമിക്കപ്പെട്ടത്? സ്ത്രീധനത്തിന്റെ പേരിൽ മരണപ്പെട്ട സ്ത്രീകൾ എല്ലാവരും നിഷ്ടൂരമായി കൊല്ലപ്പെട്ടവരാണ്. സ്ത്രീധന മരണങ്ങളല്ല സ്ത്രീധനകൊലപാതകങ്ങളാണ് നമ്മുടെ നാട്ടിൽ നടക്കുന്നത്. ഇപ്പോൾ പത്രങ്ങളിൽ അധികം വാർത്തകൾ ഒന്നും കാണാറില്ല. അതിനാൽതന്നെ സ്ത്രീധന സമ്പ്രദായം കുറഞ്ഞു എന്ന് എല്ലാവരെയും പോലെ ഞാനും വിചാരിച്ചിരുന്നു, കുറഞ്ഞപക്ഷം സ്ത്രീധനത്തിന്റെ പേരിലുള്ള കൊലപാതകങ്ങൾ എങ്കിലും. സ്ത്രീധന നിരോധന അവബോധത്തിനായി ഒരു ദിനം തന്നെ വർഷങ്ങളായി ആചരിക്കപ്പെടുന്ന നാട്ടിൽ സ്ത്രീധന സമ്പ്രദായം കുറയേണ്ടതല്ലേ? കുറഞ്ഞപക്ഷം കൊലപാതകങ്ങൾ എങ്കിലും?

ഈ വർഷത്തെ സ്ത്രീധന നിരോധന ദിനാചരണത്തിന്റെ സംഘാടനത്തിന്റെ ഭാഗമായി വനിതാ ശിശുക്ഷേമ വകുപ്പ് ഡയറക്ടർ അനുപമ ടി.വി ഐ.എ.എസ് സംസാരിച്ച സമയത്ത്, അവർ പറഞ്ഞ കാര്യം ഏതൊരു മനുഷ്യന്റെയും ചങ്ക് പൊള്ളിക്കേണ്ടതും, മനസാക്ഷിയെ കുത്തിനോവിക്കേണ്ടതുമാണ്. പ്രബുദ്ധം, പുരോഗമന ചിന്താഗതിയുള്ളത് എന്നൊക്കെ മലയാളികൾ വലിയൊരു വിഭാഗം ഒട്ടൊരഹങ്കാരത്തോടെ വർണ്ണിക്കുന്ന ഈ നാട്ടിൽ കഴിഞ്ഞ പത്ത് വർഷത്തിനുളിൽ ഇരുനൂറ്റിമൂന്ന് സ്ത്രീകൾ, ദാരുണമായി കൊല്ലപ്പെട്ടിരിക്കുന്നു . കഴിഞ്ഞ വർഷം മാത്രം പതിനാറ് നിരപരാധികളായ സ്ത്രീകൾ സ്ത്രീധന സമ്പ്രദായത്തിന്റെ ഇരകളായി ക്രൂരമായി വധിക്കപ്പെട്ടു. ഈ വിവരങ്ങൾ കേരള പോലീസിന്റെ ക്രൈം റെക്കാർഡ്സ് ബ്യൂറോ വെബ്സൈറ്റിൽ ലഭ്യവുമാണ്. സ്ത്രീധനസംബന്ധിയായി ഉണ്ടാകുന്ന കൊലപാതകങ്ങൾക്ക് ഏഴുവർഷം മുതൽ ജീവപര്യന്തം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമായിരിക്കുന്ന നാട്ടിലാണ് ഇത്രമാത്രം കൊലപാതകങ്ങൾ നടന്നിരിക്കുന്നത്.

