LiveTV

Live

Entertainment

‘എന്റെ സിനിമ കാരണമായ  വിഷമത്തില്‍ ക്ഷമ ചോദിക്കുന്നു’, ഈ ഒരൊറ്റ വാക്കു കൊണ്ട് ലാലുവങ്കിൾ എനിക്ക് പ്രിയപ്പെട്ടതാണ്; വിവാദങ്ങളില്‍ ലാല്‍ ജോസിനെ പിന്തുണച്ച് നടി അഞ്ജലി അമീര്‍

‘എന്റെ സിനിമ കാരണമായ  വിഷമത്തില്‍ ക്ഷമ ചോദിക്കുന്നു’, ഈ ഒരൊറ്റ വാക്കു കൊണ്ട് ലാലുവങ്കിൾ എനിക്ക് പ്രിയപ്പെട്ടതാണ്; വിവാദങ്ങളില്‍ ലാല്‍ ജോസിനെ പിന്തുണച്ച് നടി അഞ്ജലി അമീര്‍

ചാന്തപൊട്ട് സിനിമയുമായി ഉയര്‍ന്നുവന്ന വിവാദങ്ങളില്‍ സംവിധായകനെ പിന്തുണച്ച് തെന്നിന്ത്യന്‍ ട്രാന്‍സ്നായിക അഞ്ജലി അമീര്‍. ചാന്ത്പൊട്ടില്‍ ദിലീപ് അഭിനയിച്ച വേഷം ഒരു ട്രാന്‍സ് ജെന്റര്‍ കഥാപാത്രത്തിന്റേതല്ലായിരുന്നു എന്നാണ് ലാല്‍ ജോസ് ദ ക്യൂവിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്. ചാന്ത് പൊട്ട് ട്രാന്‍സ് ജെന്‍ഡര്‍ സമൂഹത്തെ അവഹേളിക്കുന്ന സിനിമയെന്ന വിമര്‍ശനത്തോടാണ് ലാല്‍ ജോസിന്റെ പ്രതികരണം.

‘ചാന്ത് പൊട്ടിന്റെ പേരില്‍ എന്നെ കടിച്ചുകീറാന്‍ വന്നവരൊന്നും അറിയാത്ത കാര്യം ചാന്ത് പൊട്ടിലെ രാധ എന്ന രാധാകൃഷ്ന്‍ പുരുഷനാണ്. അവന്റെ ജെന്‍ഡറിനെക്കുറിച്ച് യാതൊരു സംശയവുമില്ല. അവന്‍ ആ സിനിമയില്‍ ഒരു പെണ്‍കുട്ടിയെ ആണ് പ്രണയിക്കുന്നത്, അവനൊരു കുട്ടി പിറക്കുന്നുണ്ട്. രാധാകൃഷ്ണന് ആകെയുണ്ടായിരുന്നത് പെരുമാറ്റത്തിലെ സ്‌ത്രൈണതയാണ്, അത് വളര്‍ന്ന സാഹചര്യത്തെ മുന്‍നിര്‍ത്തിയാണ്’; ലാല്‍ ജോസ് അഭിമുഖത്തില്‍ പറഞ്ഞു. സിനിമ പുറത്തിറങ്ങി കാലങ്ങള്‍ക്ക് ശേഷം പാര്‍വതി ഒരാളോട് ചാന്ത് പൊട്ടിന്റെ പേരില്‍ തനിക്ക് വേണ്ടി മാപ്പ് പറഞ്ഞത് എന്തിനാണെന്ന് മനസിലായില്ല, അത് ശുദ്ധ ഭോഷ്‌ക് ആണെന്നും ലാല്‍ ജോസ് പറഞ്ഞു. ട്രാന്‍സ് സമൂഹം ചാന്ത്പൊട്ട് സിനിമയ്ക്ക് ശേഷം അടുത്ത സൗഹൃദമാണ് പുലര്‍ത്തിയതെന്നും ലാല്‍ ജോസ് പറയുന്നു.

അഭിമുഖം പുറത്ത് വന്നതിനെ തുടര്‍ന്ന് ട്രാന്‍സ് സമൂഹത്തില്‍ നിന്ന് ലാല്‍ ജോസിന് നേരെ വലിയ വിമര്‍ശനമാണ് ഉയര്‍ന്നത്. ചാന്ത്പൊട്ട് എന്ന സിനിമ കാരണം ഇന്നലെ വരെ അപമാനം നേരിടേണ്ടി വന്നുവെന്നും ഇതിന് വാക്ക് കൊണ്ടെങ്കിലും മാപ്പ് പറയണമെന്ന് ക്വീര്‍ ആക്ടിവിസ്റ്റ് ഉനൈസ് പ്രതികരിച്ചു. ഇതിനോടെല്ലാമുള്ള അഭിപ്രായമെന്ന രൂപത്തിലാണ് ട്രാന്‍സ്നായിക അഞ്ജലി അമീര്‍ തന്റെ പ്രതികരണം ഫേസ്ബുക്ക് പോസ്റ്റില്‍ പങ്കുവെച്ചത്. ചാന്ത്പൊട്ട് എന്ന സിനിമ കാരണം ആദ്യം സംവിധായകന്‍ ലാല്‍ ജോസിനെ കാണാന്‍ ഒരു താത്പര്യവുമില്ലായിരുന്നെന്നും ആ ഒരൊറ്റ സിനിമ കാരണം നേരിട്ട വ്യക്തിഹത്യയും അപമാനവും അത്രത്തോളവുമായിരുന്നു എന്നും അഞ്ജലി അമീര്‍ പറയുന്നു. പക്ഷെ പിന്നീട് അദ്ദേഹം മാപ്പ് പറഞ്ഞത് കാരണം വളരെ പ്രിയപ്പെട്ടവരില്‍ ഒരാളായി മാറിയെന്നും അഞ്ജലി അമീര്‍ കുറിച്ചു.