മാധ്യമങ്ങളിൽ പ്രാദേശിക വാർത്താ പേജിൽ ഒറ്റക്കോളം വാർത്തയ്ക്കപ്പുറം വാർത്താപ്രാധാന്യം നേടുകയോ നമ്മുടെ മുന്നിലേക്ക് വരികയോ ചെയ്യുന്നില്ല ഈ കൊലപാതകങ്ങൾ ഒന്നും. ദേശീയ ശരാശരി പ്രകാരം മണിക്കൂറീൽ ഒരു സ്ത്രീവീതം സ്ത്രീധനത്തിന്റെ പേരിൽ കൊല്ലപ്പെടുന്നുണ്ട്. അവരാരും വെറും സ്ഥിതിവിവരക്കണക്കുകൾക്കപ്പുറം നമ്മുടെ ശ്രദ്ധയിലേക്ക് വരുന്നതുപോലും ഇല്ല.

ഈ വർഷം മുതൽ അടുത്ത അഞ്ചു വർഷത്തിനുള്ളിൽ നമ്മുടെ നാട്ടിൽ നിന്ന് സ്ത്രീധനസമ്പ്രദായത്തെ ഇല്ലാതാക്കാൻ സംസ്ഥാനസർക്കാർ വനിതാ ശിശുവികസന വകുപ്പ് പ്രതിജ്ഞാബദ്ധമായി പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കുകയാണ്. സ്ത്രീധന സമ്പ്രദായത്തെ സാമൂഹ്യമാധ്യമങ്ങളിലൂടെ തുറന്നുകാട്ടാൻ ഇന്റർനാഷണൽ ചളു യൂണിയന്റെ (ICU) സഹകരണത്തോടെ വനിതാ ശിശു വികസന ഡയക്ടറേറ്റ് ട്രോൾ-മീം ക്യാമ്പെയിനും നടത്തിയിരുന്നു. ഓൺലൈൻ സമൂഹം പ്രസ്തുത പ്രചരണം സർവ്വത്മനാ സ്വാഗതം ചെയ്തെന്നും, സ്ത്രീധനത്തിനെതിരെ ചിന്തിക്കുന്ന വലിയൊരു വിഭാഗം യുവജനങ്ങൾ സ്ത്രീധന വിരുദ്ധ സന്ദേശങ്ങൾ ഉക്കൊള്ളുന്ന ട്രോളുകൾ വ്യാപകമായി ഷെയർ ചെയ്തു എന്നുള്ളതും വളരെ അഭിനന്ദനാർഹമായ കാര്യമാണ്. റീച്ച് ഡാറ്റ പ്രകാരം നാല്പത്തിമൂന്ന് ലക്ഷം ആൾക്കാരിലേക്ക് പ്രസ്തുത ക്യാമ്പെയ്ൻ എത്തിച്ചേർന്നിട്ടുണ്ട്.

വിവാഹം കച്ചവടമല്ലെന്നും സ്ത്രീകൾ വിലപേശി വിനിമയം ചെയ്യപ്പെടേണ്ട കമോഡിറ്റികൾ അല്ലെന്നുമുള്ള വസ്തുതയും ആശയവും ഉയർത്തിപ്പിടിച്ചുകൊണ്ട് നവംബർ 26ന് ഈ വർഷത്തെ സംസ്ഥാനതല സ്ത്രീധന വിരുദ്ധ ദിനാചരണം പാലക്കാട് ജില്ലയിലെ കഞ്ചിക്കോട് അഹല്യ ഹെൽത്ത് ഹെറിറ്റേജ് ആൻഡ് നോളജ് വില്ലേജിൽ വച്ച് നടക്കുകയാണ്. സ്ത്രീധനരഹിതമായി വിവാഹം കഴിച്ച ദമ്പതികളുടെ ഒത്തുചേരലും ഇതിന്റെ ഭാഗമായി നടക്കുന്നു. പരിപാടിയിൽ സ്ത്രീധന വിരുദ്ധ മുന്നേറ്റത്തിന്റെ സന്ദേശം ഉൾക്കൊണ്ട് ഞാനും പങ്കെടുക്കുന്നുണ്ട്. സാധിക്കുന്നവർ എല്ലാം അന്നേദിവസം അഹല്യ ക്യാമ്പസിലെ അവാച് ഓഡിറ്റോറിയത്തിൽ എത്തിച്ചേരാൻ ക്ഷണിക്കുന്നു.

സ്നേഹപൂർവ്വം

ടൊവീനോ തോമസ്