മമ്മൂട്ടി നായകനായ തമിഴ് ചിത്രം പേരന്‍പില്‍ ശ്രദ്ധേയ പ്രകടനം കാഴ്ച്ചവെച്ച അഞ്ജലി അമീര്‍ സുവര്‍ണപുരുഷന്‍, സൂചിയും നൂലും എന്നീ സിനിമകളിലും ഭാഗമായിട്ടുണ്ട്.

അഞ്ജലി അമീറിന്റെ ഫേസ്ബുക്ക് പോസ്റ്റ്

ഈ ഇടയായ് ലാൽ ജോസ് സാറിന്റെ ഒരു സിനിമയായ ചാന്തുപൊട്ട് എന്ന സിനിമയെ കുറിച്ച് നടന്ന ചർച്ച കാണാനിടയായി. ഞാൻ ആദ്യമായി ലാൽ ജോസ് സാറിനെ കാണുമ്പോൾ അദ്ധേഹത്തിനോട് സംസാരിക്കാൻ പോലും എനിക്ക് താൽപ്പര്യം ഇല്ലായിരുന്നു കാരണം ആ ഒരൊറ്റ സിനിമ എന്നെയും എന്നെപ്പോലെ ഉള്ളവരുടെയും ജീവിതത്തിൽ വരുത്തിവെച്ച ആക്ഷേപവും അപമാനവും വ്യക്തിഹത്യയുമാണ് അത്രത്തോളം " ചാന്തുപൊട്ട് ,രാധ എന്നീ വിളികൾ കൊണ്ട് സംമ്പുഷ്ട്ടമായിരുന്നു എന്റെയും ബാല്യം. അങ്ങനെ എന്റെ പരിഭവങ്ങൾ അദ്ധേഹത്തോട് പങ്കുവെച്ചപ്പോൾ അദ്ധേഹം പറഞ്ഞത് ദിലീപേട്ടൻ അവതരിപ്പിച്ച ആ കാരക്ടർ ഒരു "ട്രാൻസ്ജെൻഡറോ ) "ഗേയോ " അല്ല മറിച്ച് വീട്ടുകാരുടെ ഒരു പെൺകുട്ടി വേണമെന്ന ആഗ്രഹത്തിൽ തങ്ങൾക് ജനിച്ച മകനെ സ്ത്രീയെപ്പോലെ വളർത്തിയതു കൊണ്ടും ഡാൻസ് പടിപ്പിച്ചതു കൊണ്ടുമുള്ള സ്ത്രൈണതയാണെന്നാണ്.... ഇതല്ലാതെ ജെൻഡർ പരമായും sexuality ക്കും ഒരു പ്രശ്നവും ഉള്ള വ്യക്തിയായിരുന്നില്ല .... ഇതു മനസ്സില്ലാക്കാതെ ഞങ്ങളെ പ്പോലെയുള്ളവരെ ഇതും പറഞ്ഞ് ആക്ഷേപിച്ചവരല്ലെ വിഡ്ഡികൾ ... ആദ്യമൊന്നു ഈ സിനിമയിലെ ആക്ഷേപഹാസ്യം എനിക്കാസ്വദിക്കാൻ പറ്റിയില്ലെങ്കിലും എന്തോ ഇപ്പോ ലാൽ ജോസ് സാറിനോട് സംസാരിച്ചു കഴിഞ്ഞപ്പോൾ എനിക്ക് ഈ സിനിമയിഷ്ടമായ് . അദ്ധേഹം അവസാനം എന്നോട് പറഞ്ഞത് എന്റെ സിനിമ കൊണ്ട് വല്ല വിഷമവും ഉണ്ടായിട്ടുണ്ടെങ്കിൽ ഞാൻ ക്ഷമ ചോദിക്കുന്നുവെന്ന് ഈ ഒരൊറ്റ വാക്കു കൊണ്ട് ഇന്ന് ലാലുവങ്കിൾ എനിക്കേറെ പ്രിയപ്പെട്ടവരിൽ ഒരാളാണ്